കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവത്തിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് പലയിടത്തു നിന്നും ഉയരുന്നത്. സംഭവത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പലരും അഭിപ്രായമറിക്കുകയുണ്ടായി. എഴുതുകാരി ശാരദക്കുട്ടി യുവതികൾ പ്രവേശിച്ചതിനെ അനുകൂലിച്ചുള്ള നിലപാടാണ് അറിയിച്ചത്. ഇതിനിടെയാണ് സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. സിപിഎമ്മിന്റെയും പൊലീസിന്റെയും ഒത്താശയോടെ പിണറായി യുവതികളെ ശബരിമലയിൽ പ്രവേശിച്ചെന്നും ഹിന്ദു വിശ്വാസികളെ അദ്ദേഹം വഞ്ചിക്കുകയായിരുന്നെന്നും രാഹുൽ ഈശ്വർ ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു. മാത്രമല്ല ജനാധിപത്യപരമായ മര്യാദകൾ പാലിച്ച് വിശ്വാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടയ്ക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു. പക്ഷേ, ഇപ്പോൾ ആചാരലംഘനമുണ്ടായപ്പോൾ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉൾപ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിർവഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓർമ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകൾ ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 'തന്ത്രി ശുദ്ധികലശം നടത്തി അതിനുള്ള പരിഹാരക്രിയ നടത്തി. അത് സ്വാഗതാർഹമായ കാര്യമാണ്. തന്ത്രിക്ക് നട അടയ്ക്കാൻ ആരുടെയും അനുവാദം വേണ്ട. ആചാരലംഘനമുണ്ടായാൽ നട അടക്കുമെന്ന് പറഞ്ഞാൽ അടച്ചിരിക്കും. പ്രധാനമന്ത്രിയടക്കം ശബരിമല വിഷയത്തിൽ കഴിഞ്ഞദിവസം അഭിപ്രായമറിയിച്ചിരുന്നു. ഇതിനിടെയാണ് യുവതികളെ പ്രവേശിപ്പിച്ചത്. എന്നാൽ ഇതൊന്നും ജനുവരി 22-ന് നടക്കുന്ന കേസിനെ ബാധിക്കില്ലെന്നാണ് വിശ്വാസം.

രാത്രിസമയത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് മലകയറ്റിയത്. സംശയം ചോദിച്ചവരോട് ട്രാൻസ്ജെൻഡേഴ്സ് എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ദേവസ്വം ബോർഡ് സാവകാശഹർജി സമർപ്പിച്ചത്. എന്നിട്ടും പൊലീസും സർക്കാരും യുവതീപ്രവേശനത്തിന് ഒത്താശ ചെയ്തു. ഇതിൽ ജനാധിപത്യമര്യാദ പാലിച്ച് പ്രതിഷേധം അറിയിക്കണം. കലാപത്തിലേക്ക് നീങ്ങരുത്. വിശ്വാസികൾ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ബ്രിട്ടീഷുകാർ തുടങ്ങിവെച്ച ദേവസ്വംബോർഡ് സംസ്‌കാരം ഇനിയും വേണമോ എന്ന് ചിന്തിക്കണം'- രാഹുൽ ഈശ്വർ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. ഹർത്താലിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എല്ലാവരും സഹകരിക്കണമെന്നും ശബരിമല കേസിൽ വിശ്വാസികൾ വിജയിക്കുമെന്നാണ് വിശ്വാസമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.