തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കർശന നിയന്ത്രണങ്ങളിലേക്ക് കടക്കാൻ തീരുമാനം കൈക്കൊണ്ടത്. ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.

പൊതുപരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേരെ മാത്രമെ പങ്കെടുക്കാൻ അനുവദിക്കൂ. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികൾക്ക് നൂറ് പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കാൻ നിർദ്ദേശിക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദ്ദേശിക്കണമെന്നും ഉന്നതതല യോഗത്തിൽ അഭിപ്രായം ഉയർന്നു.

മെഗാ ഫെസിവൽ ഷോപ്പിംഗിന് നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാർഡ് തല നിരീക്ഷണം കർശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കർശനമാക്കാനും തീരുമാനമായിട്ടുണ്ട്.

അടിയന്തരമായി കേന്ദ്രത്തോട് വാക്സിൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചുണ്ട്. ആവശ്യമായ വാക്സിൻ കിട്ടിയിട്ടില്ലെങ്കിൽ ക്യാമ്പയിൻ ബുദ്ധിമുട്ടിലാകും. കണ്ണൂരിൽ കേസുകൾ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരും. കണ്ണൂരിലെ ആശുപത്രികളിൽ നിലവിൽ സൗകര്യങ്ങളുണ്ട്. നോൺ കോവിഡ് ട്രീറ്റ്‌മെന്റിനുള്ള സൗകര്യങ്ങൾ കൂട്ടേണ്ടതുണ്ട്. ഇതിനായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.

അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തടസമുണ്ടാക്കില്ലെന്ന് കരുതുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.താഴെ തലത്തിലുള്ള കോവിഡ് പ്രതിരോധ സമിതികൾ വീടുകളിലെത്തി വിവരങ്ങൾ അന്വേഷിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഇത് കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.