കോഴിക്കോട്: ജീവവായു കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട് പിടഞ്ഞ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച ആലപ്പുഴ സ്വദേശികളായ രേഖ പി മോൾക്കും അശ്വിൻ കുഞ്ഞുമോനും നന്ദി അറിയിച്ച് കേരളം.

ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ പ്രർത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയർ സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികൾക്ക് രാവിലെ 9 മണിയോടെ പ്രഭാത ഭക്ഷണം നൽകാനെത്തിയതായിരുന്നു അശ്വിൻ കുഞ്ഞുമോനും രേഖയും. 97 രോഗികളാണ് ഇവിടെ ഉള്ളത്.

ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്. കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിൽ വിവരമറിയിച്ചെങ്കിലും ആംബുലൻസ് എത്താൻ പത്തുമിനുട്ട് താമസിക്കുമെന്നതിനാൽ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലൻസിനായി കാത്തിരുന്നുവെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമായേനെ. ഇവരുടെ ജാഗ്രതയാണ് ഒരു ജീവൻ രക്ഷിക്കാൻ സഹായകമായത്.

കോവിഡ് രോഗിയെ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പേർ ബൈക്കിലിരുത്തി പോകുന്നതായിരുന്നു ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ. കേരളത്തെ കോവിഡ് തീവ്രവ്യാപനം ഗുരുതരാവസ്ഥയിലെത്തിച്ചപ്പോൾ മാനുഷികത കൈവിടാതെ പ്രവർത്തിക്കുന്ന ഈ സന്നദ്ധ സേവകർക്ക് നന്ദി പറയുകയായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങൾ. ഡിവൈഎഫ്ഐ പ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയുമാണ് രോഗിയുമായി ബൈക്കിൽ കുതിച്ചത്.

മഹാമാരിക്കാലത്തും പ്രളയകാലത്തും സമാനമായ എല്ലാ ദുരന്തമുഖങ്ങളിലും യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പ്രവർത്തിച്ച യുവ ജനത വീണ്ടും വാർത്തയിൽ നിറയുന്നതാണ് പിന്നീട് കണ്ടത്. ഡിവൈഎഫ്ഐ ആലപ്പുഴ ഭഗവതിക്കൽ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.

സംഭവത്തെ കുറിച്ച് രേഖ പറയുന്നതിങ്ങനെ

ആലപ്പുഴ എൻജിനിയറിങ് കോളേജിന്റെ വുമൺസ് ഹോസ്റ്റലിൽ ഭക്ഷണം എത്തിക്കാൻ പോയതാണ് പതിവു പോലെ ഞാനും അശ്വിനും. നേരത്തെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി(സിഎഫ്എൽടിസി) പ്രവർത്തിപ്പിച്ചിരുന്ന വുമൺസ് ഹോസ്റ്റൽ ഇപ്പോൾ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ ക്വാറന്റൈൻ ചെയ്തിരിക്കുന്ന ഡോമിസിലറി കോവിഡ് സെന്ററാണ് (ഡിസിസി).

'രാവിലെ 9മണിക്ക് ഭക്ഷണമെത്തിക്കാനാണ് ഞങ്ങൾ അകത്തു കയറിയത്. . ഒരാൾക്ക് ശ്വാസം കിട്ടുന്നില്ല എന്നാരോ പറഞ്ഞു. ഉടൻ ഓടിചെന്നപ്പോൾ ശ്വാസം വലിക്കാൻ പറ്റാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു രോഗി. ഉടൻ തന്നെ ഡിസിസി സെന്ററിലെ സന്നദ്ധ പ്രവർത്തകർ ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാൽ രോഗി ഡെത്താകുമെന്നുറപ്പായിരുന്നു. അതാണ് എങ്ങനെയെങ്കിലും കൊണ്ടുപോകാമെന്ന സാഹസത്തിനു മുതിർന്നത്.

മൂന്നാമത്തെ നിലയിൽ നിന്ന് കോണി വഴി ഇറക്കണമായിരുന്നു രോഗിയെ. കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായിക്കാൻ അപേക്ഷിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ലെന്ന് മാത്രമല്ല അവരെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായ വയസ്സായ ആളുടെ സഹായത്താൽ ഞങ്ങൾ മൂന്ന് പേരും കൂടിയാണ് താഴത്തെത്തിച്ചത്', രേഖ പറയുന്നു.

താഴത്തെത്തിയപ്പോഴേക്കും സെന്ററിലെ സന്നദ്ധപ്രവർത്തകരായ ചന്തുവും അതുലും ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ പത്തുമിനുട്ടെന്നത് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ് അതാണ് രോഗിയെ ബൈക്കിൽ കയറ്റി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഓക്സിജൻ നൽകി. പിന്നീടാണ് ശ്വാസമെടുക്കാനൊക്കെ കഴിഞ്ഞത്.

'രോഗിയെ നടുക്കിരുത്തി രേഖ പുറകിലിരുന്നു. അശ്വിൻ മുന്നിലിരുന്ന വണ്ടിയോടിച്ചു.നേരെ കൊണ്ടു പോയത് പ്രൈവറ്റ് ഹോസ്പിറ്റലലായിരുന്നു.ആദ്യം രോഗിയെ എടുക്കില്ലെന്ന പറഞ്ഞെങ്കിലും ആളുടെ അവസ്ഥ മനസ്സിലാക്കിയപ്പോഴാണ് അഡ്‌മിറ്റ് ആക്കിയത്. പിന്നീട് കോവിഡ് ഹോസ്പിറ്ററിലേക്ക് റഫർ ചെയ്തു. രോഗിയുടെ നില ഇപ്പോൾ സ്റ്റേബിളാണ്', രേഖ കൂട്ടിച്ചേർത്തു.

