ഇടുക്കി: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഎം ഇടുക്കി ജില്ലാ സമ്മേളനം. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പ്രതിനിധികൾ, ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു. മറ്റ് മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും അഭിപ്രായമുയർന്നു.

ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലും സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായാണ് പ്രതിനിധികൾ രംഗത്തെത്തിയത്. ആഭ്യന്തര വകുപ്പടക്കം വിവിധ വകുപ്പുകൾക്കെതിരെ പ്രതിനിധികൾ ഇന്നും രൂക്ഷവിമർശനം ഉയർത്തി.

ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞല്ലായിരുന്നു വിമർശനമെങ്കിൽ പോലും ആഭ്യന്തര വകുപ്പ് പരാജയമെന്ന സൂചന തന്നെയാണ് ജില്ല സമ്മേളനത്തിലെ അംഗങ്ങൾ നൽകുന്നത്.

പൊലീസിനെതിരെ തുടർച്ചയായുണ്ടാകുന്ന അതിക്രമ പരാതികളുടെ അടിസ്ഥാനത്തിലാണ് രൂക്ഷ വിമർശമുണ്ടായത്. ഇടുക്കി ജില്ല പൊലീസ് മേധാവിയെ മാറ്റണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

പൊലീസിനെതിരെ മറ്റ് ജില്ല സമ്മേളനങ്ങളിലും വിമർശനമുയർന്നിരുന്നെങ്കിലും ആദ്യമായാണ് ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണമെന്ന ആവശ്യം വരുന്നത്. തുടർച്ചയായി പൊലീസിലുണ്ടാകുന്ന വീഴ്‌ച്ചകൾ ഉയർത്തിക്കാട്ടിയാണ് പ്രതിനിധി ചർച്ചയ്ക്കിടെ പ്രാദേശിക നേതാക്കളുടെ വിമർശനം.

പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നുവെന്നും ഇടുക്കി ജില്ലയിലടക്കം പൊലീസിൽ അഴിച്ചുപണി വേണമെന്നും പലരും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി.

പൊലീസിൽ ഒരു വിഭാഗം സർക്കാരിതിരെ പ്രവർത്തിക്കുന്നു. ഇത് കണ്ടെത്താൻ ശ്രമം നടത്തണമെന്നും പൊലീസ് സംഘടന സംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവച്ചു.

സംസ്ഥാനത്തെ പൊലിസിന് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന പരാതികളും വിമർശനങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരിഹാരം കാണുമെന്നും പ്രതിനിധികൾക്ക് മറുപടി നൽകി.

വിവിധ ജില്ലാ സമ്മേളനങ്ങളിൽ അഭ്യന്തര വകുപ്പിനെതിരെ തുടർച്ചയായി പരാതികളും വിമർശനവും ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെടുന്നുവെന്ന് കോടിയേരി പാർട്ടി വേദിയിൽ തന്നെ വ്യക്തമാക്കിയത്. പൊലീസിന്റെ നില വിട്ട പെരുമാറ്റം പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.

അതേസമയം സിപിഎം ഇടുക്കി സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇത്തവണത്തെ മന്ത്രിമാർ മോശമാണെന്ന് ഒരു പ്രതിനിധി സമ്മേളനത്തിൽ തുറന്നടിച്ചു. കഴിഞ്ഞ സർക്കാരിൽ ഒന്നിനൊന്ന മെച്ചപ്പെട്ട മന്ത്രിമാരെ ആയിരുന്നു ലഭിച്ചത്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാർ എത്തിയില്ലെന്നായിരുന്നു സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനം.

സിപിഐക്കെതിരെയും കാര്യമായ വിമർശനം സമ്മേളനത്തിൽ ഉയർന്നു. സിപിഐ കൂറുമുന്നണിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സിപിഐക്ക് ബിജെപിയുടെ സ്വരമാണെന്നും പ്രതിനിധികൾ ആരോപിച്ചു. ലൈഫ് പദ്ധതി ആട്ടിമറിക്കാൻ റവന്യൂ, കൃഷി വകുപ്പുകൾ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നു.

വനംവകുപ്പിനെതിരേയും ചില പ്രതിനിധികൾ സമ്മേളനത്തിൽ വിമർശനം ഉയർത്തി. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ബന്ധം മൃഗങ്ങളുമായാണെന്നും അതിനാലാണ് ചില ഉദ്യോഗസ്ഥർ മൃഗങ്ങളെ പോലെ പെരുമാറുന്നതെന്നുമായിരുന്നു ഇതിനുള്ള കോടിയേരിയുടെ മറുപടി.

കേരള കോൺഗ്രസ് ബന്ധം വഴി വോട്ട് വിഹിതം വർധിപ്പിക്കാൻ ആയില്ലെന്ന് നിരീക്ഷണം ചില പ്രതിനിധികൾ മുന്നോട്ട് വച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കാതിരുന്ന എസ്.രാജേന്ദ്രനെതിരെ മനഃപൂർവ്വം നടപടി വൈകിപ്പിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി സമ്മേളനത്തിൽ വിശദീകരിച്ചു. സമ്മേളനകാലം ആയതിനാലാണ് നടപടി ക്രമങ്ങൾ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.