തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിൽ സിപിഐക്ക് എതിരായി വന്ന ലേഖനം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. ലേഖനത്തിനെതിരെ നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സിപിഐ സംംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ചിന്തയിലെ ലേഖനത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം. എന്നാൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിലുണ്ടാകുന്ന പുതിയ ചിന്തകളാണ് ചിന്തയിലെ ലേഖനത്തിന് പിന്നിലെന്ന വിമർശനം സജീവമാണ്.

സിപിഐ കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണെന്നായിരുന്നു എന്നാണ് 'ചിന്ത'യിലെ വിമർശനം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സിപിഐ എന്നും ലേഖനത്തിൽ പറയുന്നു. വലിയ കടന്നാക്രമാണ് സിപിഐയ്‌ക്കെതിരെ ചിന്ത നടത്തുന്നത്. ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എന്തിനാണ് ഈ കടന്നാക്രമണമെന്ന ചിന്ത സിപിഐയ്ക്കുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നും അവർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാകും പ്രതികരണം.

കാനത്തിന്റെ വാക്കുകളിലും ഇത് വ്യക്തമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. മുന്നണിയിൽ പാർട്ടികൾ തമ്മിൽ പ്രത്യയ ശാസ്ത്രപരമായ തർക്കങ്ങൾ ആവാം. എന്നാൽ വിമർശനം ഉന്നയിക്കുന്നവർ തന്നെയാണ് ആ വിമർശനം ശരിയാണോ എന്ന് ചിന്തിക്കേണ്ടത്. കാനം കൂട്ടിച്ചേർത്തു. സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ ചിന്തക്കുള്ള മറുപടി പറയുമെന്നും കാനം വ്യക്തമാക്കി. ചിന്തയിൽ മാധ്യമം-സംവാദം എന്ന പംക്തിയിലാണ് ഈ ലേഖനമുള്ളത്. ഇ രാമചന്ദ്രനാണ് എഴുതിയിരിക്കുന്നത്.

നേരത്തെ പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിനായി സിപിഐ തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി തുടരുമെന്ന വാചകമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് 'തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ' എന്നപേരിൽ ചിന്തയിലൂടെ സിപിഎം മറുപടി ലേഖനമെഴുതിയത്. ഭൂപരിഷ്‌കരണത്തിനായുള്ള തോട്ട നിയമ ഭേദഗതിയിൽ അടക്കം സിപിഐ പ്രതിഷേധത്തിലാണ്. സിപിഐയുടെ പിന്തുണയില്ലാതെ തന്നെ എല്ലാം നിയമമാക്കാനുള്ള അംഗബലം സിപിഎമ്മിന് നിയമസഭയിലുണ്ട്. കൊച്ചു പാർട്ടികളുടെ പിന്തുണ മാത്രം ഇതിന് മതി.

മുസ്ലിം ലീഗുമായി സിപിഎം അടുക്കുന്നുവെന്ന രാഷ്ട്രീയ ചർച്ച സജീവമാണ്. കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിച്ച് കോട്ടയത്തും പത്തനംതിട്ടയിലും ഇടതിന്റെ കരുത്തു കൂട്ടിയ മാതൃകയിൽ ലീഗുമായുള്ള സഹകരണമാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന ചർച്ചയും വിലയിരുത്തലും സജീവമാണ്. ലീഗ് ഇത് നിഷേധിച്ചിട്ടുണ്ട്. എങ്കിലും ഇതിന് വേണ്ടി കൂടിയാണ് സിപിഐയെ സിപിഎം ലേഖനമെഴുതി കുത്തുന്നതെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. മുസ്ലിം ലീഗും സിപിഐയും കൂടി ഒരേ സമയം ഇടതുപക്ഷത്ത് നിൽക്കുകയെന്നത് അസാധ്യമാണ്.

ഈ സാഹചര്യത്തിലാണ് ചിന്തയിലെ ലേഖനവും ചർച്ചയാകുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം ബൂർഷ്വാപാർട്ടികൾക്കൊപ്പം അധികാരം പങ്കിടാൻ സിപിഐ മടി കാണിച്ചിട്ടില്ലെന്ന് ലേഖനത്തിൽ സിപിഎം പറഞ്ഞുവെക്കുന്നു. 1967ലെ ഇ.എം.എസ് സർക്കാരിൽ പങ്കാളികളായ സിപിഐ, വർഗവഞ്ചകർ എന്ന ആക്ഷേപത്തെ അന്വർഥമാക്കിക്കൊണ്ട് വീണുകിട്ടിയ ആദ്യ അവസരത്തിൽ തന്നെ ആ സർക്കാരിനെ പുറത്താക്കാൻ ഇടപെടൽ നടത്തിയ പാർട്ടിയാണ്.

കേരളത്തിലെ ജാതി-ജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്‌കരണനിയമം നിയമസഭ പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം സിപിഐ ഉൾപ്പടെയുള്ളവർ മുന്നിൽ നിന്നാണ് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ചത്. സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പിന്തുണയോടെ ഭരണത്തിലേറുകയാണ് സിപിഐ ചെയ്തതെന്നും ലേഖനത്തിലൂടെ സിപിഎം തുറന്നടിച്ചു.

