ലിസ്‌ബൺ: രാജ്യാന്തര ഫുട്ബോളിൽ ചരിത്ര നേട്ടത്തിനുടമായായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. ലോകകകപ്പ് യോഗ്യതയിൽ അയർലൻഡിനെതിരെ രണ്ട് ഗോൾ നേടിയതോടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ. ഐതിഹാസിക പ്രകടനമായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന്റേത്.

180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു.

അയർലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനായി 89-ാം മിനിട്ടിൽ റൊണാൾഡോ സമനില ഗോൾ നേടി.

മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് താരം പറങ്കികൾക്കായി വലകുലുക്കിയത്. പിന്നാലെ മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ വീണ്ടുമൊരു ഹെഡ്ഡർ കൂടി സമ്മാനിച്ച് റൊണാൾഡോ അവിശ്വസനീയമായ വിജയം പോർച്ചുഗലിന് സമ്മാനിച്ചു. ഇതോടെ ചരിത്രനേട്ടം താരം സ്വന്തമാക്കി.

36കാരനായ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. 1993 മുതൽ 2006 വരെയുള്ള കാലയളവിൽ ഇറാൻ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.



2003-ൽ തന്റെ 18-ാം വയസ്സിൽ കസാഖ്സ്താനെതിരേയാണ് റൊണാൾഡോ പോർച്ചുഗലിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ റെക്കോഡിന് ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ. 4 ഗോളുകൾ യുവേഫ നാഷണൽ ലീഗിലൂടെയും, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിലൂടെയും താരം സ്വന്തമാക്കി.



ലോകകപ്പ് യോഗ്യതയിലെ മറ്റൊരു മത്സരത്തിൽ ഫ്രാൻസിനെ ബോസ്നിയ സമനിലയിൽ തളച്ചിട്ടു. 36-ാം മിനിറ്റിൽ എഡിൻ സെക്കോ ബോസ്നിയയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം അന്റോയ്ൻ ഗ്രീസ്മാൻ ഫ്രാൻസിന് വേണ്ടി സമനില ഗോൾ നേടി. നോർവെ നെതർലൻഡ്സിനെ 1-1ന് പിടിച്ചുകെട്ടി. ഡെന്മാർക്ക് എതിരില്ലാത്ത രണ്ട് ഗോളിന് സ്‌കോട്ലൻഡിനെ തോൽപ്പിച്ചു.