ന്യൂഡൽഹി: കോവിഡ് വാക്‌സിൻ എടുക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങൾ മാറ്റാൻ കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തി. മറ്റുരാജ്യങ്ങൾ വികസിപ്പിച്ച ഏതുവാക്‌സിനും പോലെ തന്നെ ഫലപ്രദമായിരിക്കും ഇന്ത്യയിൽ ലഭ്യമാകുന്ന വാക്‌സിനും.

കോവിഡ് 19 നേരത്തെ വന്നാലും ഇല്ലെങ്കിലും വാക്‌സിന്റെ ഒരുപൂർണ കോഴ്‌സ് എടുക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. വാക്‌സിനെടുത്താൽ രോഗത്തിന് എതിരെ ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാക്കാനാകും.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചകൾക്ക് ശേഷമായിരിക്കും രോഗത്തിനെതിരെ സംരക്ഷണം നൽകുന്ന ആന്റിബോഡികൾ വികസിക്കുക.

വാക്‌സിൻ നിർബന്ധമല്ല

വാക്‌സിൻ എടുക്കണോയെന്ന് സ്വമേധയാ തീരുമാനിക്കാം. എന്നാൽ, വാക്‌സിന്റെ പൂർണ ഷെഡ്യൂൾ എടുക്കുന്നതാണ് ഒരാൾക്ക് സ്വയം പ്രതിരോധത്തിനും, കുടുംബം അടക്കം അടുത്ത സമ്പർക്കത്തിലുള്ളവർക്ക് രോഗം പടരാതിരിക്കാനും വേണ്ടത്. വിവിധ വാക്‌സിനുകളുടെ പരീക്ഷണങ്ങൾ വിവിധ ഘട്ടത്തിലാണ്. എന്തായാലും വൈകാതെ വാക്‌സിൻ വിതരണം ആരംഭിക്കും.

കോവിഡ് വാക്‌സിന്റെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കിയ ശേഷം മാത്രമേ അത് വിതരണം ചെയ്യാൻ തുടങ്ങുകയുള്ളു. മറ്റുവാക്‌സിനുകളെ പോലെ തന്നെ ചെറിയ പനി, കുത്തിവയ്പ് എടുക്കുന്ന സ്ഥലത്ത് വേദന തുടങ്ങിയ ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്തരം പാർശ്വഫലങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

28 ദിവസത്തെ ഇടവേളയുള്ള രണ്ടുഡോസ് വാക്‌സിനാണ് ഒരുവ്യക്തി വാക്‌സിനേഷൻ പൂർത്തിയാക്കാൻ എടുക്കേണ്ടത്. കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർക്കും വാക്‌സിനെടുക്കാം. ഈ രോഗങ്ങൾ ഉള്ളവർ ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നതിനാൽ വാക്‌സിൻ എടുക്കണം.

ഒരേസമയം എല്ലാവർക്കും വാക്‌സിൻ നൽകുമോ?

ഇത് വാക്‌സിന്റെ ലഭ്യത അനുസരിച്ചായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിൻ നൽകാൻ മുൻഗണനാ ഗ്രൂപ്പുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കാരണം ഇവരാണ് ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നവർ. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, മുൻനിര പ്രവർത്തകർക്കും വാക്‌സിൻ നൽകും. വാക്‌സിന്റെ ലഭ്യത അനുസരിച്ച് 50 ന് മുകളിൽ പ്രായമുള്ളവർക്കും നേരത്തെ തന്നെ വാക്‌സിൻ നൽകും.

രജിസ്‌ട്രേഷൻ നിർബന്ധം

വാക്‌സിനെടുക്കുന്നയാൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വാക്‌സിൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്‌സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകും.

ആറ് വാക്‌സിനുകൾ

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് നിർമ്മിക്കുന്നത്

സൈഡസ് കാഡിലയുടേത്

ജെന്നോവ

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്പ പരീക്ഷണം നടത്തുന്ന ഓക്‌സഫഡ് വാക്‌സിൻ

ഡോ.റെഡ്ഡി ലാബ് നിർമ്മിക്കുന്ന സ്പുട്‌നിക് വി വാക്‌സിൻ

ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് യുഎസിലെ എംഐടിയുമായി ചേർന്ന് നിർമ്മിക്കുന്നത്.

ഇവയെല്ലാം വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്.