ന്യൂഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ നാല് പേർക്കു കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീവ്ര വ്യാപന വൈറസ് ബാധയുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ ഇന്ത്യയിൽ വൈറസ് വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 29 ആയി.

ഇതുവരെ സ്ഥിരീകരിച്ചതിൽ 10 സാമ്പിളുകൾ ഡൽഹിയിലും 10 എണ്ണം ബംഗളൂരുവിലും അഞ്ചെണ്ണം പുനെയിലും മൂന്ന് ഹൈദരാബാദിലും ഒന്ന് പശ്ചിമ ബംഗാളിലുമാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട 29 പേരെയും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപന ശേഷികയുള്ളതാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡെന്മാർക്ക്, നെതർലൻഡ്‌സ്, ആസ്‌ത്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപുർ എന്നിവിടങ്ങളിൽ നിലവിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.