തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാൽ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ ശ്വസന വ്യായാമങ്ങളെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടർന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നിൽ കണ്ടാണ് പൾമണറി റിഹാബിലിറ്റേഷന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൾമണറി റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങളിൽ ശ്വസന വ്യായാമങ്ങളും അതോടൊപ്പം പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉൾപ്പെടുന്നു. ഗാർഹിക വ്യായാമ ക്രമങ്ങൾ ആശുപത്രി അധിഷ്ഠിത വ്യായാമ മുറകൾ പോലെ ഫലപ്രദമാണ്. വ്യായാമങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്സിജന്റെ നിലയും അറിയുന്നതിനായി പൾസ് ഓക്സിമീറ്റർ ഉപയോഗിക്കാവുന്നതാണ്.

മുൻകരുതലുകൾ

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കിൽ വ്യായാമ മുറകൾ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ് , ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വ്യായാമം നിർത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.

നടത്തം

രോഗ വിമുക്തമാകുന്ന കാലയളവിൽ തന്നെ നടക്കുന്നതിനായി ഒരു ക്രമം പാലിക്കുന്നത് നല്ലതാണ്. ഓരോ രോഗിയുടെയും ശാരീരികാവസ്ഥ അനുസരിച്ച് വേണം നടക്കേണ്ടത്.

ആദ്യ ആഴ്ച: ഓരോ ദിവസവും 5 തവണ 5 മിനിറ്റ് നടക്കുക
രണ്ടാം ആഴ്ച: ഓരോ ദിവസവും 3 തവണ 10 മിനിറ്റ് നടക്കുക
മൂന്നാം ആഴ്ച: ഓരോ ദിവസവും 2 തവണ 15 മിനിറ്റ് നടക്കുക

ശരിയായ രീതികൾ അവലംബിക്കുക

കഴിയുന്നിടത്തോളം നിവർന്ന് ഇരിക്കുക. സാവധാനം അവരവരുടെ സ്ഥലത്തിന് ചുറ്റും നടക്കുക. പതിവായി സ്ഥാനങ്ങൾ മാറ്റുക. ഇതു കൂടാതെ നെഞ്ചിനടിയിൽ ഒരു തലയിണ വെച്ചശേഷം വയറിന്റെ സഹായത്തോടെ ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ വിവിധ അറകൾ തുറന്നു പ്രവർത്തിക്കുന്നതിന് സഹായിക്കും.

ഡയഫ്രം ഉപയോഗിച്ചുള്ള ശ്വസനം

കാൽ മുട്ടിനടിയിൽ ഒരു തലയിണവച്ച് നിവർന്നു കിടക്കുക. ഒരു കൈ നെഞ്ചിന്റെ ഭാഗത്തും ഒരു കൈ വയറിന്റെ മുൻഭാഗത്തായും വയ്ക്കുക. നെഞ്ചും വയറും വികസിക്കുന്ന വിധത്തിൽ മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്ക് എടുക്കുക. തുടർന്ന് സാവധാനം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. വയറിലും നെഞ്ചിലും വെച്ചിരിക്കുന്ന കൈകൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ മുകളിലേക്കും ശ്വാസം പുറത്തേക്ക് വിടുമ്പോൾ അകത്തേക്കും പോകുന്നത് ശ്രദ്ധിക്കുക. ഇത് ഒരു മിനിറ്റ് തുടരുക. തുടർന്ന് 30 സെക്കന്റ് വിശ്രമമെടുക്കുക. തുടക്കത്തിൽ ഒരു തവണ മാത്രം ചെയ്യേണ്ടുന്ന ഈ പരിശീലനം ക്രമേണ എണ്ണം കൂട്ടാവുന്നതാണ്.

ഇൻസെന്റീവ് സ്പൈറോമെട്രി

ഡോക്ടർ നിർദ്ദേശിക്കുന്നവർക്കാണ് ഇൻസെന്റീവ് സ്പൈറോമെട്രി ശ്വസന വ്യായാമം ചെയ്യേണ്ടത്. ഒരു ദിവസം 15 മിനിറ്റ് ഇൻസെന്റീവ് സ്പൈറോമീറ്റർ ഉപയോഗിച്ച് ശ്വസന വ്യായാമം ചെയ്യണം. അതിനായി 5 മിനിറ്റ് വീതമുള്ള 3 സെഷനുകളായി വിഭജിച്ച് ചെയ്യാവുന്നതാണ്.

ഇൻസെന്റീവ് സ്പൈറോമീറ്റർ ഉപയോഗിക്കുന്ന വിധം

കസേരയിൽ അല്ലെങ്കിൽ കിടക്കയുടെ അറ്റത്തായി മുതുക് നിവർന്നിരിക്കുക. സ്പൈറോമീറ്റർ മുഖത്തിനു അഭിമുഖമായി നേരെ പിടിക്കുക. സാധാരണ ഗതിയിൽ ശ്വാസം പുറത്തേക്ക് വിടുക. സ്പൈറോമീറ്ററിന്റെ വലിക്കുന്ന വായ് ഭാഗം വായ്ക്കുള്ളിലാക്കി ചുണ്ടുകൾ ചേർത്ത് മുറുക്കി പിടിക്കുക. സാവധാനത്തിലും ആഴത്തിലും ശ്വാസം വായ് വഴി ഉള്ളിലേക്ക് എടുക്കുക.

നിർദ്ദിഷ്ട മാർക്കിങ്ങിന് മുകളിലേക്ക് ഉയരുന്ന പന്ത് അല്ലെങ്കിൽ പിസ്റ്റൺ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം കുറഞ്ഞത് 5 സെക്കന്റെങ്കിലും ശ്വാസം പിടിച്ചുവക്കുക. സ്പൈറോമീറ്ററിന്റെ വലിക്കുന്ന ഭാഗം വായിൽ നിന്ന് എടുത്ത് മാറ്റുകയും സാവധാനം ഉഛ്വാസ വായു പുറത്തു വിടുകയും ചെയ്യുക. പിസ്റ്റൺ സ്പൈറോ മീറ്ററിന്റെ അടിയിലേക്ക് വീഴാൻ അനുവദിക്കുകയും ചെയ്യുക. വിശ്രമത്തിന് ശേഷം കുറഞ്ഞത് 10 തവണ ആവർത്തിക്കുക. ഓരോ 10 തവണയുള്ള ദീർഘ ശ്വാസത്തിനും ശേഷം ചുമയ്ക്കേണ്ടതാണ്. കഫം വരുന്നെങ്കിൽ തുപ്പിക്കളയണം.