തിരുവനന്തപുരം: കോവിഡ് പരിശോധന നിരക്കിലെ കൊള്ള സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. രാജ്യത്ത് കോവിഡ് നിരക്കിൽ ആശ്വാസകരമായ മാറ്റം വന്നു തുടങ്ങിയതോടെ വിവിധ സംസ്ഥാനങ്ങൾ കോവിഡ് പരിശോധന നിരക്ക് കുറച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് നിർണയത്തിന് മുഖ്യമായി ആശ്രയിക്കുന്ന ആർടി-പിസിആർ ടെസ്റ്റിന്റെ നിരക്കാണ് സംസ്ഥാനങ്ങൾ ഗണ്യമായി കുറച്ചത്.ഡൽഹിക്കും ഉത്തർപ്രദേശിനും പിന്നാലെ ഒഡീഷ സർക്കാരുമാണ് ഇപ്പോൾ തുക കുറച്ചിരിക്കുന്നത്.

സ്വകാര്യ ലാബുകളിൽ പരിശോധനയുടെ നിരക്ക് 400 രൂപയായാണ് ഒഡീഷ സർക്കാർ കുറച്ചത്.രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.യുപിയിൽ 700, ഡൽഹിയിൽ 800 എന്നിങ്ങനെയാണ് ആർടി- പിസിആർ ടെസ്റ്റ് നിരക്ക്. എന്നാൽ കേരളത്തിൽ ഇപ്പോഴും 2100 രൂരയാണ് ടെസ്റ്റിന് ഈടാക്കുന്നത്.

ഉത്തർപ്രദേശ് സർക്കാർ 1600 രൂപയിൽ നിന്ന് 700 രൂപയായാണ് ആർടി-പിസിആർ ടെസ്റ്റിന്റെ നിരക്ക് കുറച്ചത്. വീടുകളിൽ പോയി സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെങ്കിൽ 900 രൂപ വരെ പരിശോധനാ നിരക്കായി ഈടാക്കാമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.. ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കാണിത്.ഏതാനും ദിവസം മുൻപാണ് ഡൽഹി സർക്കാർ 2400 രൂപയിൽ നിന്ന് 800 രൂപയായി ആർടി- പിസിആർ പരിശോധനാ നിരക്ക് പരിഷ്‌കരിച്ചത്. ഉത്തരാഖണ്ഡ് സർക്കാരും നിരക്ക് കുറച്ചിട്ടുണ്ട്. 1600 രൂപയിൽ നിന്ന് 850 രൂപയായാണ് നിരക്ക് കുറച്ചത്.

അതേസമയം സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുതുക്കി. ഓഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാർഗ നിർദ്ദേശങ്ങൾക്ക് അനുബന്ധമായി ചിലത് കൂട്ടിച്ചേർത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരുന്ന ദുർബല വിഭാഗത്തിൽപ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളിൽ പ്രായമായവർ, ഗർഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാർ, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് കണ്ടൈന്മെന്റ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ്.

ഇതോടൊപ്പം ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് എത്രയും വേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം.വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. സ്ഥാപനങ്ങളിൽ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങൾക്കും എത്രയും വേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതുമാണ്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.