തിരുവനന്തപുരം: പ്രകടന പത്രിക രണ്ട് മുന്നണികൾ പുറത്തു വിട്ടു. അപ്പോൾ മുൻതൂക്കം കിട്ടുന്നത് കോൺഗ്രസ് മുന്നണിയാണ്. എനനാൽ ഇതിനെ മറികടക്കാൻ സൈബർ സഖാക്കൾക്ക് വ്യക്തമായ നിർദ്ദേശം നൽകുകയാണ് സിപിഎം. എൽ.ഡി.എഫ്. പ്രകടനപത്രിക 'ക്യാപ്‌സ്യൂൾ' രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കാൻ സൈബർ സഖാക്കളോട് സിപിഎം നിർദ്ദേശിച്ചു.

യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾ നല്ലതാണെന്ന വിലയിരുത്തൽ എത്തിയതോടെയാണ് ഇത്. നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് ക്യാപ്‌സ്യൂൾ തയ്യാറാക്കുക. ഇവ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാർട്ടി പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങൾ അതത് ഗ്രൂപ്പുകളിലെത്തിക്കും. ആ മേഖലകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിലുണ്ടായ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.

ഇതിനൊപ്പം കോൺഗ്രസിന്റെ പ്രകടന പത്രിക വെറും തള്ളലാണെന്നും വാദിക്കും. ഉമ്മൻ ചാണ്ടിയുടെ കാലത്തെ സാമൂഹിക പെൻഷൻ മുടങ്ങൾ അടക്കം ചർച്ചയാക്കും. അതിനിടെ രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളിൽ 'പൊങ്കാല'യിടരുതെന്ന് അണികളോട് സിപിഎം. പറഞ്ഞിട്ടുണ്ട്. മറ്റ് പാർട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ 'ട്രോൾ' വഴി ആക്ഷേപിക്കാനും പാടില്ല. ഈ ശ്രീധരന്റെ കാല കഴുകൽ വിവാദം ആഘോഷിച്ചത് പാർട്ടിക്ക് ക്ഷീണമായി. പാലക്കാട്ട് അഗ്രഹാരങ്ങളിലെ ചടങ്ങിനെ കളിയാക്കിയത് പാർട്ടിക്ക് ദോഷം ചെയ്തുവെന്നാണ് നിഗമനം.

ആലപ്പുഴ മണ്ഡലത്തിലെ ബിജെപി. സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദർശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സാമൂഹികമാധ്യമ വിഭാഗങ്ങൾക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയത്. ഈ വിഷയത്തിൽ ചില 'സൈബർ സഖാക്കൾ' പൊങ്കാല തുടങ്ങിയയുടനെത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. വിവാദങ്ങൾക്ക അപ്പുറം വികസനം ചർച്ചയാക്കാനാണ് നിർദ്ദേശം.

പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ വീടിനുമുകളിൽ കോൺഗ്രസ് പ്രവർത്തകൻ കയറിയസംഭവത്തെ സിപിഎം. നവമാധ്യമ ഗ്രൂപ്പുകൾ ട്രോളാക്കിയിരുന്നു. 'ഓട് നന്നാക്കാൻ യു.ഡി.എഫ്.' എന്ന മട്ടിൽ ട്രോളുകൾ പ്രചരിച്ചപ്പോൾത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത കാട്ടണമെന്നാണ് നിർദ്ദേശം. ഇതിന് പിന്നാലെയായിരുന്നു ശ്രീധരന്റെ കളിയാക്കലും പാലക്കാട് സിപിഎമ്മിന് തിരിച്ചടിയായത്.

സംസ്ഥാനത്തെ ഭവന രഹിതരായ അഞ്ചുലക്ഷം പേർക്ക് വീടും കേരളത്തിൽ ജീവിക്കുന്ന മുഴുവനാളുകൾക്കും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പു നൽകി യുഡിഎഫ് പ്രകടന പത്രിക ഇന്നലെ പുറത്തു വന്നിരുന്നു. ലോകോത്തര സാമൂഹിക സുരക്ഷയും സാമൂഹിക തുല്യതയും സംയോജിപ്പിച്ച നിരവധി ക്ഷേമ പ്രവർത്തനങ്ങളും പ്രകടന പത്രികയിൽ ഉറപ്പുനൽകുന്നുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴിൽദിനങ്ങളും വർധിപ്പിക്കും. അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ് നൽകും എന്നും യുഡിഎഫ് പറയുന്നു. ഇത് ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്ന തരത്തിലാകും സിപിഎം സൈബർ സഖാക്കളുടെ ഇനിയുള്ള ഇടപെടൽ.

യുഡിഫിന് പ്രകടന പത്രിക നടപ്പാക്കാൻ കഴിവും ത്രാണിയുമില്ലെന്നും മുൻകൂല അനുഭവങ്ങളിലൂടെ വാദിക്കും. ഇതിനൊപ്പമാകും ഇടത് പ്രകടന പത്രികയും ചർച്ചയാക്കുക. അനാവശ്യവും അക്രമാസക്തവുമായ ഹർത്താലിലൂടെ സംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ രംഗത്തിനുണ്ടാകുന്ന തിരിച്ചടികൾ തടയുമെന്ന് യുഡിഎഫ് പ്രകടന പത്രിക പറയുന്നു. അനാവശ്യ ഹർത്താൽ തടയാൻ യുഡിഎഫ് സർക്കാർ നേരത്തെ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ നിയമം നടപ്പിലാക്കും. ലോകോത്തര ഭരണ നിർവണ പദ്ധതികളും പ്രകടന പത്രികയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഴിമതി അസാധ്യമാക്കുന്ന തരത്തിലുള്ള ശക്തമായ അഴിമതി വിരുദ്ധ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഒറ്റവാതിൽ ക്ലിയറൻസ് സിസ്റ്റം, സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസവും പ്രതിബദ്ധതയും നൽകുന്നതിന് നിക്ഷേപ സംരക്ഷണ നിയമം, വ്യാവസായിക, കാർഷിക ഭൂമിയിൽ നിന്നുള്ള പരമാവധി വരുമാനം ഉറപ്പാക്കുന്നതിന് പുതിയ ഭൂവിനിയോഗ നിയമം, ഐടി വ്യവസായങ്ങൾ മെച്ചപ്പെടുത്താൻ പുതിയ ഐ ടി നിയമം എന്നിവ കൊണ്ടുവരുമെന്നും യുഡിഎഫ് പറയുന്നു.