തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വിവാദങ്ങളുടെ തീച്ചൂളയിൽ നിന്ന് എൽഡിഎഫ് സർക്കാർ എങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന ജയം നേടി? പ്രതിപക്ഷത്തെ അമ്പരപ്പിക്കുന്ന കാര്യമാണ്. തർക്കവും നടക്കുന്നു. ക്രോസ് വോട്ടിങ്ങെന്ന് ചിലർ ..അതല്ലെന്ന് മറ്റുചിലർ. ഏതായാലും വിജയത്തിന് കാരണം ജനക്ഷേമപദ്ധതികളാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനും എൽഡിഎഫിനും. കോവിഡ്കാലത്തെ ഭക്ഷ്യകിറ്റ് വിതരണം വലിയ അളവിൽ തുണച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

ഈ സാഹചര്യത്തിൽ സാമൂഹ്യക്ഷേമ പദ്ധതികൾ തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് നിർദ്ദേശിച്ചു. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗം തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം പ്രാഥമികമായി വിലയിരുത്തി. സംസ്ഥാനത്ത് കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഏപ്രിൽ വരെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് സർക്കാരിനോട് സിപിഎം സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. നഗരമേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റം ഗൗരവമെന്ന് സിപിഎം വിലയിരുത്തി. ഇക്കാര്യത്തിൽ വിശദ പരിശോധന ഉണ്ടാകും.

തുടർ ഭരണ സാധ്യതയും തിരഞ്ഞെടുപ്പ് വിജയത്തോടെ വർധിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം നിലനിൽക്കെത്തന്നെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് സിപിഎം തീരുമാനം. മുൻ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായും മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് 22ന് കൊല്ലത്ത് തുടക്കമാകും. അന്നു വൈകുന്നേരം പത്തനംതിട്ടയിലും മുഖ്യമന്ത്രിയെത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമാകും പര്യടനം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 26ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ചർച്ച. 27ന് കോഴിക്കോടും വയനാടും സന്ദർശിക്കും. 28ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 29ന് തൃശൂരിരും സന്ദർശിക്കും. 30ന് രാവിലെ എറണാകുളത്തെയും വൈകിട്ട് ആലപ്പുഴയിലെയും ചർച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും

വിവാദങ്ങൾ ജനം തിരസ്‌കരിച്ചെന്നും സിപിഎം വിലിയിരുത്തി. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നാണ് വിലയിരുത്തൽ.21 മുതൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ സിപിഎം സംസ്ഥാന കമ്മിറ്റിയും ചേരും.