കണ്ണൂർ: സ്വർണ്ണക്കടത്തു കേസിൽ ബന്ധമുണ്ടെന്ന് വ്യക്തമായ അർജുൻ ആയങ്കിമാരെ സഹായിക്കുന്നവർക്കതെിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് സിപിഎം. അതിന്റെ ഭാഗമായി അർജുൻ ആയങ്കിക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെതിരെ സിപിഎം നടപടി കൈക്കൊണ്ടു. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തു.

സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാർട്ടി വിലയിരുത്തൽ. നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. പാർട്ടിയെ മറയാക്കി ക്വട്ടേഷൻ നടപടിക്ക് നേതൃത്വം നൽകുന്ന മുഴുവൻ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. ഇപ്പോൾ പുറത്തുവന്ന പേരുകൾക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കണ്ടെത്താൻ പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകും.

ഇപ്പോൾ പാർട്ടി പേരെടുത്ത പറഞ്ഞ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാർട്ടി പ്രവർത്തകരോ നേതാക്കളോ ഉണ്ടെങ്കിൽ അവരോട് പിൻതിരിയാരും കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടി തീരുമാനം അനുസരിച്ചില്ലെങ്കിൽ അത്തരക്കാരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചു. വളരെ ഗൗരവതരമായി തന്നെ വിഷയത്തെ സമീപിക്കാനാണ് സിപിഎം തീരുമാനം.

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്‌ഐ നടപടി സ്വീകരിച്ചത്. താന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാട്ടി സജേഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. സിപിഎമ്മിന്റേയും സർക്കാരിന്റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്‌ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുടേയും അടക്കം പങ്ക് പുറത്ത് വന്നതോടെ ഇവരെ തള്ളി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

കോഴിക്കോട് രാമനാട്ടുകരയിൽ 5 പേരുടെ അപകടമരണത്തോടെ പുറത്തുവന്ന സ്വർണക്കള്ളക്കടത്തിൽ ബന്ധം സംശയിക്കുന്ന അർജുൻ ആയങ്കി ആ ദിവസം കോഴിക്കോട് വിമാനത്താവള പരിസരത്തുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അർജുൻ പാർട്ടി വൊളന്റിയറായിരുന്നതിന്റെ തെളിവും വെളിപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും പാർട്ടി വൊളന്റിയർമാരായിരുന്നതിന്റെ തെളിവുകൾ ഇരുവരുടെയും ഫേസ്‌ബുക് പേജുകളിലുണ്ട്.

സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനുവേണ്ടി പോരാട്ടം നയിക്കുന്നവരെന്ന വീരപരിവേഷവുമായി നിറഞ്ഞുനിന്ന ഇരുവരും കഴിഞ്ഞ ലോക്സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണ രംഗത്തുമുണ്ടായിരുന്നു. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്തവർക്കു വൊളന്റിയർ പരിശീലനം ലഭിക്കില്ല. ഫേസ്‌ബുക്കിൽ സിപിഎം ഉന്നത നേതാക്കളുമായുള്ള ചിത്രങ്ങളും പാർട്ടിക്കൊടിയും വൊളന്റിയർ വേഷവും മുദ്രാവാക്യങ്ങളുമായി നിറഞ്ഞുനിൽക്കുന്ന അർജുന് 44,186 ഫോളോവേഴ്സുണ്ട്; ആകാശ് തില്ലങ്കേരിക്ക് 58,643 പേരും. ഏറെയും സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണ്. ഇരുവരുടെയും സൗഹൃദ വലയത്തിൽ സിപിഎം നേതാക്കളും ജനപ്രതിനിധികളുമുണ്ട്.

ഈമാസം 21നു കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖ് അത് അർജുനു കൈമാറാനുള്ളതായിരുന്നുവെന്നു മൊഴി നൽകിയിരുന്നു. തിങ്കളാഴ്ച കൊച്ചിയിലെത്താൻ കസ്റ്റംസ് അർജുനു നോട്ടിസ് നൽകിയിട്ടുമുണ്ട്. സ്വർണം തട്ടിയെടുക്കാൻ അർജുന്റെ കാറിനെ പിന്തുടരുന്നതിനിടെയാണ് ചെർപ്പുളശേരിയിൽനിന്നുള്ള സംഘത്തിലെ 5 പേർ അപകടത്തിൽ മരിച്ചതെന്നു പൊലീസ് പറയുന്നു.