തിരുവനന്തപുരം: ഒരുനൂറ്റാണ്ട് ജീവിച്ച് വിടവാങ്ങുമ്പോൾ ഗൗരിയമ്മയ്ക്ക് സിപിഎം നൽകുന്നത് അത്യപൂർവമായ അന്തിമോപചാരം. തലസ്ഥാനത്ത് നിന്ന ആലപ്പുഴ വലിയ ചുടുകാട്ടിലേക്ക് കൊണ്ടും പോകും മുമ്പ് വിപ്ലവ നായികയെ ചെങ്കൊടി പുതപ്പിച്ചു. 1994 ൽ പാർട്ടിയിൽ നിന്ന് പുറത്തുപോന്നെങ്കിലും എന്നും ഉള്ളിൽ കൊണ്ടുനടന്നത് ചെങ്കൊടി തന്നെയായിരുന്നല്ലോ. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ എ വിജയരാഘവനും എംഎ ബേബിയും ചേർന്ന് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചു. ഗൗരിയമ്മയുടെ ആഗ്രഹപ്രകാരമാണ് ചെങ്കൊടി പുതപ്പിച്ചത്.

പാർട്ടി വിട്ടുപോയ ഒരാളെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കുന്ന പതിവ് സി പി എമ്മിനില്ല. എന്നാൽ ഗൗരിയമ്മയുടെ ആഗ്രഹമായിരുന്നു തന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിൽ ആയിരിക്കണമെന്നത്. രാവിലെ മരണവിവരം അറിഞ്ഞയുടൻ വലിയ ചുടുകാട്ടിൽ തന്നെ സംസ്‌കാരം നടത്താൻ സി പി എം- സിപിഐ നേതൃത്വങ്ങൾ തീരുമാനിക്കുകയായിരുന്നു. ഭർത്താവായിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമം ഒരുക്കിയത്.

ഒരുപക്ഷേ ത്രിപുര മുൻ മുഖ്യമന്ത്രി നൃപൻ ചക്രബർത്തിക്കും ഗൗരിയമ്മയ്ക്കും മാത്രമാണ് സിപിഎമ്മിൽ ഈ അപൂർവ ബഹുമതി കിട്ടുന്നത്. ഗൗരിയമ്മ അവസാന കാലത്ത് ഇടതിനോട് ചേർന്ന് നിന്നെങ്കിലും സിപിഎമ്മിലേക്ക് മടങ്ങി വന്നില്ല. അത്തരത്തിലുള്ള സ്‌നേഹപൂർണമായ നിർബന്ധങ്ങൾക്ക് അവർ വഴങ്ങിയില്ല. എന്നിരുന്നാലും എന്നും മനസ്സിൽ ചെങ്കൊടി തന്നെയായിരുന്നു ചിരപ്രതിഷ്ഠ.

1994ൽ സിപിഎമ്മിൽ നിന്നും ഗൗരിയമ്മ പുറത്തുപോന്നു. ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) എന്ന ഗൗരിയമ്മയുടെ സ്വന്തം പാർട്ടി പിറന്നു. നൃപൻ ചക്രബർത്തി 1995 ൽ പാർട്ടിക്ക് പുറത്തായി. സ്വന്തമായി പാർട്ടി ഉണ്ടാക്കാൻ അദ്ദേഹം തുനിഞ്ഞില്ല. മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് സിപിഎം അദ്ദേഹത്തിന്റെ പാർട്ടി അംഗത്വം പുനഃ സ്ഥാപിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയുള്ള ദീർഘകാല സ്വയം സമർപ്പിത ജീവിതത്തോടുള്ള ആദരവിന്റെ ഭാഗമായിരുന്നു അത്. ഭൗതികശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് യഥാർത്ഥ കമ്യൂണിസ്റ്റ് ശൈലിയിലായിരുന്നു നൃപൻ ദായുടെ അന്ത്യകർമങ്ങൾ. മറിച്ചായിരുന്നെങ്കിൽ അത് നൃപൻ ദായോടുള്ള കടുത്ത അനാദരവ് കൂടിയാകുമായിരുന്നു. പുറത്താക്കിയെങ്കിലും നിരവധി കമ്യൂണിസ്റ്റ് നേതാക്കളും മന്ത്രിമാരും അക്കാലത്ത് നൃപൻ ചക്രബർത്തിയുടെ ഉപദേശം തേടുക പതിവായിരുന്നു. 2004 ൽ നൂറാം വയസിൽ അന്തരിക്കും വരെ. അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടി പുറത്താക്കിയെങ്കിലും, മാർക്‌സിയൻ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല.

നൃപൻ ചക്രബർത്തി പാർട്ടി പ്രവർത്തനത്തിന്റെ തിരക്കിനിടെ വിവാഹിതനായില്ല. ഗൗരിയമ്മ ടിവി തോമസിനെ വിവാഹം കഴിച്ചെങ്കിലും സിപിഎം-സിപിഐ തർക്കങ്ങളിൽ പെട്ട് ബന്ധം ഉലഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കി 9 വർഷത്തിന് ശേഷം ഡിസംബർ 22 നാണ് സിപിഎം പിബി നൃപൻ ചക്രബർത്തിയുടെ പാർട്ടി അംഗത്വം പുനഃ സ്ഥാപിച്ചത്. 1971 ൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, 1984 ൽ പിബി അംഗവും ആയ നേതാവാണ് നൃപൻ. 1978 മുതൽ 1988 വരെ ത്രിപുര മുഖ്യമന്ത്രിയായി ചുതതല വഹിക്കുകയും ചെയ്തു.

എന്നാൽ, ഗൗരിയമ്മയ്ക്കാകട്ടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം തൊട്ടടുത്ത് എത്തിയെങ്കിലും നഷ്ടമായി. പാർട്ടിയിൽ സംസ്ഥാന കമ്മിറ്റിക്കപ്പുറത്തേക്ക് വളരാൻ ഗൗരിയമ്മയ്ക്കായില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യറോയിലും എത്താനായില്ല. 1987-ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഗൗരിയമ്മയായിരിക്കും മുഖ്യമന്ത്രിയെന്ന് കേരളം കരുതി. മികച്ച ഭരണത്തിൽ ട്രാക്ക് റെക്കോഡുണ്ടായിട്ടും, പാർട്ടിയിലെ ചരട് വലികളിൽ പെട്ട് മുഖ്യമന്ത്രി സ്ഥാനം അകന്നുപോയി. എന്തായാലും, പാർട്ടി വിട്ടുപോയ നേതാവിന് പതിവുകൾ തെറ്റിച്ച് സിപിഎം ഉചിതമായ വിടവാങ്ങൽ നൽകുകയാണ്. അപ്പോഴും ഗൗരിയമ്മയുടെ ഒരുചോദ്യത്തിന് മറുപടി ബാക്കിയാവുന്നു: എന്നെ പാർട്ടിയിൽ നിന്ന് എന്തിനാ പുറത്താക്കിയത്?