ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം വൻ ദുരന്തമായി മാറിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിസംഗതയും, കഴിവുകേടും, നിർവികാരതയുമാണ് ഈ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നും പ്രവർത്തക സമിതി പ്രമേയത്തിൽ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് കോവിഡ് സാഹചര്യം സമിതി ചർച്ച ചെയ്തത്.

വിദഗ്ധരുടെ ഉപദേശങ്ങൾ കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ല. കോവിഡിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾതന്നെ കോവിഡ് പോരാട്ടത്തിൽ വിജയം നേടിയെന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തി. ആരോഗ്യ മേഖലിയിലെ വിദഗ്ധരും ബന്ധപ്പെട്ട പാർലമെന്ററി സമിതിയും പോലും മുന്നറിയിപ്പുകൾ നൽകിയിട്ടും കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ വിമുഖത കാണിക്കുകയും കഴിവുകേട് പ്രകടിപ്പിക്കുകയും ചെയ്തു.

വാക്സിൻ വിതരണത്തിന്റെ കാര്യത്തിലും പ്രവർത്തക സമിതി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചു. കടുത്ത യാഥാർഥ്യങ്ങൾ അഗീകരിക്കാൻ മോദി സർക്കാർ വിമുഖത കാട്ടി. വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെട്ട കത്ത് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് കഴിഞ്ഞമാസം പ്രധാനമന്ത്രി മോദിക്ക് അയച്ചിരുന്നു. എന്നാൽ, അന്തസിന് ചേരാത്ത തരത്തിലുള്ള മറുപടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ ഭാഗത്തുനിന്ന് ലഭിച്ചത്.

കോവിഡ് മരണങ്ങളുടെ കണക്കിൽ വൻ പിഴമുണ്ടെന്ന വസ്തുത ആശങ്ക ഉയർത്തുന്നു. കോവിഡ് മരണങ്ങൾ പലതും റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല എന്നകാര്യം ദുഃഖകരമാണ്. വിവരങ്ങൾ മറച്ചുവെക്കാതെ പുറത്തുവിടുക എന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരഭിമാന പദ്ധതിയാണ് സെൻട്രൽ വിസ്റ്റ. വൻതുക പാഴാക്കിക്കളയുകയാണ് അതിലൂടെ ചെയ്യുന്നത്. കഠിനഹൃദയത്തോടെ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ അപമാനമാണ്. പ്രധാനമന്ത്രി മോദി തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുകയും സ്വന്തം താത്പര്യങ്ങൾ നടപ്പാക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാൻ തയ്യാറാവുകയും വേണം. രാജ്യം മുഴുവൻ ദുരിതം അനുഭവിക്കുന്ന സമയത്ത് അതാണ് ചെയ്യേണ്ടതെന്നും കോൺഗ്രസ് പ്രവർത്തക സമിതി കുറ്റപ്പെടുത്തി.

കോവിഡ് വാക്സിനേഷന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയും അത് സംസ്ഥാനങ്ങളുടെ ചുമലിൽ വെക്കുകയും ചെയ്തുവെന്ന് പ്രവർത്തക സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുക ആയിരുന്നു ചെയ്യേണ്ടതെന്നും സോണിയ പറഞ്ഞിരുന്നു.