ന്യൂഡൽഹി: 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക്, കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ഡോസുകൾ തമ്മിലുള്ള ഇടവേളയുടെ കാര്യത്തിൽ 14 മുതൽ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻഅറിയിച്ചു. അടുത്തയാഴ്ചയാണ് എൻ.ടി.എ.ജി.ഐ. യോഗം ചേരാനിരിക്കുന്നത്.

നിലവിൽ കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. വാക്സിനേഷൻ ആരംഭിച്ച സമയത്ത്, കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായിരുന്നു. പിന്നീട് അത് 4-8 ആഴ്ചയായി. തുടർന്ന് 12-14 ആഴ്ചയായും ഉയർത്തിയിരുന്നു.

വ്യത്യസ്ത മേഖലകളിൽനിന്നുള്ള വ്യത്യസ്ത പ്രായത്തിൽപ്പെട്ടവരിൽ, വാക്സിനുകളുടെ ഫലത്തെയും ഡോസുകൾ തമ്മിലുള്ള ഇടവേളയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ടി.എ.ജി.ഐ. ചെയർപേഴ്സൺ ഡോ. എൻ.കെ. അറോറ പറഞ്ഞു.

45-നും അതിനു മുകളിൽ പ്രായമുള്ളവരുടെയും കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനെ കുറിച്ചുള്ള തീരുമാനം രണ്ടു മുതൽ നാലാഴ്ചയ്ക്കുള്ളിൽ കൈക്കൊണ്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഷീൽഡിന്റെ ഒരു ഡോസിനു പോലും മികച്ച പ്രതിരോധശേഷിയുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.