അശ്വിൻ പറയുന്നു:

'ഒരു ചേട്ടൻ വന്ന് ഒരാൾക്ക് ശ്വാസം കിട്ടാതെ വയ്യാതെ കിടക്കുകയാണെന്ന് പറഞ്ഞു. ഞങ്ങൾ ഓടിചെന്നു നോക്കി. ഹാർട്ട് അറ്റാക്ക് വരുന്നതിന് സമാനമായ ശരീര ഭാഷയാണ് കണ്ടത്. അവശനിലയിലായിരുന്നു. മൂന്നാം നിലയിൽ നിന്ന് താഴേക്ക് കൊണ്ടുവരാൻ അടുത്ത മുറിയിലെ രോഗി സഹകരിച്ചു. വേറെ സൗകര്യങ്ങളൊന്നുമില്ലായിരുന്നു.

താഴെ എത്തിച്ചതിന് ശേഷം ടേബിളിൽ കിടത്തി, പൾസ് കുറവായിരുന്നു. ഓക്സിജന്റെ അളവ് കുറവായിരുന്നു. പെട്ടന്ന് ആശുപത്രിയിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആംബുലൻസുകൾ വേറെ ഓട്ടത്തിലായിരുന്നു. 15 മിനിറ്റ് എടുക്കും എത്താനെന്നാണ് മറുപടി ലഭിച്ചത്. അത്ര നേരം കാത്തിരിക്കാൻ തോന്നിയില്ല. ഈ ക്യാംപസിൽ തന്നെയാണ് ആശുപത്രി, ഒരു നൂറ് മീറ്റർ മാത്രമെ ആശുപത്രിയിലേക്കുള്ളു. അവിടെയെത്തിച്ചതിന് ശേഷം ഓക്സിജൻ ലെവൽ ശരിയായി. പിന്നീട് ആംബുലൻസെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്.'

സിഎഫ്എൽടിസിയിൽ ഓക്സിജൻ സൗകര്യമില്ലെന്ന തരത്തിലുള്ള ചില മാധ്യമങ്ങളുടെ വാർത്ത തെറ്റാണെന്ന് അശ്വിൻ പറഞ്ഞു. 'ഇത് സിഎഫ്എൽടിസിയല്ല ഡിസിസിയാണ്. സിഎഫ്എൽടിസിയിൽ മാത്രമേ ചികിത്സയുണ്ടാവൂ.അവിടെ ഓക്‌സിജനും ഐസിയുവരെയുമുണ്ടാകും. ഡിസിസിയിൽ ചികിത്സയുണ്ടാവില്ല. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ സൗകര്യമില്ലാത്തതിനാൽ താമസിപ്പിക്കുന്ന ക്വാറന്റൈൻ കേന്ദ്രം മാത്രമാണ് ഡിസിസി', അശ്വിൻ കൂട്ടിച്ചേർത്തു.

കോവിഡിന്റെ ആദ്യ തരംഗം തൊട്ട് സന്നദ്ധ പ്രവർത്തനങ്ങളിൽ അശ്വിനും രേഖയും സജീവമായുണ്ട്.. അന്ന് കൺട്രോൾ റൂമിലായിരുന്നു പ്രവർത്തനം. വീടുകളിൽ പോയി മരുന്നും ഭക്ഷണവും എത്തിച്ചുകൊടുക്കുമായിരുന്നു. അന്ന് മണ്ണഞ്ചേരി പഞ്ചായത്തിനു കീഴിലായിരുന്നു പ്രവർത്തനം. കഴിഞ്ഞ പുന്നപ്രയിലെ ഡിസിസി സെന്ററിൽ ഭക്ഷണമെത്തിക്കുന്ന ചുമതല ഇവരടക്കമുള്ള 16ഓളം സന്നദ്ധ പ്രവർത്തകരാണ് ചെയ്യുന്നത്.

 അശ്വിൻ കുഞ്ഞുമോനെയും രേഖയേയും അഭിനന്ദിച്ച് എഎ റഹീം രംഗത്തെത്തി. അപരനോടുള്ള സ്നേഹവും കരുതലും മറ്റെന്തിനേക്കാളും മഹത്തരമാണെന്നും അരവിന്ദും രേഖയും മറ്റുള്ളവർക്ക് മാതൃകയാണെന്നും റഹീം പറഞ്ഞു. നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്. അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നെന്നും റഹീം പറഞ്ഞു.

എഎ റഹീം പറഞ്ഞത്:

''അരവിന്ദ് കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്. ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ.
അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു,അഭിവാദ്യങ്ങൾ നേർന്നു. സിഎഫ്എൽടിസിയിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അരവിന്ദും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.''

''റോഡപകടത്തിൽപെട്ട് പിടയുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മടികാണിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്.യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങൾ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്.നന്മയുടെ ഒരു കൈ നീണ്ടാൽ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങൾ.....
നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ. അപരനോടുള്ള സ്നേഹം,കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്.''

''അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നു. അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്. ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.'