കൊച്ചി : കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.ബാബു സ്വന്തം പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തു. എക്‌സിറ്റ് പോൾ ഫലങ്ങളിൽ തൃപ്പുണ്ണിത്തുറയിൽ ജയിക്കുമെന്ന നില തിരിച്ചറിഞ്ഞശേഷമാണ് ഇത്. കോൺഗ്രസിലെ ഐ വിഭാഗം നേതാക്കൾക്കെതിരെയാണ് ബാബുവിന്റെ കേസ് കൊടുക്കൽ.

എ.ബി.സാബു, കെ.ആർ.പ്രേംകുമാർ, ഇന്ദു കലാധരൻ എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി. സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ദിവസങ്ങളിൽ എതിർകക്ഷികൾ അപകീർത്തികരമായ പത്രസമ്മേളനം നടത്തിയതാണു ഹർജിക്കു കാരണമായത്. തൃപ്പൂണിത്തുറയിൽ ബാബുവിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവാണ് എബി സാബു. കെ ബാബു പരാജയപ്പെടുമെന്ന് സാബു പ്രതികരിച്ചിരുന്നു.

ബിജെപിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകും. മണ്ഡലത്തിൽ എം സ്വരാജിന് അനുകൂല സഹാചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐ വിഭാഗത്തെ പൂർണമായും അവഗണിച്ചായിരുന്നു മണ്ഡലത്തിൽ ബാബുവിന്റെ പ്രചാരണമെന്നും സാബു തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാബുവിന്റെ നിയമ നടപടി.

സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നതിനിടെ കെ. ബാബു തന്നെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് ഒരു രേഖ ഹാജരാക്കിയിരുന്നു. എന്നാൽ അത് കുറ്റവിമുക്തനാക്കിയ രേഖയല്ല. അത് വിജിലൻസ് കോടതിയിൽ നൽകിയ ഒരു രേഖ മാത്രമാണ്. നിലവിൽ തൃപ്പൂണിത്തുറയിലെ മത്സരച്ചിത്രം നോക്കിയാൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ജനങ്ങളാൽ മാറ്റിനിർത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാൻ കാത്തിരുന്നവരെ നിരാശരാക്കിയെന്നും- എ വി സാബു ആരോപിച്ചിരുന്നു.

മണ്ഡലത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രചാരണങ്ങളിൽനിന്ന് വിട്ടുനിന്നതായി പരാതിയുയർന്നിരുന്നു. സാബുവിനൊര്രം നിന്ന നേതാക്കളാണ് പ്രേം കുമാറും ഇന്ദു കലാധരനും. ഡിസിസി മുൻ ജനറൽ സെക്രട്ടറിയാണ് എ ബി സാബു. ഐ ഗ്രൂപ്പ് നേതാവാണ്. കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറാണ് കെ ആർ പ്രേംകുമാർ.

ഹൈക്കമാന്റിൽ സമ്മർദ്ദതന്ത്രം ഉപയോഗിച്ചാണ് ഗ്രൂപ്പ് നേതാക്കൾ അഴിമതി ആരോപണവിധേയനായ വ്യക്തിക്ക് സീറ്റ് തരപ്പെടുത്തിയതെന്ന് ഇവർ ആരോപിച്ചിരുന്നു. 2016 ലും കെപിസിസിയും ഹൈക്കമാന്റും ബാബുവിന് സീറ്റ് നിഷേധിച്ചപ്പോൾ ഇത്തരത്തിലുള്ള സമ്മർദ്ദതന്ത്രത്തിലൂടെ സീറ്റ് തരപ്പെടുത്തുകയും അന്ന് മൽസരിച്ച് പരാജയപ്പെടുകയും ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അഹാസ്യമായ നാടകവും കാലതാമസവും ജനാധിപത്യവിശ്വാസികളിൽ യുഡിഎഫിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുകയും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെ നശിപ്പിക്കുകയും ചെയ്തായും എ ബി സാബു കുറ്റപ്പെടുത്തിയിരുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതു മൂലം പ്രവർത്തകരിൽ ചേരിതിരിവ് ഉണ്ടാക്കുകയും വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുകയം ചെയ്തു. ഇതുമൂലം തൃപ്പൂണിത്തുറയിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിയുന്നതെന്നും ഇവർ വ്യക്തമാക്കി.തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുന്നതിന് വിജയസാധ്യതയുള്ള പുതുമുഖ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഹൈക്കമാന്റ് തയ്യാറാകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

തിരുത്തലിന് ഇനിയും തയ്യാറാവാതെ സമ്മർദ്ദതന്ത്രത്തിനു വഴങ്ങി കെ ബാബുവുമായി മുന്നോട്ടുപോയാൽ 2016 ലെ ഫലം ആവർത്തിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകിയിരുന്നു. ഈ വാർത്താ സമ്മേളനത്തിന് എതിരെയാണ് ബാബുവിന്റെ നിയമ നടപടി നീക്കം.