ബുർഷ്വാ പാട്ടികളുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ജൂനിയർ പങ്കാളിയാകാൻ സിപിഎം ഒരിക്കലും തയ്യാറായിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം വെച്ചു നീട്ടിയപ്പോൾ പോലും അത് നിരാകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല സിപിഎമ്മിന്. അതേസമയം സന്ദർഭം കിട്ടിയപ്പോഴൊക്കെയും ബുർഷ്വാപാർട്ടികൾക്കൊപ്പം അധികാരം പങ്കിടാൻ സിപിഐ ഒരു മടിയും കാട്ടിയിട്ടില്ല. ഇതിന് ജനയുഗത്തിൽ വിദമായ മറുപടി നൽകുമെന്നാണ് കാനം പറഞ്ഞിരിക്കുന്നത്.

ചിന്തയിലെ ലേഖനത്തിന്റെ പൂർണ്ണ രൂപം

തിരുത്തൽവാദത്തിന്റെ ചരിത്ര വേരുകൾ
ഇ രാമചന്ദ്രൻ
ചരിത്രത്തിലെ ചില അദ്ധ്യായങ്ങൾ ഇടയ്ക്കിടെ ഓർമിക്കപ്പെടേണ്ടതായുണ്ട്. ശതാബ്ദി പിന്നിട്ട ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അത്തരം അനേകം സന്ദർഭങ്ങളുണ്ട്.

സിപിഐ എം അതിന്റെ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിലേക്കും, സിപിഐ ഇരുപത്തിനാലാമത് സമ്മേളനങ്ങളിലേക്കും കടക്കുന്നതിനിടെയാണ് സിപിഐ ഇടതുപക്ഷത്തെ തിരുത്തൽ ശക്തി എന്ന് സ്വയം അവകാശപ്പെട്ടു രംഗത്തു വന്നിരിക്കുന്നത്. മുൻപ് പലപ്പോഴും വലതുപക്ഷമാധ്യമങ്ങൾ സിപിഐ എമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് ഈ പദവി ചാർത്തിക്കൊടുക്കാറുണ്ട്. എന്നാലിത്തവണ അവരാ പട്ടം സ്വയം എടുത്തണിഞ്ഞിരിക്കയാണ്.

ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളുടെ മുഖ്യ അജൻഡ കഴിഞ്ഞകാല രാഷ്ട്രീയനിലപാടുകളുടെയും സമര - സംഘടനാപ്രവർത്തനങ്ങളുടെയും പുനഃപരിശോധനയാണ്. കഴിഞ്ഞകാല പ്രവർത്തനങ്ങളെ നിശിതമായ വിമർശനസ്വയംവിമർശനാടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധന നടത്തി, വന്നു പോയ പോരായ്മകളെയും ദൗർബല്യങ്ങളെയും അടയാളപ്പെടുത്തുക, ഭാവിയിൽ അവ ആവർത്തിക്കാതിരിക്കാനുള്ള അഴിച്ചുപണികൾ നടത്തുക, സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലെ പാളിച്ചകൾ കണ്ടെത്തി കൂടുതൽ ശരിയായ രാഷ്ട്രീയ നയത്തിൽ എത്തിച്ചേരുക. ചുരുക്കത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങൾ സ്വയം തിരുത്തുന്നതിനുള്ള പ്രക്രിയയാണ് നടത്തിപ്പോരുന്നത്. എന്നാൽ സിപിഐ പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ ചർച്ചചെയ്യാൻ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഐ എമ്മിനെ തിരുത്തുന്ന കാര്യമാണ് ചർച്ചചെയ്യുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിപിഐ നേതൃത്വം ഈ പ്രസ്താവത്തെ നിഷേധിച്ചിട്ടും ഇല്ല

അവിഭക്ത സിപിഐയിലുണ്ടായ പിളർപ്പിനെത്തുടർന്നു ഒന്നര ദശാബ്ദത്തോളം രാഷ്ട്രീയ ചർച്ചകളിൽ മുൻ നിന്നിരുന്ന ഒരു വാക്കാണ് തിരുത്തൽവാദം. മാർക്‌സിസത്തിന്റെ അടിസ്ഥാനനിലപാടുകളിൽ നിന്നു വലത്തോട്ടുള്ള വ്യതിയാനം എന്ന അർത്ഥത്തിൽ ആണ് ആ പദം സിപിഐ ക്കെതിരെ പ്രയോഗിക്കപ്പെട്ടത്.

