കവൻട്രി: കോവിഡ് വന്നപ്പോൾ ഏറെ പ്രയാസപ്പെട്ടവരാണ് ഓരോ യുകെ മലയാളിയും. ഇന്നും ആ പ്രയാസങ്ങൾ കുറഞ്ഞും കൂടിയും ഓരോ പ്രവാസിയും അനുഭവിക്കുകയാണ്. എന്നിനി സ്വസ്ഥമായി പിറന്ന നാട്ടിൽ എത്താനാകും എന്നൊരാൾക്കും പിടിയില്ല. കോവിഡ് ഭീതിയിൽ സാധാരണ മരണം സംഭവിച്ചാൽ പോലും മൃതദേഹങ്ങൾ ഉറ്റവർക്കും ഉടയവർക്കും ഒരു നോക്ക് കാണാൻ ജന്മനാട്ടിൽ എത്തിക്കാനോ കുടുംബ കല്ലറകളിലോ ശ്മശാനത്തിലോ സംസ്‌ക്കരിക്കാനോ സാധിക്കാതെ പോകുന്നതിന്റെ ഹൃദയ വേദന അനുഭവിക്കുന്നവരും ഏറെയാണ്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജന്മം നൽകിയവരുടയോ പൂർവ്വ പിതാക്കളുടെയോ അന്ത്യ വിശ്രമ സ്ഥലത്തിന് അരികെ തന്നെ സംസ്‌കാരം നടത്തണമെന്ന് അന്ത്യാഭിലാഷം അറിയിച്ചവർക്കു പോലും അതു നിഷേധിക്കേണ്ടി വന്നതും കോവിഡ് കാലത്തേ വേദനയായി അവശേഷിക്കുന്നു. ഇതിനിടയിൽ നാട്ടിൽ പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി പ്രവാസികൾ.

എന്നാൽ അഞ്ചാറു മാസങ്ങളായി അവിടെയും ഇവിടെയുമായി കുടുങ്ങി പോയവർക്കായി തണലേകാൻ എത്തിയ എയർ ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ ഒടുവിൽ കനത്ത സമ്മർദ്ദത്തിന് ശേഷം ലണ്ടനും കൊച്ചിക്കുമിടയിൽ നേരിട്ടുള്ള സർവ്വീസുമായി എത്തുന്നത് പ്രവാസ ലോകത്തെ പുത്തൻ ചരിത്രമായി മാറുകയാണ്. ലണ്ടനിലേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിനു ചുരുങ്ങിയത് അര നൂറ്റാണ്ടിന്റെ കഥ പറയാൻ ഉണ്ടെങ്കിലും ഇത്രയും കാലം യുകെ മലയാളികൾ പലതരം യാതനകൾ പേറിയാണ് ജന്മ നാട്ടിൽ എത്തികൊണ്ടിരുന്നത്.

ഗൾഫ് നാടുകളിലും യൂറോപ്യൻ നാടുകളിലും ഒക്കെ പല വിമാനത്താവളങ്ങളിൽ മണിക്കൂറുകളും ദിവസങ്ങളും വരെ ചെലവിട്ട ശേഷമാണ് ഇതുവരെ കേരളത്തിൽ എത്താൻ സാധിച്ചിട്ടുള്ളത്. ആ ദുരിതം തൽക്കാലം കോവിഡ് കാലത്തെങ്കിലും ഇനി അനുഭവിക്കേണ്ടതില്ല എന്നതാണ് അഞ്ചാം ഘട്ടം വന്ദേഭാരത് പദ്ധതിയുമായി യുകെ മലയാളികൾക്ക് അടുത്തേക്ക് എത്തുന്ന ഇന്ത്യൻ സർക്കാരും എയർ ഇന്ത്യയും പങ്കിടുന്ന പ്രധാന സന്തോഷ വർത്തമാനം.

എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽ നിന്നും ലണ്ടനിൽ എത്തുന്ന എയർ ഇന്ത്യ വിമാനം തിരികെ പറക്കുന്നത് ശനിയാഴ്ചയാണ്. രാവിലെ ലണ്ടനിൽ നിന്നും പുറപ്പെടുന്ന വിമാനം അന്ന് രാത്രി കൊച്ചിയിൽ ലാൻഡ് ചെയ്യും. ഇതുവഴി കേരളത്തിലും യുകെയിലും ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങൾക്കും മറ്റും കാര്യമായ പ്രയാസം കൂടാതെ ഇരു സ്ഥലത്തും എത്തിച്ചേരാൻ സാധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇന്ത്യൻ സർക്കാർ ഒരുക്കിയിരിക്കുന്നത്.

