ന്യൂഡൽഹി: ഹിന്ദിയിലും പതിനാല് പ്രാദേശിക ഭാഷകളിലും അടുത്തയാഴ്ചയോടെ കോവിൻ പോർട്ടൽ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19-ന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാൻ ഐ.എൻ.എസ്.എ.സി.ഒ.ജി. ശൃംഖലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉൾപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

നിലവിൽ കോവിഡിന്റെ വകഭേദങ്ങളെ കുറിച്ച് പഠിക്കാൻ 10 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ലാബോറട്ടറികളാണ് പ്രവർത്തിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് 17 ലാബോറട്ടറികളെ കൂടി ഉൾപ്പെടുത്തുന്നത്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും വിശകലനം നടത്താനുമാണ് ഇത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ നടന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 26 ദിവസത്തിനിടെ ആദ്യമായി മൂന്നുലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കേസുകളുടെ എണ്ണത്തിൽ 1,01,461-ന്റെ കുറവുണ്ടായതായും യോഗത്തിൽ ഹർഷ വർധൻ പറഞ്ഞു.