സ്റ്റാലിന്റെ മരണാനന്തരം 1956ൽ ചേർന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ ക്രൂഷ്‌ചേവ് അവതരിപ്പിച്ച നയ വ്യതിയാനങ്ങളാണ് റിവിഷനിസം എന്നപേരിൽ അറിയപ്പെട്ടിരുന്നത് (ബേൺസ്റ്റീനും കൗട്‌സികിയും മറ്റുമാണ് റിവിഷണലിസത്തിന്റെ ആദ്യ പഥികർ. റിവിഷണിസത്തിന്റെ തത്സമം ആയാണ് മലയാളത്തിൽ തിരുത്തൽ വാദം എന്നറിയപ്പെട്ടത്). സ്റ്റാലിൻകാലത്തെ ജനാധിപത്യ വിരുദ്ധ അതിക്രമങ്ങളുടെയും, സമഗ്രാധിപത്യത്തിന്റെയും കാലം എന്നധിക്ഷേപിച്ച ക്രൂഷ്‌ചേവ്, പാർട്ടി യെക്കുറിച്ചും സോഷ്യലിസ്റ്റ് ജനാധിപത്യത്തേക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമെല്ലാമുള്ള മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സങ്കല്പനങ്ങളെ തള്ളിപ്പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വം, സമാധാനപരമായ മത്സരം, സമാധാനപരമായ പരിവർത്തനം തുടങ്ങി ഇരുപതാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ ലോകമാസകലം കമ്യൂണിസ്റ്റുകാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ക്രൂഷ്‌ചേവിന്റെ റിപ്പോർട്ടിനെ ഉപയോഗപ്പെടുത്തി മാർക്‌സിസ്റ്റ് ചിന്തയ്ക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കുമെതിരെ അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ പ്രചണ്ഡമായ പ്രചാരണം ആരംഭിച്ചു.

ക്രൂഷ്‌ചേവിന്റെ നിലപാടുകളെയും, ഇരുപതാം കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തെയും തിരുത്തൽ വാദം എന്ന് വിശേഷിപ്പിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തി. എന്നാൽ ജർമനി ഉൾപ്പടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഭരണം കയ്യാളിയിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ മുഴുവൻ റഷ്യൻ നിലപാടിനൊപ്പം നിന്നു. യുറോ കമ്യൂണിസം എന്നപേരിൽ കുറേക്കൂടി വലതുപക്ഷത്തേക്ക് നീങ്ങുകയാണ് പടിഞ്ഞാറൻ യൂറോപ്പിലെ പാർട്ടികൾ പിന്നീട് ചെയ്തത്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് നേരത്തെതന്നെ രൂപപ്പെട്ടു വന്നിരുന്ന നയപരമായ അഭിപ്രായ വ്യത്യാസങ്ങൾ സോവിയറ്റ് പാർട്ടികോൺഗ്രസിനെത്തുടർന്ന് രൂക്ഷമാകാൻ തുടങ്ങി. ക്രൂഷ്‌ചേവിന്റെ സമാധാന പരമായ സഹവർത്തിത്വം, സമാധാനപരമായ പരിവർത്തനം തുടങ്ങിയ ആശയങ്ങൾ നേതൃത്വത്തിൽ ഒരു വിഭാഗത്തെ സ്വാധീനിച്ചു. ഇന്ത്യയുടെ വിപ്ലവമാർഗം ദേശീയ ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിൽ ഐക്യപ്പെടുന്നതിലൂടെ ആയിരിക്കും എന്ന പുതിയ സിദ്ധാന്തം അവർ അവതരിപ്പിക്കപ്പെടുകയുണ്ടായി. കോൺഗ്രസ് - കമ്യൂണിസ്റ്റ് ഐക്യത്തിലൂടെ ദേശീയ ജനാധിപത്യവിപ്ലവം എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കപ്പെട്ടു.

വർഗസഹകരണത്തിന്റേതായ ഈ വാദം, മാർക്‌സിസം ലെനിനിസത്തിൽ നിന്നുള്ള വേറിട്ടുപോകലാണ് എന്ന് വിമർശിച്ച് പാർട്ടിയിലെ മറു വിഭാഗം ചെറുത്തുനിന്നു. ഇക്കാര്യത്തിൽ സോവിയറ്റ് തിരുത്തൽ വാദത്തെ എതിർക്കാൻ മുന്നോട്ടു വന്ന ചൈനയുടെ വിപ്ലവ നിലപാടാണ് ശരി എന്നവർ വാദിച്ചു.

പാർട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങൾ നീറിപ്പടരുന്ന ഈ ഘട്ടത്തിലാണ് 1962ൽ ഇന്ത്യയും ചൈനയും തമ്മിലെ അതിർത്തിത്തർക്കം യുദ്ധമായി മാറിയത്. കമ്യൂണിസ്റ്റു ചൈനക്കെതിരെ അധിക്ഷേപങ്ങൾ കോരിച്ചൊരിഞ്ഞ ഇന്ത്യൻ ഭരണവർഗവും വലതുപക്ഷ പാർട്ടികളും ഉറഞ്ഞു തുള്ളാൻ തുടങ്ങി. രാജ്യരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും വികാരവിക്ഷോഭത്തിലേക്ക് അവർ ജനങ്ങളെ തള്ളിവിട്ടു. കമ്യൂണിസ്റ്റുകാർ ദേശദ്രോഹികളും ചൈനീസ് ചാരന്മാരുമാണ് എന്ന് അവർ ആക്രോശിച്ചു. നിർണായകമായ ഈ സന്ദർഭത്തെ പാർട്ടിയിലെ വലതു നേതൃത്വം കൗശല പൂർവം ഉപയോഗിച്ചു. ചരിത്രത്തിൽ ദീർഘകാല സൗഹൃദം പുലർത്തിപ്പോന്ന ചൈനയുമായുള്ള തർക്കങ്ങൾ ആയുധപ്പന്തയത്തിലൂടെയല്ല നയതന്ത്ര ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന നിലപാട് എടുത്ത പാർട്ടി നേതാക്കന്മാരെ അവർ പൊലീസിന് ഒറ്റുകൊടുത്തു. സ്വന്തം സഖാക്കളെ വർഗശത്രുക്കൾക്കൊപ്പം ചേർന്ന് ചൈനചാരന്മാർ എന്ന് മുദ്ര കുത്തി ജയിലറകളിൽ അടച്ചു. തിരുത്തൽ വാദം എന്ന വ്യതിയാനം എത്ര നികൃഷ്ടമായ പ്രവൃത്തികളിലേക്കും നയിച്ചേക്കാം എന്നതിന്റെ തെളിവായി ചരിത്രത്താളുകളിൽ ഈ സംഭവം അടയാളപ്പെട്ടു കിടക്കുന്നുണ്ട്.

