തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിനും സാധ്യത ചൂണ്ടിക്കാണിക്കുമ്പോൾ പാർട്ടി സമ്മേളനങ്ങൾ ഇനിയും നീട്ടാൻ വയ്യെന്ന് സിപിഎം.കഴിഞ്ഞ വർഷം പകുതിയോടെ ആരംഭിച്ച് ഈ ഏപ്രിലിൽ പാർട്ടി കോൺഗ്രസോടെ അവസാനിക്കേണ്ടിയിരുന്ന സമ്മേളനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഒരു വർഷം നീട്ടി വച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജൂൺജൂലൈ മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചു. ഇതോടെ തൽക്കാലം മാറ്റിവച്ചെങ്കിലും സമ്മേളനങ്ങൾ അനന്തമായി നീട്ടേണ്ട എന്നാണ് കേരള നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുതുമയാർന്ന രീതിയിലുള്ള സമ്മേളന നടപടികൾക്കാണ് സിപിഎം ലക്ഷ്യമിടുന്നത്.

ഇത് സംബന്ധിച്ച ശുപാർശ കേന്ദ്ര കമ്മറ്റിക്കും പോളിറ്റ് ബ്യൂറോയ്ക്കും സമർപ്പിക്കും. കേരള നേതൃത്വത്തിന്റെ ഈ ശുപാർശ.ജൂലൈയിൽ ചേരുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ പരിഗണിക്കും. സംഘടനാ സമ്മേളനങ്ങളുടെ മാനദണ്ഡവും ഷെഡ്യൂളും അന്തിമമാക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്.ശുപാർശ അംഗീകരിച്ചാൽ സമ്മേളന നടപടികളിലേക്ക് പാർട്ടി കടക്കും. അങ്ങിനെയങ്കിൽ പാർട്ടിയുടെ ചരിത്രത്തിലാദ്യമായി പ്രതിനിധികളുടെ എണ്ണം കുറച്ചുള്ള സമ്മേളനങ്ങളായിരിക്കും ഇത്തവണ നടക്കുക.

പരമാവധി 15 അംഗങ്ങൾ മാത്രമാണ് ഓരോ ബ്രാഞ്ചിലും എന്നതിനാൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി വയ്ക്കാൻ പ്രയാസമില്ല. അൻപതിൽത്താഴെ അംഗങ്ങളുമായി ലോക്കൽ സമ്മേളനങ്ങളും നടത്താൻ കഴിയും. ഏരിയ തലം മുതൽ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനാണ് ആലോചന. ഏരിയ കമ്മിറ്റി അംഗങ്ങൾ, അതിനു കീഴിലുള്ള ലോക്കൽ സെക്രട്ടറിമാർ, ആ മേഖലയിലെ പ്രധാന സഹ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരാണ് ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കോവിഡിന്റെ തോതനുസരിച്ച് ജില്ലാസംസ്ഥാന സമ്മേളനങ്ങളിലും ഈ നിയന്ത്രണം തുടരും. സാധാരണ ഗതിയിൽ 500 പ്രതിനിധികൾ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാറുണ്ട്. ഇത്രയും പേരുമായി മൂന്നു ദിവസം സമ്മേളനം ചേരുന്നതു നിലവിൽ പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ വിശാല സംസ്ഥാനകമ്മിറ്റി യോഗം പോലെ ഫോറം വിളിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതാണു പരിഗണനയിൽ.

സമ്മേളനങ്ങളുടെ കാര്യത്തിൽ ഈ ധാരണ കൈക്കൊണ്ട കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം നിയമസഭാ തിരഞ്ഞെടുപ്പു ജനവിധിയുടെ വിശദ പരിശോധന തുടങ്ങിവച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ജില്ലാകമ്മിറ്റി യോഗങ്ങൾ നേരിട്ടു വിളിച്ചു ചേർക്കാൻ തുടങ്ങി. അടുത്ത സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുപ്പ് അവലോകനം അന്തിമമാക്കും. ഇതോടെ ജുലൈയിൽ നടക്കാനിരിക്കുന്ന കേന്ദ്രകമ്മറ്റി പോളിറ്റ് ബ്യൂറോ യോഗത്തിലേക്കാവും ഏവരുടെയും ശ്രദ്ധ.

കോവിഡ് മൂന്നാം തരംഗ സാധ്യതകൾ നിലവിലിരിക്കെ സംസ്ഥാന നേതൃത്വത്തിന്റെ ഈ ശുപാർശ കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിക്കും എന്നു തന്നെയാണ് കണക്കുകൂട്ടൽ