തൽക്കാലം ഒരാഴ്ച ഒരു സർവീസാണ് അഞ്ചാം ഘട്ടം വന്ദേ ഭാരത് മിഷനിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഞ്ചു വിമാനങ്ങൾ അഞ്ചു ആഴ്ച പറക്കുന്നതോടെ സെപ്റ്റംബർ മാസം അവസാനം വരെ ഈ വിമാനം യുകെ മലയാളികൾക്ക് ആശ്വാസമായി മാറും. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് 435 പൗണ്ടും തിരിച്ചുള്ള കൊച്ചി - ലണ്ടൻ യാത്രക്ക് 470 പൗണ്ടും ശരാശരി നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.

വൺവേ ബുക്കിങ് മാത്രമാണ് അനുവദനീയം. ഇരു രാജ്യത്തും എത്തുമ്പോൾ അതാത് സർക്കാരുകൾ അനുശാസിക്കുന്ന ക്വാറന്റൈൻ രീതികൾ പിന്തുടരേണ്ടിയും വരും. സാധാരണ ഫ്ളൈറ്റുകൾ ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായാണ് കൂടുതൽ റൂട്ടുകളിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നതെന്നും സൂചനയുണ്ട്.

അതിനിടെ ലണ്ടൻ - കൊച്ചി വിമാനം എത്തുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അനവധി പ്രാഞ്ചിയേട്ടന്മാർ രംഗത്ത് എത്തിത്തുടങ്ങി. യുകെയിലെ ഒരു മലയാളി കൗൺസിലർ, കേരളത്തിൽ നിന്നുള്ള ഒരു മുൻകേന്ദ്രമന്ത്രി, ചില യുകെ മലയാളി സംഘടനകൾ എന്നിവരൊക്കെ ഇക്കാര്യം ആവർത്തിക്കുമ്പോൾ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി അഭിഭാഷകയുടെ ഇടപെടലും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇവർ മുഖേനെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഒരു ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടുകയും തുടർന്ന് സർക്കാർ അനുകൂല നിലപാട് എടുക്കുക ആയിരുന്നു എന്നും പറയപ്പെടുന്നു.

ഏതു സാഹചര്യത്തിൽ ആയാലും കോവിഡ് നിയന്ത്രണം മൂലം എത്തിയ ഈ നേരിട്ടുള്ള വിമാനം കോവിഡിന് ശേഷമുള്ള കാലത്തും ആഴ്ചയിൽ ഒരിക്കൽ എങ്കിലും പറന്നാൽ അത് യുകെ മലയാളികൾക്ക് ഏറെ ആശ്വാസം പകരും എന്നാണ് സാധാരണക്കാർ കരുതുന്നത്. അടുത്തിടെയായി 25000 മലയാളികൾ കൂടി യുകെയിൽ തൊഴിൽ തേടി എത്തിയതോടെ ആകെ യുകെ മലയാളികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസിനെ ലാഭകരമാക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തൽ. നേരിട്ടുള്ള സർവീസ് എന്ന പരിഗണനയിൽ മുഴുവൻ മലയാളികളും എയർ ഇന്ത്യയെ തുടർന്നും ആശ്രയിക്കാൻ തയ്യാറായാൽ ഇപ്പോൾ എത്തുന്ന വിമാനം തുടർന്നും സ്ഥിരമായി പറക്കാൻ ഉള്ള അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്.

ആഴ്ചതോറുമുള്ള ലണ്ടൻ - കൊച്ചി സർവീസിൽ സീറ്റിനായി ബുക്ക് ചെയ്യുന്നതിന് പ്രമുഖ മലയാളി ട്രാവൽ ഏജന്റായ ടൂർ ഡിസൈനേഴ്സിനെ വിളിക്കാവുന്നതാണ്.
ടൂർ ഡിസൈനേഴ്‌സുമായി ബന്ധപ്പെടുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.tourdesigners.co.uk/