1964ൽ ഉൾപാർട്ടി തർക്കങ്ങൾ രൂക്ഷമാവുകയും പാർട്ടി രണ്ടായി പിളരുകയും ചെയ്തു. തുടർന്ന് അവശിഷ്ട സിപിഐ യുടെ ഏഴാം കോൺഗ്രസ് ബോംബെയിലും, സിപിഐ എമ്മിന്റേത് കൽക്കത്തയിലും സമ്മേളിച്ചു... 'മുതലാളിത്തവികസനപാത നടപ്പിലാക്കുന്നതിനായി, വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബുർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ, ബുർഷ്വാ ഭൂപ്രഭു ഭരണകൂടത്തെ മാറ്റി തൽസ്ഥാനത്ത് തൊഴിലാളികർഷകസഖ്യത്തിലധിഷ്ഠിതമായ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്ന ജനകീയ ജനാധിപത്യ വിപ്ലവ പരിപാടി അംഗീകരിച്ചു.സിപിഐ ആകട്ടെ, പുരോഗമന വീക്ഷണമുള്ള ദേശീയ ബൂർഷ്വാസിയാണ് ഭരണകൂടത്തെ നയിക്കുന്നതെന്നും വൻകിടമുതലാളികളും, ഭുപ്രഭുത്വവും അതിനെ സ്വാധീനിച്ച് വലത്തോട്ടു നീക്കിക്കൊണ്ടിരിക്കുകയാണ് എന്നും വിലയിരുത്തി. ദേശീയ ബൂർഷ്വാസിയുടെ പുരോഗമന നയങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തൊഴിലാളി വർഗം അവരുമായി ഐക്യപ്പെടണം. ക്രൂഷ്‌ചേവ് നിർദ്ദേശിച്ച സമാധാനപരമായ പരിവർത്തനത്തിന്റെ ഇന്ത്യൻ മാർഗത്തിന് അവർ ദേശീയജനാധിപത്യവിപ്ലവം എന്ന് പേരിട്ടു.അതിന്റെ പ്രായോഗിക രൂപമായി കോൺഗ്രസ്സ് കമ്യൂണിസ്റ്റ് ഐക്യം കെട്ടിപ്പടുക്കാൻ തീരുമാനിച്ചു.

സിപിഐ യുടെ പരിപാടി മാർക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളിൽ നിന്നുള്ള വ്യതിയാനം ആണ് എന്ന് വ്യക്തമായിരുന്നു. വർഗസമരമാണ് ചരിത്രത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി എന്നതിന്റെ നിഷേധമാണ് വർഗ സഹകരണം. അതായിരുന്നു സിപിഐ പരിപാടിയുടെ സത്ത. തിരുത്തൽവാദം അഥവാ പരിഷ്‌കരണവാദം എന്ന് ഈ നിലപാടിനെ സിപിഐ എം വിമർശിച്ചു.

പാർട്ടി പിളർപ്പിന് ശേഷം ആദ്യ ബലപരീക്ഷണം കേരള സംസ്ഥാനനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളിൽ ഏറ്റുമുട്ടിക്കൊണ്ടിരുന്നപ്പോഴും കോൺഗ്രസ് ഗവർമെന്റിന്റെ ജനവിരുദ്ധ, കേരളവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ചു പൊരുതാമെന്ന നിർദ്ദേശം സിപിഐ എം മുന്നോട്ടുവെച്ചു.സിപിഐ അതിനെ തള്ളിക്കളയുക മാത്രമല്ല, ഇന്ത്യയിലെ യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി ഏതെന്നു തെളിയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു. പക്ഷേ ഒന്നോ രണ്ടോ സീറ്റുകളിലൊഴികെ എല്ലായിടത്തും കെട്ടിവെച്ച കാശു നഷ്ടപ്പെട്ട് ആ പാർട്ടി ജനങ്ങൾക്കിടയിൽ നാണം കെട്ടു. സിപിഐ എം ആകട്ടെ, രൂപംകൊണ്ടിട്ട് ഏതാനും നാളുകളായേ ഉള്ളുവെങ്കിലും, സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി എന്ന പദവിയിലേക്ക് ഉയർന്നു. തെരഞ്ഞെടുക്കപ്പെട്ട ഇടത് എം എൽ എ മാരിൽ ഏറെയും ജയിലിൽ കിടന്നു മത്സരിച്ച 'ചൈനാചാരന്മാർ 'ആയിരുന്നു. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ല എന്ന വാദത്തിന്മേൽ നിയമസഭ വിളിച്ചു കൂട്ടാതെ പിരിച്ചു വിടുകയാണ് അന്ന് ഗവർണർ ചെയ്തത്.

