തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാലറി കട്ടിനെതിരെ സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രം​ഗത്ത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ജീവനക്കാരുമായി തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഓർഡിനൻസിലൂടെ ശമ്പളം മാറ്റിവെക്കുന്നത് ശരിയല്ലെന്ന് ജോയിന്റ് കൗൺസിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം വീണ്ടും ആറുമാസംകൂടി പിടിക്കുന്നതിനെതിരെയാണ് ജോയിന്റ് കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്.

ഒരു ഓർഡിനൻസിലുടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല. യാത്രാ ചെലവുകളും മറ്റും വലിയതോതിൽ ഉയർന്നതിനാൽ ജീവിതചെലവ് ഉയർന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശമ്പളം പിടിക്കുന്നത് ശരിയല്ല. സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നു. സംഘടനയുടെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരമാണ് സർക്കാർ തീരുമാനത്തിനെതിരെ നിലപാടെടുത്തത്.