ബേൺ: മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള രണ്ടാം വരവിൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ലീഗ് പോരാട്ടത്തിലെ ആദ്യ മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡിനൊപ്പം മത്സരത്തിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ ഗ്രൗണ്ട് സ്റ്റാഫിനോട് കാണിച്ച സഹാനുഭൂതിയുമാണ് സൂപ്പർതാരം സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.



യങ് ബോയ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക് ശരീരത്തിൽ പതിച്ച് ഗോൾപോസ്റ്റിന് പിറകിലുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിൽ പെട്ട യുവതി നിലത്തുവീണു. അപ്രതീക്ഷിത ഷോട്ടിന്റെ ശക്തിയിൽ യുവതി താഴെ വീണു.

 

ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിൽ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുനൈറ്റഡ് ജഴ്‌സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

യങ് ബോയ്‌സിനെതിരെ 13ാം മിനിറ്റിൽ സ്‌കോർ ചെയ്ത് റൊണാൾഡോ യുനൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി. കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ (90+5) അമേരിക്കൻ താരം തിയോസൻ സെയ്ബാഷ്യുവാണ് യങ്‌ബോയ്‌സിന് മിന്നും ജയം സമ്മാനിച്ചത്.

മത്സരത്തിലൂടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. ചാമ്പ്യൻസ് ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചതോടെയാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. 177 മത്സരങ്ങളിൽ കളിച്ചാണ് റൊണാൾഡോ റെക്കോഡ് സ്വന്തമാക്കിയത്. നിലവിൽ താരം റയലിന്റെ ഇതിഹാസ ഗോൾകീപ്പർ ഇകെർ കസിയസ്സുമായി റെക്കോഡ് പങ്കിടുകയാണ്.

ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ കളിച്ചാൽ റൊണാൾഡോ കസിയസ്സിനെ മറികടന്ന് ഈ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കും. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.



151 മത്സരങ്ങൾ കളിച്ച ബാഴ്സലോണയുടെ സാവി ഹെർണാണ്ടസാണ് പട്ടികയിൽ മൂന്നാമത്. 149 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി നാലാം സ്ഥാനത്തുണ്ട്. ഈ സീസണിൽ മെസ്സി ഹെർണാണ്ടസിന്റെ റെക്കോഡ് മറികടന്നേക്കും.ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ അഞ്ചുതവണ കിരീടം സ്വന്തമാക്കുകയും 135 ഗോളുകൾ അടിക്കുകയും ചെയ്തു.

യുവേഫ ക്ലബ് മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോഡും റൊണാൾഡോയുടെ പേരിലാണ്. 138 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി 11 മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡും റൊണാൾഡോ ഈ മത്സരത്തിലൂടെ സ്വന്തം പേരിൽ എഴുതിച്ചേർത്തു