1967ൽ വീണ്ടും തിരഞ്ഞെടുപ്പായപ്പോൾ സിപിഐഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിൽ അംഗമാകാൻ സിപിഐ തയ്യാറായി. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയിൽ എം എൻ ഗോവിന്ദൻ നായരും ടി വി തോമസും മന്ത്രിമാരായി.

എന്നാൽ വർഗവഞ്ചകർ എന്ന ആക്ഷേപത്തെ അന്വർത്ഥമാക്കിക്കൊണ്ട് കിട്ടിയ ആദ്യ സന്ദർഭത്തിൽ തന്നെ സർക്കാരിനെ പുറത്താക്കാൻ ആ പാർട്ടി മുന്നോട്ടു വന്നു.കേരളത്തിലെ ജാതിജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്‌കാരനിയമം നിയമസഭ പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം അവർ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ചു.രാജ്യസഭാമെമ്പറായിരുന്ന സി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പിന്തുണയോടെ ഭരണം ആരംഭിച്ചു.

കോൺഗ്രസിലെ അധികാരത്തർക്കം പിളർപ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി ഇന്ദിരഗാന്ധി ബാങ്ക് ദേശസാത്കരണം, പ്രിവിപേഴ്‌സ് നിർത്തലാക്കൽ തുടങ്ങിയ നടപടികളിലൂടെ ഒരിടതുപക്ഷ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. മോറാർജി ദേശായി, നിജലിംഗപ്പ, കാമ രാജ് തുടങ്ങിയവർ തങ്ങളുടെ അക്കാലത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ തീവ്ര വലതുപക്ഷ നിലപാടുകൾ അതിനവർക്ക് സഹായകമായി. പ്രിവിപേഴ്‌സും ബാങ്ക് ദേശസാൽക്കരണവും സംബന്ധിച്ച നിയമനിർമ്മാണങ്ങൾക്ക് പാർലമെന്റിൽ പിന്തുണ നൽകിയ സിപിഐ എം, പക്ഷെ, ഇന്ദിരഗാന്ധിയുടെ കപട പ്രതിച്ഛായാനിർമ്മാണത്തിന് ഒപ്പം നിന്നില്ല. സിപിഐ ആകട്ടെ, ദേശീയ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനുള്ള അവസരമായാണ് ഈ സംഭവവികാസങ്ങളെ കണ്ടത്. കേരളത്തിലെ അച്യുതമേനോൻ ഗവൺമെന്റ് ദേശീയജനാധിപത്യ ഭരണകൂടത്തിന്റെ മാതൃകയായി വാഴ്‌ത്തപ്പെട്ടു.

വലതുപക്ഷ സിണ്ടിക്കറ്റിനെതിരെ നടത്തിയ വമ്പിച്ച പ്രചാരണങ്ങളും ബംഗളാദേശിന്റെ വിമോചനത്തെ തുടർന്നു ലഭിച്ച പരിവേഷവും 1971ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര കോൺഗ്രസിന് അതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തു. എന്നാൽ, ഇന്ദിരയുടെ ഭരണം പാവങ്ങളുടെ ജീവിതത്തിൽ ഒരു പുരോഗതിയുമുണ്ടാക്കിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം താറുമാറാക്കി. സംസ്ഥാനങ്ങളിലെ കോൺഗ്രസ് മന്ത്രിമാരുടെ അഴിമതിയും ധൂർത്തും ജനവികാരം ഉണർത്തി. റയിൽവേ തൊഴിലാളികളുടെയും, കമ്പിത്തപാൽ ജീവനക്കാരുടെയും മറ്റ് വിഭാഗം തൊഴിലാളികളുടെയും സമരങ്ങൾ ജനങ്ങളുടെ അസംതൃപ്തി പ്രതിഫലിപ്പിച്ചു.

