കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ഭാഗിക കർഫ്യൂ ആരംഭിച്ചു. വൈകിട്ട് അഞ്ചു മണിയോടെ കർഫ്യൂ സമയം ആരംഭിച്ചിട്ടും നിരത്തുകളിൽ വാഹനം ഒഴിഞ്ഞിരുന്നില്ല. മാത്രമല്ല, രാജ്യവ്യാപകമായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഒരേ സമയം ജോലി കഴിഞ്ഞ് എത്തുന്നവരാണ് വലിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്. മറ്റു വഴിയില്ലാത്തതിനാൽ പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചില്ല.

അഞ്ചരയോടെ നിരത്തുകൾ ഒഴിഞ്ഞു. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ. പൊലീസും സൈന്യവും നാഷനൽ ഗാർഡും ജനങ്ങൾ കർഫ്യൂ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പട്രോളിങ് നടത്തി. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് കർഫ്യൂ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത്.

റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നാണ് സൂചന. മാസപ്പിറ കാണുന്നതിനനുസരിച്ച് ഏപ്രിൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം.