മിലാൻ: മനുഷ്യരിൽ രോഗ നിർണയം നടത്താൻ സിടി സ്‌കാൻ നടത്തുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, മനുഷ്യന് പകരം അത് ഒരു മമ്മിയിൽ ആയാലൊ. അത്തരമൊരു സ്ിടി സ്‌കാനാണ് ഇറ്റലിയിൽ നടക്കുന്നത്. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതെന്ന് കരുതുന്ന ഈജിപ്ഷ്യൻ മമ്മിയിൽ സിടി സ്‌കാൻ പരിശോധന നടത്തിയിരിക്കുകയാണ് ഇറ്റലിയിലെ ബെർഗാമോ മ്യൂസിയവും മിലാനിലെ മമ്മി റിസേർച്ച് പ്രോജക്ടും. മിലാനിലെ ഒരു ആശുപത്രിയിലായിരുന്നു പരിശോധന.

ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയായിരുന്നു ഇങ്ങനെ ഒരു പരിശോധന നടത്തിയത്. ' എ മമ്മി ടു ബീ സേവ്ഡ് ' എന്ന് പേരിട്ടിരിക്കുന്ന ഗവേഷണ പഠനങ്ങളുടെ ഭാഗമാണിത്.' അങ്കെഖോൻസു ' എന്നറിയപ്പെട്ടിരുന്ന ഈ മമ്മി ഒരു പുരോഹിതന്റേതാണ് എന്നാണ് അനുമാനം. മമ്മിയെ വഹിച്ചിരുന്ന പേടകത്തിന്റെ പുറത്ത് എഴുതിയിരുന്നതാണ് ഈ പേര്. ബിസി 900ത്തിനും ബിസി 800നും ഇടയിലാണ് ഈ പേടകം നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു.

എന്നാൽ, ശരിക്കും ഈ മമ്മി പുരോഹിതന്റേത് തന്നെയാണോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഈ സിടി സ്‌കാൻ.സ്‌കാൻ റിപ്പോർട്ടുകൾ വിശകലനം ചെയ്ത ശേഷം ആർക്കിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഫേഷ്യൽ റീകൺസ്ട്രക്ഷനിലൂടെ മമ്മിയുടെ രൂപം പുനഃസൃഷ്ടിക്കുന്നതുൾപ്പെടയുള്ള പഠനങ്ങൾ നടക്കും.

പുരാതന മമ്മികൾ ആയിരക്കണക്കിന് വർഷങ്ങൾ കേടുപാടു കൂടാതെ സൂക്ഷിക്കാൻ ഈജിപ്ഷ്യൻ ജനത ഉപയോഗിച്ചിരുന്ന അജ്ഞാത വസ്തുക്കളെ പറ്റിയും ഈ ഗവേഷണങ്ങളിലൂടെ നിർണായക വിവരങ്ങൾ ശേഖരിക്കാനാകും എന്നാണ് പ്രതീക്ഷ.