ന്യൂഡൽഹി: മെഡിക്കൽ ഓക്‌സിജന്റെയും കോവിഡ് വാക്‌സീനുകളുടെയും ഇറക്കുമതി നികുതിയും ഹെൽത് സെസ്സും പിൻവലിച്ച് കേന്ദ്രസർക്കാർ. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. മൂന്നു മാസത്തേക്കാണ് പിൻവലിച്ചത്.

രാജ്യത്ത് മെഡിക്കൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാൻ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറൻസ് തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി.

ജനറേറ്ററുകൾ, സ്റ്റോറേജ് ടാങ്കുകൾ, ഫില്ലിങ് സംവിധാനങ്ങൾ, കോൺസെൻട്രേറ്ററുകൾ തുടങ്ങി ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഈ ഇളവുണ്ടാകും. കസ്റ്റംസ് ക്ലിയറൻസ് വിഷയങ്ങൾ പരിഹരിക്കാൻ ഒരു നോഡൽ ഓഫിസറെയും നിയമിച്ചു.

നിലവിൽ തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടു വാക്‌സീനുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓക്‌സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപാദിപ്പിക്കുന്ന കോവിഷീൽഡും ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീനും.

മൂന്നാം വാക്‌സീനായി റഷ്യയുടെ സ്പുട്‌നിക്കിന് അനുമതി നൽകിയിട്ടുണ്ട്. അതോടൊപ്പം യുഎസിൽ ഉപയോഗിക്കുന്ന ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സീനുകളും ഇന്ത്യയിൽ അനുമതി തേടി.

ഡൽഹിയിലും മറ്റും ഓക്‌സിജൻ ക്ഷാമം വളരെക്കൂടുതലാണ്. 50,000 മെട്രിക് ടൺ ഓക്‌സിജൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു കൂടാതെ, ഓക്‌സിജൻ നിർമ്മാണത്തിനായി 162 പ്ലാന്റുകൾ സ്ഥാപിക്കാനും സംസ്ഥാനാതിർത്തികൾക്കു പുറത്തും ഇവ എത്തിക്കാനും നടപടിയെടുത്തിരുന്നു.