ലക്നൗ : രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമിൽ റെക്കോർഡ് നേട്ടവുമായി യോഗി സർക്കാർ. പത്ത് കോടിയിലധികം ആളുകൾക്ക് കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്തി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവർത്തകരുടേയും വിജയമാണിതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.

യുപി സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ 15 കോടിയോളം ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ അർഹരാണ്. ഇതിൽ 8,15,25,547 പേർക്ക് ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തിക്കഴിഞ്ഞു. 1,85,10,688 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു.

ഇതോടെ ഇന്ത്യയിൽ പത്ത് കോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തിന്റെയും യുപി സർക്കാരിന്റെ നിതാന്തമായ പ്രവർത്തനത്തിന്റെയും ഫലമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഈ നേട്ടം കൊറോണയ്ക്കെതിരെ പോരാടിയ ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും മുന്നിൽ സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.