ശയവിനിമയം മറ്റൊരാൾ അറിയാതെ തടയുവാനുള്ള പ്രോട്ടോക്കോളുകൽ നിർമ്മിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യുന്ന ക്രിപ്റ്റോഗ്രഫി അല്ലെങ്കിൽ ക്രിപ്റ്റോളജി എന്ന സങ്കേതം ഉപയോഗിച്ച് വസ്തുവിനിമയത്തിൽ നിലവിലുള്ള കറൻസികൾക്ക് പകരമായി ഉപയോഗിക്കുവാനായി തയ്യാറാക്കിയ ഒരു മാധ്യമമാണ് ക്രിപ്റ്റോ കറൻസി അഥവാ ഡിജിറ്റൽ കറൻസി. സാതോഷി നാകാമോട്ടോ എന്ന അപരനാമത്തിലുള്ള ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘമോ ആണ് ഇതിന്റെ പിന്നിലുള്ളത്. 2008 ലാണ് ഇത് രൂപകൽപന ചെയ്തതെങ്കിലും, 2009 ജനുവരി 3 നായിരുന്നു ഇത് ആദ്യമായി ഉപയോഗത്തിൽ വന്നത്.

കാലം പോയപ്പോൾ ഇതിന്റെ അടിസ്ഥാന ഘടനയ്ക്ക് ഏറെ മാറ്റങ്ങൾ ഉണ്ടായി. 2010 മുതൽ ചില വാണിജ്യ സ്ഥാപനങ്ങൾ പരമ്പരാഗത കറൻസികൾക്ക് പുറമേ ബിറ്റ്കോയിനുകളുംസ്വീകരിക്കാൻ തുടങ്ങിയതോടെയാണ് ഇതിന് മൂല്യം വർദ്ധിക്കാൻ തുടങ്ങിയത്. ഇലക്ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷൻ എന്ന ഒരുസാമൂഹിക സംഘടനയാണ് ഇത് ആദ്യമായി സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ പുതിയ കറൻസി സമ്പ്രദായവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഊരാക്കുടുക്കുകൾ വരാൻ തുടങ്ങിയതോടെ 2011 ജൂണിൽ തന്നെ ഇത് സ്വീകരിക്കുന്നത് ഇവർ നിർത്തിവച്ചെങ്കിലും പിന്നീട് 2013മെയ്‌ 17 മുതൽ ഇത് വീണ്ടും സ്വീകരിക്കാൻ തുടങ്ങി.

2012 സെപ്റ്റംബറിലാണ് ബിറ്റ്കോയിൻ ഫൗണ്ടേഷൻ ആരംഭിക്കുന്നതും ഇതിന്റെ ഉപയോഗത്തിനായി വ്യാപകമായ പ്രചാരം നൽകുന്നതും. ഒരു മാസത്തിനുള്ളിൽ തന്നെ ഏകദേശം 1000 വ്യാപാരികൾ സാധാരണ കറൻസിക്കൊപ്പം ബിറ്റ്കോയിനും സ്വീകരിക്കാൻ തയ്യാറായി. 2012 നവംബർ മുതൽ പ്രമുഖ സി എം എസ് സേവനദാതാക്കളായ വേഡ്പ്രസ്സ് ബിറ്റ്കോയിൻ സ്വീകരിക്കാൻ ആരംഭിച്ചതോടെ ഇതിന്റെ പ്രചാരം ഏറി. 2013 ലെ ഒരു കണക്ക് പ്രകാരം അന്ന് പ്രതിമാസം ഏകദേശം 1 മില്ല്യൺ ഡോളറിന് സമാനമായ ഇടപാടുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് നടന്നിരുന്നത്രെ. അന്ന് ബിറ്റ്കോയിന്റെ വില ഒന്നിന് 22 ഡോളറായിരുന്നു.

തുടർന്ന് അതേ വർഷം തന്നെ ബിറ്റ്കോയിൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ റെജിസ്റ്റർ ചെയ്യണമെന്ന ഒരു നിയമം അമേരിക്കയിൽ നിലവിൽ വന്നു. പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കപ്പാസിറ്റിയിൽ കുറവുണ്ടാവുകയും തത്ഫലമായി ബിറ്റ്കോയിന്റെ വിനിമയ നിരക്ക് കാര്യമായി ഇടിയുകയും ഉണ്ടായി. തുടർന്നങ്ങോട്ട് നിരവധി ഉയർച്ച താഴ്‌ച്ചകളും നിയമത്തിന്റെ ഊരാക്കുടുക്കുകളുമൊക്കെ ബിറ്റ്കോയിൻ മേഖലയിൽ ദൃശ്യമായി. 2018-ൽ ബിറ്റ്കോയിൻ ഉപയോക്താക്കൾ അവരുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന നിയമം ദക്ഷിണ കൊറിയയിൽ നിലവിൽ വന്നു.

