ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ സിആർപിഎഫ് ബറ്റാലിയൻ ജൂലൈ മാസത്തിൽ ലഭിച്ചത് ഒന്നരകോടിയുടെ വൈദ്യുതി ബിൽ. ജമ്മു കശ്മീർ പവർ ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റാണ് സി.ആർ.പി.എഫിന്റെ ചരാരെ ഷരീഫ് ബറ്റാലിയന് അമ്പരിപ്പിക്കുന്ന ബിൽ നൽകിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

'ബിൽ തെറ്റായി വന്നതാകാനാണ് സാധ്യത. വിശദീകരണത്തിനായി വൈദ്യുതി വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും വാരാന്ത്യമായതിനാൽ അവർ അടച്ചിരിക്കുകയാണെന്ന അറിയിപ്പാണ് ലഭിച്ചത്' - സിആർപിഎഫ് എ.ഡി.ജി സുൽഫിക്കർ ഹസൻ പറഞ്ഞു.

1500 രൂപ ഫിക്‌സഡ് ചാർജായി 50 കിലോവാട്ട് വൈദ്യുതിയാണ് ബറ്റാലിയന് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27നുമുമ്പ് ബിൽ അടക്കണമെന്ന നിർദേശവും ബില്ലിൽ നൽകിയിട്ടുണ്ട്. വൈദ്യുതിബോർഡുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.