ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനം ശക്തമായതോടെ 30 വയസ്സിൽ താഴെയുള്ളവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി കൊറോണയിൽ നിന്നാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ അസ്ട്രസെനെകയുടെ വാക്സിൻ മൂലം രക്തം കട്ടപിടിക്കുമെന്ന ഭീതി തികച്ചും അനാവശ്യമായ ഒന്നാണെന്നാണ് വിദഗ്ദർ പറയുന്നത്. ഇന്ത്യയിൽ നിന്നെത്തിയ ഡെല്റ്റ വകഭേദം കാട്ടുതീ പോലെ പടരുമ്പോൾ ഏതൊരു വാക്സിനും എടുത്താൽ ലഭിക്കുന്ന പ്രയോജനവും അതിന്റെ പാർശ്വഫലങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങളും തുലനം ചെയ്ത് നോക്കണം എന്നാണ് ഇവർ പറയുന്നത്. അങ്ങനെ നോക്കുമ്പോൾ, ഏതൊരു വാക്സിനായാലും അത് സ്വീകരിക്കുന്നത് തന്നെയാണ് നല്ലതെന്നും ഇവർ പറയുന്നു.

നേരത്തേ, 40 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്രസെനെക വാക്സിൻ മൂലമുണ്ടാകുന്ന രക്തം കട്ടപിടിക്കൽ എന്ന ഭീഷണി കോവിഡ് മൂലം ഐ സിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നതിനേക്കാൾ വലുതായിരുന്നു. അന്ന് 30 നും 39 നും ഇടയിൽ പ്രായമുള്ള, കോവിഡ് രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 1 ലക്ഷം പേരിൽ 0.8 മാത്രമായിരുന്നു. ആ സാഹചര്യത്തിലായിരുന്നു 40 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്രസെനെക വാക്സിന്നൽകുന്നതിനെതിരായ നിർദ്ദേശമുണ്ടായത്.

അസ്ട്രസെനെക വാക്സിന്റെ പാർശ്വഫലമായ സെറിബ്രൽ വീനസ് ത്രോംബോസിസ് (സി വി ടി) എന്ന വളരെ വിരളമായ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഈ പ്രായക്കരിൽ 1 ലക്ഷം പേരിൽ 1.5 പേർക് വരെ ഉണ്ടാകാം എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് കോവിഡിനെക്കാൾ പ്രാധാന്യം ഈ പാർശ്വഫലത്തിന് നൽകി 40 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്രസെനെക വാക്സിൻ നൽകേണ്ടന്ന തീരുമാനത്തിൽ എത്തിയത്.

എന്നാൽ, ഇപ്പോൾ അതല്ല അവസ്ഥ. ഡെൽറ്റ വകഭേദം കത്തിപ്പടരാൻ തുടങ്ങിയതോടെ കോവിഡ് ബാധിച്ച് ഐ സിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന 40 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 1 ലക്ഷത്തിൽ 1.9 എന്ന നിലയിലേക്ക് ഉയർന്നുകഴിഞ്ഞിരിക്കുന്നു. അതായത് വാക്സിൻ എടുക്കാതിരുന്നാലുള്ള ദൂഷ്യം, അസ്ട്രാസെനെക എടുക്കുന്നതിനേക്കാൾ ഏറെയായി എന്നർത്ഥം. അതിനൊപ്പം, നിലവിൽ നേരിടുന്ന ഫൈസർ വാക്സിന്റെ ക്ഷാമം ഈ പ്രായക്കാർക്ക് അസ്ട്രാസെനെക വാക്സിൻ നൽകുവാൻ നിർബന്ധിതമാക്കുകയും ചെയ്യുന്നു.

ബ്രിട്ടനിലെ വാക്സിൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിക്കാൻ തീരുമാനിച്ച സഹചര്യത്തിൽ ഫൈസറിന്റെ വിതരണം അടുത്തമാസം കൂടി അപര്യാപ്തമാകുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുമുണ്ട്. മറ്റൊരു വാക്സിനായ മൊഡേണയുടെ ലഭ്യതയും പരിമിതമാണ്. ലണ്ടനിലേക്ക് ഫൈസറിന്റെയും മൊഡേണയുടെയും കൂടുതൽ സ്റ്റോക്ക് ലഭ്യമാക്കി ലണ്ടൻ യുവതയെ സംരക്ഷിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു കഴിഞ്ഞു. അതുപോലെ, ഇന്ത്യൻ വകഭേദത്തിന്റെ മറ്റ് ഹോട്ട്സ്പോട്ടുകളിലും കൂടുതൽ വാക്സിൻ ലഭ്യമാക്കാതെ ജൂലായ് 19 ന് മുൻപായി വാക്സിൻ പദ്ധതി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഫൈസറിന്റെയും മൊഡേണയുടെയും ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാക്കിയില്ലെങ്കിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ജൂലായ് 19 ന് മുൻപായി സമൂഹത്തിന് സംരക്ഷണം ഒരുക്കുന്ന അളവിൽ വാക്സിൻ നൽകാൻ കഴിയില്ലെന്ന് ബിർമ്മിങ്ഹാം സിറ്റി കൗൺസിൽ നേതാവ് ഇയാൻ വാർഡ് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആവശ്യത്തിന് വാക്സിൻ എത്തിക്കാൻസർക്കാരിന് കഴിയുമെന്നാണ് ജെ സി വി ഐ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ 40 വയസ്സിനു താഴെയുള്ളവർക്ക് അസ്ട്രസെനെക നൽകേണ്ടെന്ന തീരുമാനം മാറ്റാൻ അവർ തയ്യാറാകുന്നുമില്ല. എന്നാൽ, സാഹചര്യത്തിനനുസരിച്ച മാറ്റം വാക്സിൻ നയത്തിലും വരുത്തണമെന്ന ആവശ്യം ജോയിന്റ് കമ്മിറ്റിക്കുള്ളിലും ഉയരുന്നുണ്ട്. വാക്സിൻ എടുക്കാത്തവരിലാണ് ഡെൽറ്റ വകഭേദം കൂടുതലായി ബാധിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. അത്തരം സാഹചര്യത്തിൽ പരമാവധി പേർക്ക് വാക്സിൻ ലഭ്യമാക്കാനായിരിക്കണം സർക്കാർ ശ്രമിക്കേണ്ടത് എന്നവർ പറയുന്നു.