ദുബായ്: ക്രിക്കറ്റിലൂടെ പണം സമ്പാദിക്കാനായതിലൂടെ ജീവിതം മികച്ച നിലയിൽ ആയതിന്റെ അനുഭവം പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കിയിരുന്നിങ്കിൽ ഏതെങ്കിലും പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നുണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. എല്ലാം ക്രിക്കറ്റ് നൽകിയ പണമാണെന്ന് 'ക്രിക്കറ്റ് മന്ത്ലി'ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ താരം പറയുന്നു.

ബറോഡയിലെ ചെറിയ റൂമുകൾ ഉള്ള ഒരു അപാർട്മെന്റിലാണ് കുട്ടിക്കാലത്ത് ഹാർദിക് പാണ്ഡ്യയുടെ കുടുംബം താമസിച്ചിരുന്നത്. എന്നാൽ മുംബൈയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീട്ടിലാണ് ഹാർദികും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

ഇന്ത്യൻ ടീമിനായി കളിച്ചുകിട്ടുന്ന വരുമാനവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നൽകുന്ന വേതനവും ഹാർദികിന് അനുഗ്രഹമാണ്. ക്രിക്കറ്റിൽ പണം പ്രധാനമാണ്. താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ അത് കൂടുതൽ ഊർജ്ജം നൽകും. കോടിക്കണക്കിന് രൂപ പ്രതിഫലമില്ലെങ്കിൽ ആരും ക്രിക്കറ്റ് പോലും കളിക്കില്ലെന്നും ഹാർദിക് പറയുന്നു.

'പണമാണ് ജീവിതത്തിൽ പ്രധാനം. അതിന് പലതും മാറ്റിമറിക്കാൻ കഴിയും. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണം ഞാൻ തന്നെയാണ്. ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കിയില്ലെങ്കിൽ ഞാനിപ്പോൾ ഏതെങ്കിലും പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നുണ്ടാകും. ഞാൻ തമാശ പറയുകയല്ല. എന്നെ സംബന്ധിച്ച് എനിക്ക് എന്റെ കുടുംബമാണ് വലുത്. എന്റെ കുടുംബാംഗളെല്ലാം മികച്ച നിലയിലെത്തുക എന്നതാണ് എന്റെ സന്തോഷം.' ഹാർദിക് വ്യക്തമാക്കുന്നു.

'2019-ൽ ഒരു സുഹൃത്തുമായി നടന്ന സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു. യുവതാരങ്ങൾക്ക് പണം നൽകേണ്ട ആവശ്യമില്ല എന്ന്. ഞാൻ അതിനെ എതിർത്തു. ഒരു ഗ്രാമത്തിൽ നിന്ന് ഒരു യുവതാരത്തിന് വലിയ കരാർ ലഭിക്കുമ്പോൾ അതിലൂടെ ലഭിക്കുന്ന പണം അവൻ അവന് വേണ്ടി മാത്രമല്ല ചിലവഴിക്കുന്നത്. രക്ഷിതാക്കളുടേയും ബന്ധുക്കളുടേയുമെല്ലാം ഉത്തരവാദിത്വം അവന്റെ തോളിലാകും. കളിച്ചുകിട്ടുന്ന പണം കൊണ്ടായിരിക്കും അവൻ അവരെയെല്ലാം സംരക്ഷിക്കുക. ക്രിക്കറ്റിനോടുള്ള താത്പര്യത്തിനൊപ്പം പണവും ചേരുമ്പോഴേ പൂർണമാകൂ. വരുമാനമില്ലെങ്കിൽ ആരെങ്കിലും ക്രിക്കറ്റ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.' ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.



ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടിയ ഹാർദിക് യു.എ.ഇയിൽ നടന്ന ഐപിഎൽ രണ്ടാം ഘട്ടത്തിൽ ഒരു പന്തുപോലും എറിഞ്ഞിരുന്നില്ല. ബൗളിങ്ങിൽ മോശം ഫോമിലാണെങ്കിലും ഫിനിഷറായി ഹാർദിക് തിളങ്ങുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

ട്വന്റി-20 ലോകകപ്പിന് ഇറങ്ങുമ്പോൾ ഹാർദികിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങളാണ്. എം.എസ് ധോനിയുടെ അഭാവമായിരിക്കും താൻ നേരിടുന്ന ഏറ്റവും വെല്ലുവിളിയെന്നും ധോനിയില്ലാതെ ഇറങ്ങുമ്പോൾ എല്ലാം തന്റെ ചുമലിൽ തന്നെയാണെന്നും ഹാർദിക് പാണ്ഡ്യ പറയുന്നു.

'എന്നെ തുടക്കംമുതൽ മനസ്സിലാക്കിയ വ്യക്തിയാണ് എം.എസ്. ഞാൻ എന്തുതരം വ്യക്തിയാണ്, എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എനിക്ക് ഇഷ്ടമില്ലാത്തത് എന്തെല്ലാമാണ് എന്നെല്ലാം അദ്ദേഹത്തിന് അറിയാം. എന്നെ ശാന്തനാക്കാൻ കഴിയുന്ന ഒരേയൊരാൾ.

ചാനൽ ഷോയ്ക്കിടെ നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശത്തിൽ ഞാൻ വിവാദത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ പിന്തുണ മറക്കാനാകില്ല. എംഎസ് ധോനിയെന്ന മഹാനായ താരമായിട്ടല്ല ഞാൻ അദ്ദേഹത്തെ കാണുന്നത്. എന്റെ സഹോദരനെ പോലെയാണ്'. ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ ഹാർദിക് വ്യക്തമാക്കുന്നു