ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് (ബുധനാഴ്ച) വൈകുന്നേരം നാല് മുതൽ ആരംഭിക്കും. വാക്‌സിനേഷൻ എടുക്കുന്നവർക്ക് ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മെയ്‌ 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗമുള്ളവർക്കായിരിക്കും മുൻഗണന എന്നാണ് സൂചന. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്‌ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും ലഭ്യതയ്ക്കനുസരിച്ച് സർക്കാർ തലങ്ങളിൽ നിന്ന് സൗജന്യമായും വാക്സിൻ ലഭിക്കും. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീൽഡ് വാക്‌സീൻ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്‌സീൻ സ്റ്റോക്കുണ്ട്.

രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

1. cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
2. 'സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.
4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.
5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നൽകുക.

നിങ്ങളുടെ കോവിഡ് -19 വാക്‌സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

രജിസ്ട്രേഷനായി ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം?

ആധാർ കാർഡ്
പാൻ കാർഡ്
വോട്ടർ ഐഡി
ഡ്രൈവിങ് ലൈസൻസ്
തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്
പാസ്പോർട്ട്
ബാങ്ക് / തപാൽ ഓഫിസ് നൽകുന്ന പാസ്ബുക്കുകൾ പെൻഷൻ പ്രമാണം
സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്

സ്ലോട്ടുകൾ നോക്കുമ്പോൾ കാണുന്നില്ലെന്നു കരുതി തീർന്നു എന്നല്ല അർഥം. ഏതു സമയത്താണ് ഓരോ കേന്ദ്രവും ഈ വിവരം അപ്‌ഡേറ്റ് ചെയ്യുന്നതെന്ന് അവ്യക്തമായതിനാൽ ഇടയ്ക്കിടയ്ക്ക് പോർട്ടൽ പരിശോധിക്കേണ്ടി വരും. പിൻകോഡ് നൽകി കേന്ദ്രം പരിശോധിക്കുന്നതിനു പകരം 'Search by District' എന്ന നൽകിയാൽ ജില്ലയിലെ കൂടുതൽ കേന്ദ്രങ്ങളിൽ സ്ലോട്ട് ഉണ്ടോയെന്നറിയാം.

മൊബൈൽ ഫോണിലെ വെബ് ബ്രൗസറിൽ കോവിൻ പോർട്ടൽ ലോഗിൻ ചെയ്ത് 'Book Appointment for vaccination' എന്ന ഭാഗത്ത് 'Search By District' ഓപ്ഷൻ എടുത്തു നിങ്ങളുടെ ജില്ല നൽകി സെർച് ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് 'Search' ഓപ്ഷൻ നൽകിയാൽ ഏതെങ്കിലും സെന്ററുകൾ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്താൽ അറിയാനാകും.