തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വർധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനും സാധ്യതയുണ്ട്. അതിനാലാണ് വിദേശത്ത് നിന്ന് വരുന്നവർക്ക് വീണ്ടും പരിശോധന നിർബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് കുഞ്ഞുങ്ങളടക്കം എല്ലാ പ്രായക്കാർക്കും ഇന്ത്യയിലേക്ക് യാത്രചെയ്യണമെങ്കിൽ ഇനിമുതൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതിനു പുറമേ 14 ദിവസം ക്വാറന്റീനും നിർബന്ധമാണ്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്ന അവസ്ഥയിലാണ് കേരളം കോവിഡ് പരിശോധന സൗജന്യമാക്കുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങൾക്കു പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു. കേരളത്തിൽനിന്നുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇതര സംസ്ഥാന നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇതോടെ നിയന്ത്രണം വന്നിരിക്കുന്നത്.

ജോലി, വിദ്യാഭ്യാസം, ബിസിനസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ദിവസേന പതിനായിരക്കണക്കിനു പേരാണ് ഈ നഗരങ്ങളിലേക്കു കേരളത്തിൽനിന്നു യാത്ര ചെയ്യുന്നത്. ഓരോ തവണ പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയതോടെ യാത്രാച്ചെലവിനേക്കാൾ ഉയർന്ന തുകയാണ് മുടക്കേണ്ടിവരിക.

കർണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതോടെ യഥാർഥത്തിൽ കേരളത്തിന്റെ വഴിയടയുകയാണ്. വിനോദസഞ്ചാരികൾക്ക് നിയന്ത്രണമില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും അതിർത്തികളിൽ ഇതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ഇന്നലെ നിയന്ത്രണത്തെക്കുറിച്ചറിയാതെ യാത്ര പുറപ്പെട്ട പലരും അതിർത്തികളിൽ കുടുങ്ങി. കേരളത്തിൽ നിന്നെത്തുന്നവർ ഒരാഴ്ച ഹോം ക്വാറന്റീനിലിരിക്കണമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ ഉത്തരവ്. പെട്ടെന്നിറക്കിയ ഉത്തരവ് അവധിക്കും മറ്റും നാട്ടിലെത്തിയവർക്കു തിരികെ ജോലിക്കു കയറാനാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.