ഷൊർണൂർ: സിപിഎം നേതൃത്വത്തിനെതിരെ ഷൊർണൂരിലെ അണികളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന്​ ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ്​ വാര്യർ. കാരാട്ട്​ റസാഖിനും പി.വി അൻവറിനും സീറ്റുകൊടുത്ത സിപിഎം എന്തുകൊണ്ടാണ്​ പി.കെ ശശിക്ക്​ സീറ്റ്​ നൽകാത്തതെന്ന ചോദ്യമാണ് സിപിഎം അണികൾ നേതൃത്വത്തിന് നേരെ ഉയർത്തുന്നതെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.

ആ​ഫ്രിക്കയിൽ 20,000 കോടിയുടെ വജ്ര ഖനനം നടത്താൻ പോവുകയാണെന്ന്​ പരസ്യമായി പറയുന്ന അൻവറിന്​ സിപിഎം സീറ്റ്​ നൽകിയിട്ടുണ്ട്​. എന്നാൽ പാർട്ടി അന്വേഷണ കമ്മിഷൻ നിരപരാധിയെന്ന്​ കണ്ടെത്തിയ ശശിക്ക്​ സീറ്റുനൽകാത്തത്​ എന്തുകൊണ്ടാണെന്നാണ്​ അണികൾ ചോദിക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണമാണ്​ സിപിഎം പ്രവർത്തകർ ചോദിക്കുന്നത്​. എന്നാൽ, വിശദീകരണം നൽകാൻ സിപിഎമ്മിന്​ കഴിഞ്ഞിട്ടില്ലെന്നാണ്​ അവരുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കണ്ടാൽ മനസിലാകുന്നതെന്നും സന്ദീപ്​ വാര്യർ പറഞ്ഞു. ഷൊർണൂരിൽ പി.കെ ശശിക്ക്​ പകരം പി.മമ്മിക്കുട്ടിയാണ്​ സിപിഎം സ്ഥാനാർത്ഥി. ടി.എച്ച്​.ഫിറോസ്​ ബാബു​ യു.ഡി.എഫിനായും മത്സരരംഗത്തുണ്ട്​.