കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ വീണ്ടും പുതുക്കി. കോവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2,645 മുതൽ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകൾ. പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി.

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയറിന്റെ ( എൻ എ ബി എച്ച്) അക്രഡിറ്റേഷനുള്ള ആശുപത്രികളിൽ ജനറൽ വാർഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എ സി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എ സി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്

പുതിയ സർക്കാർ ഉത്തരവ് ആറാഴ്ച വരെ നടപ്പാക്കാൻ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2,645 രൂപയും മുറി (രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എ സി 3,174 രൂപയും സ്വകാര്യ മുറി 3,703 രൂപയും സ്വകാര്യ മുറി എ സി 5,290 രൂപയുമാണ് പുതുക്കിയ നിരക്ക്.

അതേസമയം ംസ്ഥാനത്ത് കൂടുതൽ വാക്സിൻ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ജൂലായ് മാസത്തിൽ 90 ലക്ഷം ഡോസ് വാക്സിൻ അധികമായി നൽകണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഇത് ജനസംഖ്യാ അനുപാതത്തിൽ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് വന്നയാളുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. അതുകൊണ്ടുതന്നെ രോഗം വരാൻ സാദ്ധ്യതയുള്ള ആളുകളുടെ എണ്ണവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടത്. ഇതിനോട് കേന്ദ്രസംഘം അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.കോവിഡ് നിയന്തണങ്ങളുമായി സംസ്ഥാനം സ്വീകരിച്ച എല്ലാ നടപടികളിലും കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായും ടി പി ആർ നിരക്ക് സംബന്ധിച്ച് ആശങ്കകളില്ലെന്നുമാണ് കേന്ദ്രസംഘം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രത്യേകമായ നിർദ്ദേശങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ആശുപത്രികൾ കേന്ദ്രസംഘം സന്ദർശിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.കോവിഡ് പ്രതിരോധമായി അതീവ ജാഗ്രത എല്ലാവരും തുടരണം. വാക്സിൻ എടുത്തതുകൊണ്ട് സുരക്ഷിതരാകുന്നില്ല. ആൾക്കൂട്ടം ഒഴിവാക്കണം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതീവ വ്യക്തി ജാഗ്രത തുടർന്നേ മതിയാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.