ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം ഈ വർഷം ഡിസംബർ വരെയുള്ള വാക്സിൻ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖ കോടതിയിൽ സമർപ്പിച്ച് കേന്ദ്ര സർക്കാർ. ആഗസ്റ്റിനും ഡിസംബറിനുമിടയിൽ 135 കോടി ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് പദ്ധതി രേഖയിൽ സൂചിപ്പിക്കുന്നു.

ഈ വർഷം അവസാനം വരെ 188 കോടി ഡോസ് വാക്സിൻ അഞ്ച് നിർമ്മാതാക്കളിൽ നിന്നായി ലഭ്യമാക്കാനാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ മുതിർന്നവരുടെ ജനസംഖ്യയുടെ 5.6 ശതമാനത്തിനാണ് രണ്ട് ഡോസ് വാക്സിൻ ഇതുവരെ നൽകിയതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

94 കോടിയോളം മുതിർന്ന വിഭാഗക്കാരാണ് രാജ്യത്തുള്ളത്. ഇവർക്കാകെ വാക്സിൻ ലഭ്യമാക്കാൻ 188 കോടി ഡോസ് വേണം. ജൂലൈ 31 വരെ 51.6 കോടി ഡോസ് ലഭ്യമാക്കും. ആഗസ്റ്റിനും ഡിസംബറിനുമിടയിൽ 135 കോടി ഡോസ് വാക്സിൻ ലഭ്യമാക്കും. 50 കോടി കോവിഷീൽഡ് ഡോസും 40 കോടി കൊവാക്സിൻ ഡോസും ലഭ്യമാക്കും.

റഷ്യൻ വാക്സിനായ സ്പുട്നിക് വിക്ക് അടിയന്തരാനുമതി നൽകിയതായി കേന്ദ്രം അറിയിച്ചു. ബയോളജിക്കൽ ഇ, സൈദൂസ് കാഡില എന്നിവയുടെ വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. 12നും 18നും ഇടയിലുള്ളവർക്കുള്ള വാക്സിൻ നിർമ്മാണത്തിലാണ് സൈദൂസ് കാഡില്ല. ഇതും ഉടൻ ലഭ്യമാക്കും.

മുൻകൂട്ടി രജിസ്ട്രേഷൻ കൂടാതെ വാക്സിൻ വിതരണ കേന്ദ്രത്തിൽ പോയി നേരിട്ട് കുത്തിവെപ്പെടുക്കാനുള്ള സൗകര്യം ഒരുക്കിയതായും ഡിജിറ്റൽ ഡിവൈഡ് ഇനി വാക്സിനേഷന് തടസ്സമാകില്ലെന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ, കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വിശദമായ പദ്ധതിരേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. വാക്സിൻ സൗജന്യമാക്കിയതും കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു.