കൊട്ടിയൂർ: അയൽവാസിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി. കേളകം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുഭാഷാണ് സാഹസികമായി യുവതിയെ രക്ഷപ്പെടുത്തിയത്.

കേളകം പഞ്ചായത്തിലെ പൊയ്യമല സ്വദേശിയായ അയൽവാസിയുടെ പരാതി അന്വേഷിക്കാനായി എത്തിയതായിരുന്നു കേളകം എസ്ഐ ജാൻസി മാത്യുവും, സിവിൽ പൊലീസ് ഓഫീസർ സുഭാഷും.പരാതി അന്വേഷിച്ച് കാര്യങ്ങൾ ചോദിച്ച് മടങ്ങവെ കിണറ്റിനു സമീപം നിന്നിരുന്ന യുവതി കാൽതെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് തിരിച്ചു പോകാൻ ഇറങ്ങിയ എസ്ഐയും സിവിൽ പൊലീസ് ഓഫീസർ സുഭാഷും ഓടിയെത്തി.

എസ്‌ഐയുടെ നിർദ്ദേശപ്രകാരം സുഭാഷ് കിണറ്റിൽ ഇറങ്ങി നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. കാക്കയങ്ങാട് സ്വദേശിയായ സുഭാഷിന്റെ സാഹസിക രക്ഷപ്പെടുത്തലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. 14 കോലുള്ള കിണറിൽ ഒൻപതുകോലോളം വെള്ളം ഉണ്ടായിരുന്നു.