ഇതിനിടെ സജീവരാഷ്ട്രീയത്തിൽ നിന്നു വിട്ട് സർവോദയ പ്രവർത്തനവുമായി കഴിഞ്ഞിരുന്ന ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ലവം എന്ന മുദ്രാവാക്യവുമായി രംഗത്തു വന്നു. വിദ്യാർത്ഥികളും യുവാക്കളും വൻതോതിൽ ജെ പി പ്രസ്ഥാനത്തിൽ അണിചേർന്നു. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പഴിമതിക്കേസിൽ അവരെ സ്ഥാനഭ്രഷ്ടയാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി കൂടി വന്നതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

ഭരണഘടന സസ്‌പെൻഡ് ചെയ്തും പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും റദ്ദ് ചെയ്തും പ്രതിപക്ഷനേതാക്കളെയും സ്വന്തം പാർട്ടിയിലെ തന്നെ എതിരഭിപ്രായക്കാരെയും തുറുങ്കിൽ അടച്ചും കൊണ്ടാണ് ഇന്ദിരാ ഗാന്ധി ഏകാധിപത്യ വാഴ്ചയിലേക്ക് നീങ്ങിയത്.ഫാസിസത്തിന്റെ അരങ്ങേറ്റം ആയാണ് എ കെ ജി ഉൾപ്പടെ ഈ സംഭവവികാസത്തെ വിശേഷിപ്പിച്ചത്. സിപിഐ ആകട്ടെ, വലതുപക്ഷത്തിനെതിരായ വിപ്ലവമുന്നേ റ്റമായി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ വാഴ്‌ത്തുകയാണ് ചെയ്തത്. സോവിയറ്റ് യൂണിയൻ ഇന്ദിരയെ പിന്താങ്ങിയതും അവരുടെ നിലപാടിനുള്ള സാധൂകരണമായി

രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ സിപിഐ അടിയന്തരാവസ്ഥയുടെ പ്രചരണം ഏറ്റെടുത്തു. സോവിയറ്റ് പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം നടത്തി ഇന്ദിരയെ ജനാധിപത്യ സംരക്ഷകയായി വാഴ്‌ത്തിപ്പാടി. തൊഴിലാളികളുടെ ബോണസ് അവകാശം നിഷേധിച്ചപ്പോൾ രാജ്യത്തിന്റെ വിശാല താല്പര്യങ്ങളുടെ പേരിൽ അതിനെ അനുകൂലിച്ചു. 1975ജൂൺ 25മുതൽ 18 മാസക്കാലം ഇന്ത്യൻ ജനത ക്രൂരമായ ചൂഷണത്തിനും പീഡനങ്ങൾക്കുമിരയായി. പൊലീസും ഗുണ്ടകളും അഴിഞ്ഞാടി. പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരെക്കൊണ്ട് ജയിലുകൾ നിറഞ്ഞു.

കേരളത്തിൽ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത് അച്യുതമേനോൻ ഗവൺമെന്റ് ആണ്. ആഭ്യന്തരമന്ത്രി കരുണാകാരന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥാപിച്ച രഹസ്യ ക്യാമ്പുകൾ യുവാക്കളുടെ കൊലയറകളായി മാറി. അടിയന്തരാവസ്ഥാനന്തരം പുറത്തു വന്ന കണക്കുകൾ അനുസരിച്ച് പന്ത്രണ്ടായിരം യുവാക്കൾ ആണ് ഈ കൊലയറകളിൽ ഭേദ്യം ചെയ്യപ്പെട്ടത്. കക്കയം ക്യാമ്പിൽ രാജൻ ഉൾപ്പടെ പതിനഞ്ചു പേർ കൊലചെയ്യപ്പെട്ടു. ആയിരത്തി ഇരുന്നൂറു പേർ നിത്യ രോഗികളായി.

1977ലെ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടിച്ചു. ഇന്ദിരഗാന്ധിയും മകൻ സഞ്ജയ ഗാന്ധിയും ഉൾപ്പടെ കോൺഗ്രസ് നേതൃത്വമാകെ തോറ്റു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോൺഗ്രസിന് ഭരണാധികാരം നഷ്ടപ്പെട്ടു. എന്നാൽ കേരളത്തിലെ ജനവിധി തിരിച്ചായിരുന്നു. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവാക്യം പ്രായോഗികമായപ്പോൾ അതിന്റെ ഉപജ്ഞാതാക്കളായ സിപിഐ എമ്മും സ ഖ്യകക്ഷികളും പരാജയപ്പെട്ടു. കോൺഗ്രസ്സ് സിപിഐ സഖ്യം വീണ്ടും ഭരണത്തിലെത്തി.

ഇന്ദിരാ സ്വേച്ഛാധിപത്യത്തിനും, അടിയന്തിരാവസ്ഥക്കുമേതിരെ പോരാടുമ്പോഴും, അവസാനം തെരഞ്ഞെടുപ്പ് പോരാട്ടത്തിലും വലതു പക്ഷപാർട്ടികളുമായി ഐക്യപ്പെടാൻ സിപിഐ എം സന്നദ്ധമായിരുന്നില്ല. സ്ഥിരമായി കൂടെ നിന്നിരുന്ന സോഷ്യലിസ്റ്റുകൾ പോലും ഇന്ദിരാവിരുദ്ധ മഹാസഖ്യത്തിൽ ചേർന്നപ്പോഴും സിപിഐ എം സ്വതന്ത്ര നിലപാട് ഉയർത്തിപ്പിടിച്ചു. കേരളത്തിലെ ചില ചെറിയ പാർട്ടികൾ മാത്രമേ ഈ നിലപാടിന് ഒപ്പമുണ്ടായിരുന്നുള്ളൂ.

