കൊല്ലൂർ: കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിലും കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം. കേരളത്തിൽ കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്. കർണാടക അതിർത്തിയിലും നിയന്ത്രണമുണ്ട്. ഇന്നലെ രാജ്യത്ത് 24,897 പുതിയ കോവിഡ് രോഗികളാണുള്ളത്. ഇതിൽ 15,692 പേരും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കൽ.

കൊല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ഏറെയും മലയാളികളാണ്. ഇനി മുതൽ ആധാർകാർഡും കോവിഡ് നെഗറ്റീവ് റിപ്പോർട്ടും കാണിച്ചാലേ കേരളത്തിൽനിന്നെത്തുന്ന ഭക്തരെ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ഇത് പരിശോധിക്കാൻ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്ത് പ്രത്യേക കൗണ്ടർ തുറന്ന് ജീവനക്കാരെ നിയമിച്ചു.

എന്നാൽ കർണാടകയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല. അവർ മേൽവിലാസവും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതി. ആ സംസ്ഥാനങ്ങളിൽ കോവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് ഇത്. കേരളത്തിൽ കോവിഡ് വർധിച്ച സാഹചര്യത്തിലാണ് ഉഡുപ്പി ജില്ലാ കളക്ടർ മൂകാംബിക ക്ഷേത്രത്തിൽ പ്രവേശിക്കാനും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി തീരുമാനമെടുത്തത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ക്ഷേത്ര ജീവനക്കാരുൾപ്പെടെ ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. ക്ഷേത്രം തന്ത്രിക്കും മറ്റ് അനുബന്ധ കർമികൾക്കും ഇളവുണ്ട്. മാസ്‌ക് ധരിക്കാതെ പ്രവേശിച്ചാൽ 100 രൂപ പിഴ ചുമത്തുമെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവും ക്ഷേത്രപരിസരത്ത് പതിച്ചിട്ടുണ്ട്.

കേരളത്തിൽ അതിവേഗ കോവിഡ് വ്യാപനം ഉണ്ടെന്നാണ് കേന്ദ്ര സർക്കാരും വിലയിരുത്തുന്നത്. കർണ്ണാടകയിൽ ഇന്നലെ 677 രോഗികളെയാണ് തിരിച്ചറിയുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.