ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ, രാത്രികാല കർഫ്യൂവിലേക്ക് നീങ്ങുന്നു. അടുത്ത തിങ്കളാഴ്ച വരെ ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി ഉള്ളത്.

രാജസ്ഥാനിൽ മെയ്‌ മൂന്നുവരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട് . സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

യു.പിയിൽ 5 നഗരങ്ങളിൽ ലോക്ക് ഡൗൺ നടപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലും കേരളത്തിലും അടക്കം പല സംസ്ഥാനങ്ങളും ഇതിനോടകം നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം രാജ്യവ്യാപകമായി ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാദേശികമായ സാഹചര്യം പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.