മുംബൈ: താനെയിലെ ആരോഗ്യ കേന്ദ്രത്തിൽനിന്നു കോവിഡ് വാക്‌സീൻ ലഭിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന ആരോപണം നിഷേധിച്ച് നടി മീര ചോപ്ര. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന തിരിച്ചറിയിൽ കാർഡ് തന്റേതല്ലെന്നു മീര അവകാശപ്പെട്ടു.

സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിരുന്നു. 'മുന്നണിപ്പോരാളി' എന്ന നിലയിൽ വാക്‌സിനേഷൻ എടുക്കാൻ വ്യാജ തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ചെന്നു മീരയ്‌ക്കെതിരെ ആരോപണമുയർന്നിരുന്നു.

വാക്‌സീൻ ക്ഷാമം കാരണം 18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷൻ മഹാരാഷ്ട്ര നിർത്തിവച്ചിരിക്കുമ്പോഴാണ് ഇതേ ഗണത്തിൽപ്പെട്ട നടി കുത്തിവയ്‌പെടുത്തത്.

വാക്‌സീൻ സ്വീകരിക്കുന്നതിന്റെ ചിത്രം നടി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ വിവാദമായതിനു പിന്നാലെ ഫോട്ടോ നീക്കി.

 

സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയുള്ള തിരിച്ചറിയൽ കാർഡ് നടിക്കു നൽകിയതായും ഇതിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ വിഭാഗത്തിൽ പെടുത്തി വാക്‌സിനേഷൻ നടത്തിയെന്നുമാണു പ്രതിപക്ഷമായ ബിജെപി ആരോപിച്ചത്.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവായ മീര ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.