ന്യൂഡൽഹി: കുംഭമേളയിൽ പങ്കെടുത്ത് നാട്ടിലേക്ക് തിരികെ എത്തുന്നവർ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മുംബൈ മേയർ കിഷോരി പെഡ്നേക്കർ. രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുംബൈ മേയറുടെ പ്രസ്താവന.

കുംഭമേളയിൽ പങ്കെടുത്ത് തിരികെ മുംബൈയിൽ തിരിച്ചെത്തുന്നവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞു. ക്വാറന്റീനിൽ കഴിയുന്നതിന്റെ ചെലവ് അവർ വഹിക്കുകയും വേണം. കാരണം, കുംഭമേളയിൽ പങ്കെടുത്ത് തിരികെയെത്തുന്ന തീർത്ഥാടകർ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണ്. മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടിവരുമെന്നും അവർ പറഞ്ഞു.

63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കുംഭമേളയിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

കുംഭമേളയുടെ ഭാഗമായി ഗംഗാതീരത്ത് പതിനായിരക്കണക്കിന് തീർത്ഥാടകരാണ് തടിച്ചുകൂടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഉള്ളവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.

കുംഭമേളയിലെ ചടങ്ങുകൾ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണിൽ വിളിച്ചാണ് കുംഭമേള ചടങ്ങുകൾ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകൾ ചുരുക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്.