കോഴിക്കോട്: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപിക്കുന്നു. കോഴിക്കോട് ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണർക്കും പത്തനംതിട്ടയിലെ അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എസ്‌പിയുമായി സമ്പർക്കത്തിലേർപ്പെട്ട സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെ നിരവധി പൊലീസുദ്യോഗസ്ഥർ സ്വയം നിരീക്ഷണത്തിൽ പോയി.കോഴിക്കോട് ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 118 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയാണ് ഇതിലെ 96 പേർക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 22 പേർക്കും കൊയിലാണ്ടി നഗരസഭയിൽ 15 പേർക്കും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ 15 പേർക്കും രോഗം ബാധിച്ചു.

പത്തനംതിട്ടയിലെ അയിരൂർ പൊലീസ് സ്റ്റേഷനിലും 15 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാരെ ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം 44 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്