തുടർന്ന് പല രാജ്യങ്ങളിലും നിരോധനവും നിരോധനം നീക്കലുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്ന ബിറ്റ്കോയിന് ഇപ്പോൾ നല്ല കാലം ആരംഭിക്കുകയാണെന്ന് തോന്നുന്നു. 2020-ൽ പൊതുവെ ഉയർന്നു വന്നിരുന്ന ക്രിപ്റ്റോകറൻസിയുടെ മൂല്യം ഇന്നലെ അതിന്റെ ഔന്നത്യത്തിൽ എത്തി. ഇതാദ്യമായി ഈ ഡിജിറ്റൽ കറൻസിയുടെ മൂല്യം 20,000 ഡോളറായി ഉയർന്നു. സത്യത്തിൽ, 4.5 ശതമാനം വർദ്ധനവോടെ ഇതിന്റെ മൂല്യം 20,440 ഡോളർ വരെയായി ഉയർന്നിരുന്നു. അതായത്, ഈ വർഷത്തെ മൂല്യ വർദ്ധനവ് 170 ശതമാനമാണ്.

പേയ്പാൽ എന്ന പേയ്മെന്റ് ഗേറ്റ്‌വേ സിസ്റ്റം ബിറ്റ്കോയിനുകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിറ്റ്കോയിന്റെ മൂല്യം വർദ്ധിക്കുമെന്ന പ്രതീക്ഷ വ്യാപകമായി ഉണ്ടായിരുന്നു. ഇതോടെ ഇത് പരമ്പരാഗത കറൻസിയെ പോലെത്തന്നെധനവിനിമയത്തിനുള്ള മുഖ്യധാരാ മാധ്യമമായി മാറുമെന്നും പ്രതീക്ഷ ഉയർന്നു. ക്രിപ്റ്റോ കറൻസിയിലെ ഇടപാടുകൾ ഒരു കേന്ദ്രബാങ്കിന്റെയും നിയന്ത്രണത്തിലല്ല എന്നതാണ് ഇതിന്റെ ആകർഷണവും അതോടൊപ്പം പോരായ്മയും. അതിനാൽ തന്നെ ഡിജിറ്റൽ കറൻസിയുടെ ആഗോളതലത്തിലുള്ള ജനപ്രീതി കണക്കിലെടുത്ത് വിവിധ ഭരണകൂടങ്ങൾ അവരുടേതായ യൂണിറ്റുകൾക്ക് രൂപം കൊടുക്കാൻ പദ്ധതിയിടുന്നുമുണ്ട്.

ഈ മാസം ആദ്യമണ് അമേരിക്കൻ നിക്ഷേപകരായ കാമറോൺ ആൻഡ് ടൈലർ വിൻക്ലേവോസ്സ് ബിറ്റ്കോയിന്റെ മൂല്യം അടുത്ത പത്തു വർഷത്തിനുള്ളിൽ 5 ലക്ഷം ഡോളറായി മാറുമെന്ന പ്രവചനം നടത്തിയത്. മാത്രമല്ല, നിക്ഷേപത്തിനുള്ള മാധ്യമം എന്ന നിലയിൽ സ്വർണ്ണത്തിന്റെ സ്ഥാനം ബിറ്റ്കോയിൻ ഏറ്റെടുക്കുമെന്നും ഇവർ പറഞ്ഞിരുന്നു.പല നിക്ഷേപകരും സുരക്ഷിതമായി കണ്ടിരുന്ന ബിറ്റ്കോയിന്റെ ആവശ്യകത കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉള്ള സ്വർണ്ണവിലയിടിവോടെ വർദ്ധിച്ചു. സാധാരണക്കാർ ചെയ്യാത്ത വിചിത്രമായ കാര്യങ്ങളിൽ താത്പര്യമുള്ള ധനികർക്കും കുറ്റവാളികൾക്കും ഇതിനോടകം തന്നെ ഏറെ പ്രിയങ്കരമായി കഴിഞ്ഞിരുന്നു ബിറ്റ്കോയിൻ.

2013-ൽ ബിറ്റ്കോയിന്റെ മൂല്യം 1000 ഡോളർ കടന്നതോടെ തന്നെ ഇത് ധാരാളം പേരെ ആകർഷിക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പേയ്പാൽ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്താമെന്ന് പ്രഖ്യാപിച്ചത്. അതുപോലെ വരവരുടെ വാലറ്റുകളിൽ ഇത് സൂക്ഷിക്കാനും കഴിയും. 2021 ആദ്യത്തോടെ ഇറങ്ങുന്ന അവരുടെ ഓൺലൈൻ ഷോപ്പിൽ 26 മില്ല്യൺ വ്യാപാരികളിൽ നിന്നും ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യവുമുണ്ടാകും.

അതിനിടയിലാണ് 2008 ൽ ആവിഷ്‌കരിച്ച ഇതിന്റെ പണത്തിന്റെ മറ്റൊരു രൂപമായി കണക്കാക്കണമോ അതോ ഒരു ചർക്കായോ ആസ്തിയായോ കണക്കാക്കണമോ എന്നകാര്യത്തിൽ തർക്കമുയർന്നത്. നിലവിൽ കിഴക്കൻ ഏഷ്യയിൽ നിന്നാണ് അമേരിക്കയിലേക്ക് വ്യാപകമായി ക്രിപ്റ്റോ കറൻസി ഒഴുകുന്നത്.