തിരഞ്ഞെടുപ്പിനുശേഷം മഹാസഖ്യ കക്ഷികൾ ചേർന്ന് ജനതാപാർട്ടി രൂപീകരിക്കുകയും മൊറാർജി ഗവൺമെന്റ് അധികാരത്തിൽ വരികയും ചെയ്തു. മന്ത്രിസഭയിൽ ചേരാൻ ക്ഷണം ലഭിച്ചെങ്കിലും സിപിഐ എം അത് നിരസിക്കുകയായിരുന്നു. പുറത്തു നിന്നുകൊണ്ട് സർക്കാരിനെ പിന്തുണക്കാനായിരുന്നു തീരുമാനം.

1972ലെ മധുരാ കോൺഗ്രസിന് ശേഷം സിപിഐ എമ്മിന്റെ പത്താം കോൺഗ്രസ് നടക്കേണ്ടിയിരുന്നത് 1975ലായിരുന്നു. നേതാക്കളും പ്രവർത്തകരും വലിയ തോതിൽ ജയിലിൽ അടക്കപ്പെടുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളാകെ നിരോധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആ കോൺഗ്രസ് അന്ന് നടക്കുകയുണ്ടായില്ല. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷമാണ് 78ൽ ജലന്ധറിൽ വെച്ച് സിപിഐ എം പത്താം കോൺഗ്രസ്സ് നടത്തിയത്.

അതേസമയം സിപിഐ യഥാകാലംതന്നെ അവരുടെ പത്താം കോൺഗ്രസ് നടത്തി.മുൻകാലത്തേക്കാൾ എല്ലാം ആർഭാടത്തോടെ, സോവിയറ്റ് യൂണിയനുൾപ്പെടെ ഭരണത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. സിപിഐ യാണ് ഇന്ത്യയിലെ ഏക കമ്യുണിസ്റ്റ് പാർട്ടിയെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാൻ ഉള്ള ഔദ്ധത്യംപോലും അവർ പ്രകടിപ്പിച്ചു.

അടിയന്തിരാവസ്ഥ പരാജയപ്പെട്ട ശേഷം സിപിഐ എം പത്താം പാർട്ടി കോൺഗ്രസ് പഞ്ചാബിലെ ജലന്ധരിൽ നടക്കുന്നതിന്റെ തൊട്ടപ്പുറത്ത് പതിനൊന്നാം പാർട്ടി കോൺഗ്രസ് നടത്തുകയായിരുന്നു സിപിഐ. അങ്ങിനെയാണ് ഒരു കോൺഗ്രസ് മുന്നിലെത്തി അവർ സ്വയം വല്യേട്ടനായത്. പക്ഷേ ജലന്ധറിലും ഭട്ടിണ്ടായിലും തികച്ചും വ്യത്യസ്തമായിരുന്നു അന്തരീക്ഷം അടിയന്തരാവസ്ഥയെ പിന്താങ്ങേണ്ടതാണെന്ന രാഷ്ട്രീയനയം മാത്രമല്ല, പാർട്ടി പരിപാടി തന്നെയും സിപിഐ കോൺഗ്രസിൽ നിശിത വിമർശനത്തിനിടയായി. ചർച്ചകൾ കാടുകയറുകയും, കൃത്യമായ മറുപടികൾ ലഭിക്കാതെ പ്രതിനിധികൾ ആശയക്കുഴപ്പത്തിലും നിരാശയിലും ആണ്ടു പോവുകയും ചെയ്തു. അടിയന്തരാവസ്ഥയെ പിന്താങ്ങിയത് തെറ്റായെന്ന് സമ്മേളനം കുറ്റസമ്മതം നടത്തി.നിശിത വിമർശനത്തിന് വിധേയമായ പാർട്ടി പരിപാടി മാറ്റി വെക്കാനും തീരുമാനമായി.

ജലന്ധറിലാകട്ടെ, കോൺഗ്രസിലെ പിളർപ്പും അടിയന്തരാവസ്ഥയും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളെ പൊതുവിൽ ശരി വെക്കുകയും ജനതാ ഗവർമെന്റിനോടുള്ള സമീപനത്തിൽ വ്യക്തത വരുത്തുകയും ചെയ്തു.

ഭട്ടിണ്ടാ കോൺഗ്രസിന്റെ തീരുമാന പ്രകാരം സിപിഐ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയും, കേരള മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.1980ൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കപ്പെട്ടു.

