തിരുവനന്തപുരം: സിപിഐ ദേശീയ നേതൃനിരയിലെ ശ്രദ്ധേയ മുഖമായ കനയ്യ കുമാർ കോൺഗ്രസിലേക്ക് പോയത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പാർട്ടി ദേശീയ നേതൃത്വം വേണ്ട വിധത്തിൽ ഇടപെടാത്തതാണ് കനയ്യക്ക് തിരിച്ചടിയായത് എന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലെ നേതാക്കൾ കനയ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പിടിച്ചു നിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. ഇതിനായി കനയ്യകുമാറിനെ സിപിഐയിൽ പിടിച്ചുനിർത്താൻ കേരള നേതാക്കൾ രാജ്യസഭാ സീറ്റുവരെ ഉറപ്പുനൽകി.

കനയ്യ പാർട്ടിയിലുണ്ടാവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ശ്രമിച്ചതും കേരളത്തിലെ നേതാക്കളാണ്. കനയ്യയുടെ സാന്നിധ്യം ഇടതുപക്ഷത്തേക്ക് യുവാക്കളെ എത്തിക്കാൻ ഏറെ പ്രചോദനമായ ഘടകമാണെന്ന തിരിച്ചറിവ് തന്നെയാണ് കാരണം. കനയ്യക്ക് കേരളത്തിൽ അടക്കം വലിയ തോതിൽ ആരാധകർ ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ എ.ഐ.എസ്.എഫ്. മുൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പി. സന്തോഷ് കുമാർവരെ കനയ്യയെ നിലനിർത്താനുള്ള ദൗത്യത്തിൽ പങ്കാളികളായിരുന്നു.

ബിഹാറിലെ പാർട്ടി നേതൃത്വവുമായുള്ള കനയ്യയുടെ കലഹമാണ് അദ്ദേഹത്തെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. ഇക്കാര്യത്തിൽ ഉചിതമായ രീതിയിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം കാനം രാജേന്ദ്രൻ ദേശീയനേതൃത്വത്തിന് മുമ്പിൽ വെച്ചതാണ്. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. കനയ്യയുമായി നേരിട്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ഡി. രാജ സംസാരിക്കുന്നതിനു മുമ്പുതന്നെ ബിനോയ് അനുനയത്തിനായി ഇറങ്ങി. കനയ്യയുമായി വ്യക്തിബന്ധമുള്ള സന്തോഷ് കുമാർ പലവട്ടം കനയ്യയുമായി ബന്ധപ്പെട്ടു.

ബിഹാറിലെ പാർട്ടി പ്രശ്‌നങ്ങളും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവുമാണ് കേരളനേതാക്കളോട് കനയ്യ പറഞ്ഞത്. പക്ഷേ, പാർട്ടി വിടില്ലെന്ന് ആവർത്തിച്ചു. ഇതോടെ, പാർട്ടി ഗ്രൂപ്പുകളിൽ ബിനോയ് വിശ്വംതന്നെ കനയ്യയെക്കുറിച്ചു വരുന്ന വാർത്തകൾ തള്ളി വിശദീകരണ കുറിപ്പിട്ടു. കനയ്യയ്ക്ക് രാജ്യസഭാ സീറ്റുവരെ കേരളനേതാക്കൾ പരോക്ഷമായി സൂചിപ്പിച്ചു. ഇനി ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്ന് സിപിഐ.ക്കാണ്. മറ്റു സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് സീറ്റ് നൽകുന്ന രീതി ഇടതു പാർട്ടികൾക്ക് പൊതുവേ ഇല്ല. എങ്കിലും, കനയ്യയ്ക്കുവേണ്ടി അത്തരമൊരു പരീക്ഷണത്തിനു മുതിർന്നാലും തെറ്റില്ലെന്ന നിലപാട് കേരള നേതാക്കൾക്കുണ്ടായിരുന്നു.

ഇടഞ്ഞുനിൽക്കുന്ന കനയ്യയെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താൻ ദേശീയനേതൃത്വം വേണ്ടരീതിയിൽ ഇടപെട്ടോ എന്ന സംശയം കേരള നേതാക്കൾക്കുണ്ട്. പക്ഷേ, പാർട്ടിയെ തള്ളി മറുകണ്ടം ചാടിയ കനയ്യയെ അതേ വീറോടെ തള്ളിപ്പറഞ്ഞതും അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ച കേരളത്തിലെ നേതാക്കളാണ്. അതേസമയം കാനം പോയപ്പോൾ കുറ്റപ്പെടുത്തലുമായി ഡി രാജയും രംഗത്തുവന്നു. വ്യക്തിപരമായ അഭിലാഷങ്ങൾ മൂലമാണ് കനയ്യ കുമാർ പാർട്ടി വിട്ടതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. കനയ്യ പാർട്ടിയിൽ നിന്ന് സ്വയം പുറത്തുപോയതാണ്. പാർട്ടി പദവികളിൽ നിന്ന് കനയ്യയെ പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസംകൊണ്ട് മാജിക്ക് പോലെ ഉണ്ടായതല്ല കനയ്യ കുമാർ. ജെ.എൻ.യു സമരകാലം മുതൽ കനയ്യയ്ക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഠിനപ്രയത്നം കൂടിയുണ്ടായിരുന്നു. കനയ്യ കുമാർ ബിജെപി, ആർഎസ്എസ്, സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്നപ്പോൾ സംരക്ഷണം നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. കനയ്യയ്ക്കൊപ്പം പാർട്ടി നിന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നു. പാർട്ടിയേയും ആദർശങ്ങളേയും കനയ്യ കുമാർ വഞ്ചിച്ചുവെന്നും ഡി. രാജ പറഞ്ഞു.

കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളെ തള്ളി നേരത്തെ ഡി. രാജയും കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സംഘടിതമായ പ്രചാരണം മാത്രമാണ് കനയ്യ കുമാറിനെക്കുറിച്ച് നടക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട് പോരാടുന്ന യുവനേതാവാണ് കനയ്യ എന്നുമായിരുന്നു റിപ്പോർട്ടുകളെ തള്ളിക്കൊണ്ട് കാനം പ്രതികരിച്ചത്.