റായ്പുർ: മാവോയിസ്റ്റ് ആക്രമണത്തിനിടെ ശനിയാഴ്ച കാണാതായ സിആർപിഎഫ് ജവാൻ നക്‌സലുകളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് റിപ്പോർട്ട്. പ്രദേശത്തെ രണ്ട് മാധ്യമ പ്രവർത്തകരെ ഫോണിൽ വിളിച്ചാണ് അജ്ഞാതനായ ഒരാൾ ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിൽ ഉണ്ടെന്നും ഇതുവരെ കുഴപ്പങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയത്.

വിളിച്ചയാൾ ആരാണെന്നു വ്യക്തമാക്കിയില്ലെന്നും ജവാനെ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വിട്ടയയ്ക്കുമെന്നും ഫോൺ വിളി ലഭിച്ച മാധ്യമപ്രവർത്തകരിൽ ഒരാളായ ഗണേശ് മിശ്ര പ്രതികരിച്ചു. ബിജാപുർ പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

നവ്ഭാരത് മാധ്യമത്തിന്റെ സുക്മ ലേഖകൻ രാജ് സിങ് റാത്തോഡ് പറഞ്ഞതു തന്നെ വിളിച്ചയാൾ പരിചയപ്പെടുത്തിയതുകൊടും കുറ്റവാളിയായ ഹിദ്മ എന്ന പേരിലാണ് എന്നാണ്.

കാണാതായ ജവാൻ തന്റെ കസ്റ്റഡിയിൽ ആണെന്നും കൂടുതൽ വിവരങ്ങളും ഫോട്ടോകളും ഉടൻ പുറത്തുവിടുമെന്നും ഇയാൾ വ്യക്തമാക്കി. ജവാൻ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിൽ ആയിരിക്കാനുള്ള സാധ്യയുണ്ടെന്ന് ബിജാപുർ എസ്‌പി കാംലോചൻ കശ്യപ് പറഞ്ഞു. സംഭവത്തിനുശേഷം ഇയാൾക്കായി 56 കിലോമീറ്റർ പ്രദേശം മുഴുവൻ സുരക്ഷാ സേന പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്തിയില്ല. ഫോൺ വിളിയുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജവാനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാണാതായ ജവാന്റെ ഭാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിച്ചു. പാക്കിസ്ഥാനിൽനിന്ന് അഭിനന്ദൻ വർധ്മാനെ തിരികെ എത്തിച്ചപോലെ ഭർത്താവിനെയും തിരികെ എത്തിക്കണമെന്ന് ജവാന്റെ ഭാര്യ മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു.

കൊടും ക്രിമിനലുകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ മേഖലയിൽ ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ നടത്താനെത്തിയത്. തിരികെ പോരുമ്പോഴായിരുന്നു ആക്രമണം. 400ൽ പരം മാവോയിസ്റ്റുകൾ മൂന്നു വശവും വളഞ്ഞാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ 22 ജവാന്മാർ വീരമൃത്യു വരിച്ചു. സംഭവത്തിൽ ഒരാളെ കാണാതായിരുന്നു.