ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ കുറച്ച് യാത്രക്കാരെ മാത്രം കയറ്റി സർവീസ് നടത്തിയാൽ മെട്രോ സർവീസ് ലാഭകരമായി മുന്നോട്ടു പോകില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മാനേജിങ് ഡയറക്ടർ മങ്കു സിങ്. ലോക്ക്ഡൗൺ കാലത്ത് ഡൽഹി മെട്രോയ്ക്ക് 1500 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്. രാജ്യത്തെ ഏറ്റവും ലാഭകരമായ മെട്രോയാണ് ഡൽഹിയിലേത്. ഡൽഹിയിലെ പ്രതിസന്ധി ഇങ്ങനെയാകുമ്പോൾ കൊച്ച അടക്കം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോകും. കൊച്ചി മെട്രോയും സമാന പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നാണ് വിലയിരുത്തൽ.

കോവിഡ് വ്യാപനത്തിന് മുമ്പ് 60 ലക്ഷത്തോളം പേരാണ് ഡൽഹി മെട്രോ തീവണ്ടികളിൽ പ്രതിദിനം സഞ്ചരിച്ചിരുന്നത്. എന്നാൽ നിലവിൽ 12 -15 ലക്ഷം പേരെ മാത്രമെ പ്രതിദിനം ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരണം. ജെയ്ക്കയിൽനിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം ഡിഎംആർസിക്കുണ്ട്. വായ്പാ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് ഡിഎംആർസിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിനോട് സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ല.

മെട്രോ സർവീസ് പുനരാരംഭിച്ചത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്കകൾ ഡിഎംആർസി തള്ളി. പൊതുഗതാഗത സംവിധാനങ്ങൾ വൈറസ് വ്യാപനം വർധിപ്പിക്കില്ലെന്നാണ് പല വിദേശ രാജ്യങ്ങളിലും നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. പല രാജ്യങ്ങളിലും മെട്രോ സർവീസുകൾ നടക്കുന്നുണ്ട്. ഡൽഹി മെട്രോയിൽനിന്ന് ആർക്കും വൈറസ് ബാധിക്കില്ലെന്നാണ് വിശ്വാസമെന്നും മങ്കു സിങ് പറഞ്ഞു. ഇത്തരം ചർച്ചകളിലൂടെ യാത്രക്കാരെ തിരിച്ചു പിടിക്കാനാണ് നീക്കം.

കോവിഡിന് ശേഷം കൊച്ചി മെട്രോ സർവീസ് തുടങ്ങിയെങ്കിലും കാര്യമായ ആൾത്തിരക്കില്ല എന്നതാണ് വസ്തുത. ആലുവയിലും പേട്ടയിലും മാത്രം പത്തു പേരിൽ താഴെ യാത്രക്കാർ മാത്രമാണ് ആദ്യ ഓട്ടത്തിനുണ്ടായിരുന്നതെങ്കിൽ ഇടയ്ക്ക് മിക്ക സ്റ്റേഷനിലും ഒരാൾ പോലും ആദ്യ ദിവസം കയറാനുണ്ടായിരുന്നില്ല. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ പുനരാരംഭിച്ചത്. യാത്രനിരക്കും കുറച്ചു. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ ഓരോ 20 മിനിറ്റിലുമായിരിക്കും ട്രെയിനുകൾ. താപനില പരിശോധിച്ച ശേഷം മാത്രമായിരിക്കും യാത്രക്കാരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കുക. യാത്രക്കാർക്ക് കൈ വൃത്തിയാക്കാൻ സാനിറ്റൈസർ സജ്ജീകരിച്ചിട്ടുണ്ടാകും.

യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സിസിടിവി ക്യാമറകളിലൂടെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങളെല്ലാം നാല് മണിക്കൂർ ഇടവേളയിൽ അണുവിമുക്തമാക്കും. 125 രൂപയായിരുന്ന വീക്ക് ഡേ പാസിന് ഇനി 110 രൂപയായിരിക്കും. 250 രൂപയായിരുന്ന വീക്കെൻഡ് പാസ് 220 രൂപയുമായിരിക്കും. പുതിയ നിരക്ക് പ്രകാരം ഒരാൾക്ക് അഞ്ച് സ്റ്റേഷനുകൾ വരെ 20 രൂപക്കും 12 സ്റ്റേഷനുകൾ വരെ 30 രൂപക്കും അതിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് 50 രൂപക്കും യാത്ര ചെയ്യാം.

കോവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്ക് കുറച്ചതെന്നു അധികൃതർ പറഞ്ഞു. കൊച്ചി വൺ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കു പ്രത്യേക ഫീസില്ലാതെ പുതിയ കാർഡ് നൽകുമെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. കാലാവധി കഴിഞ്ഞ കാർഡുകളിലെ ബാലൻസ് പുതിയ കാർഡുകളിലേക്കു മാറ്റി നൽകും. ലോക്ക്ഡൗൺ കാലത്തു യാത്ര ചെയ്യാതിരുന്നതു മൂലം ആർക്കും പണം നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട പദ്ധതിയാണ് ഇതോടെ നടപ്പിലാകുന്നത്. ആലുവ മുതൽ പേട്ട വരെ എന്നതായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ആദ്യം ആലുവ മുതൽ പാലാരിവട്ടം വരെ സർവീസ് ആരംഭിച്ച മെട്രോ പിന്നീട് മഹാരാജ് വരെയും, നിലവിൽ തൈക്കൂടം മുതൽ പേട്ട വരെയുമാക്കി നീട്ടി ആദ്യ ഘട്ടം പൂർത്തിയാക്കി. മെയ് മാസത്തിൽ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാൻ കാരണമായത്. ഇത് കഴിഞ്ഞ ദിവസം നിർവ്വഹിച്ചു.