ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളെക്കുറിച്ചും പ്രശ്നങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചർച്ച.സുതാര്യമല്ലാത്തതും അമിത ലാഭം വാഗ്ദാനം ചെയ്തുമുള്ള പരസ്യങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നത് തടയണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. റിസർവ് ബാങ്കും ധമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ക്രിപ്റ്റോ കറൻസി വിഷയത്തിൽ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചർച്ച നടത്തി.

അനിയന്ത്രിതമായ ക്രിപ്റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നൽകുന്നതും തടയുമെന്നും യോഗം വ്യക്തമാക്കി. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ എന്ന നിലയിൽ സൂക്ഷ്മ നിരീക്ഷണത്തിനൊപ്പം ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്റ്റോ കറൻസിയിലും ബന്ധപ്പെട്ട വിഷയങ്ങളിലും പുരോഗമനപരമായ നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ ധാരണയായി.