ബുർഷ്വാ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ജൂനിയർ പങ്കാളിയാകാൻ സിപിഐ എം ഒരിക്കലും തയ്യാറായില്ല. പ്രധാനമന്ത്രിസ്ഥാനം വെച്ചു നീട്ടിയപ്പോൾ പോലും അത് നിരാകരിക്കാൻ പാർട്ടിക്ക് ഒരു സംശയവുമുണ്ടായില്ല.അതേസമയം സന്ദർഭം കിട്ടിയപ്പോഴൊക്കെയും ബുർഷ്വാപാർട്ടികൾക്കൊപ്പം അധികാരം പങ്കിടാൻ സിപിഐക്ക് ഒരു മടിയും ഉണ്ടായില്ല. (1996ൽ രൂപീകരിക്കപ്പെട്ട കേന്ദ്രത്തിലെ ഐക്യമുന്നണി മന്ത്രിസഭയിൽ സിപിഐ പങ്കാളികളായിരുന്നു. 2004ൽ യുപിഎ സർക്കാർ രൂപീകരിച്ചപ്പോൾ അതിൽ പങ്കാളിയാകാൻ സിപിഐ താൽപര്യപ്പെട്ടിരുന്നു. സിപിഐ എം അതിനു സന്നദ്ധമല്ലാതിരുന്നതിനാൽ അവസാനം ആ ശ്രമം പരാജയപ്പെട്ടു). സ്വന്തം ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിന്നുള്ള മുൻകൈയും നേതൃത്വവും ഉള്ളിടത്ത് മാത്രമേ അധികാരത്തിൽ പങ്കാളിയാകു എന്ന വിപ്ലവകരമായ നിലപാട് സിപിഐ എം എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിച്ചു. സിപിഐ ആകട്ടെ, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടുകളാണ് പിന്തുടർന്നത്.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ക്രൂഷ്‌ചേവ് തുടങ്ങിവെച്ച തിരുത്തൽവാദപരമായ പരിഷ്‌കാരങ്ങളുടെ അവസാന അധ്യായമായിരുന്നു ഗോർബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റും, പെരിസ്‌ട്രോയ്ക്കയും.1991ഓടെ ഗോർബച്ചേവും, യൽസ്ടിനും ചേർന്ന് ലോകത്തിലാദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തെ ഭൂപടത്തിൽ നിന്നു മായിച്ചു കളഞ്ഞു. സോവിയറ്റ് തിരുത്തൽവാദത്തെ പിന്തുടർന്ന കിഴക്കൻ യൂറോപ്പിലെ ജർമനി ഉൾപ്പടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ മുതലാളിത്തത്തെ സ്വയം വരിച്ചു.സിപിഐ യുടെ സഹചാരികൾ ആയിരുന്ന നിരവധി പാർട്ടികൾ കമ്യൂണിസ്റ്റ് എന്ന പേരും ചെങ്കൊടിയും ഉപേക്ഷിച്ച് സോഷ്യൽ ഡെമോക്രാറ്റുകളായി രൂപാന്തരപ്പെട്ടു.സ്വാഭാവികമായും അവർക്കൊപ്പം സിപിഐയും ചേരേണ്ടതായിരുന്നു. തിരുത്തൽ ശക്തി എന്നൊക്കെയുള്ള പട്ടങ്ങൾ അവർക്ക് ചാർത്തിക്കൊടുക്കുന്ന മലയാള മനോരമ തന്നെ അതാവശ്യപ്പെടുകയും ചെയ്തു.

റഷ്യൻസംഭവവികാസങ്ങളുടെപശ്ചാത്തലത്തിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഉടൻ പിരിച്ചുവിടണം എന്നായിരുന്നു മനോരമ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്.അതിന് മറുപടി പറഞ്ഞത് ഇ എം എസ് ആണ്. റഷ്യയിൽ പരാജയപ്പെട്ടത് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ ഒരു പരീക്ഷണമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ശൂന്യാകാശത്തേക്ക് തൊടുത്തുവിട്ട ഒരു ദൗത്യം പരാജയപ്പെട്ടാൽ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞർ ഗവേഷണം ഉപേക്ഷിച്ചുപോകാറില്ല.. മാർക്‌സിസം ശാസ്ത്രമാണ്. അതിന്റെ പ്രയോഗത്തിൽ വന്ന തകരാറാണ് സോവിയറ്റ് പരാജയത്തിനിടയാക്കിയത്. അനുഭവങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു കൊണ്ട് കമ്യൂണിസ്റ്റുകാർ വിപ്ലവ പതാകയുമായി മുന്നോട്ടു പോകും എന്ന് സഖാവ് വ്യക്തമാക്കി. സിപിഐ എം മുൻകൈ എടുത്ത് കൽക്കത്തയിൽ വിളിച്ചു ചേർത്ത ലോകത്തിലെ അവശേഷിച്ച കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനം ഇതേ നിലപാട് അംഗീകരിച്ചു

പ്രതിസന്ധി ഘട്ടത്തിൽ ലോക വിപ്ലവപ്രസ്ഥാനത്തിന് ആത്മവിശ്വാസം നൽകാൻ സമ്മേളനത്തിന് കഴിഞ്ഞു. സിപിഐ യും ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

എതിർപ്പുകാരുടെ (മുതലാളിത്തത്തിന്റെ) ആകർഷണവലയത്തിൽ വിപ്ലവപ്രസ്ഥാനം പെട്ട് പോകുമ്പോഴാണ് തിരുത്തൽവാദം പാർട്ടിയെ ഗ്രസിക്കുന്നതും അത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നതും.

'ഇടതുപക്ഷത്തെ തിരുത്തൽ ശക്തി' എന്നൊക്കെയുള്ള വലതുപക്ഷ മാധ്യമ വായ്ത്താരികളെ വാരിപ്പുണരുന്നതും, മാറത്തണിയുന്നതുമൊക്കെ റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിർപ്രകടനമായേ കണക്കാക്കേണ്ടതുള്ളൂ. •