തിരുവനന്തപുരം: കേരള തീരങ്ങളെ ആശങ്കയിലാഴ്‌ത്തി മണിക്കൂറുകൾക്കുള്ളിൽ 'ടൗട്ടെ' രൂപപ്പെടും.അറബിക്കടലിൽ രൂപ കൊണ്ട തീവ്രന്യൂനമർദം ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായും പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.അറബിക്കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് ടൗട്ടെ എന്നാണ് പേരിട്ടിരിക്കുന്നത്.

അറബിക്കടലിൽ ഈ വർഷത്തെ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് ഇത്. അതിതീവ്രന്യൂനമർദത്തിന് പിന്നാലെ രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് ടൗട്ടെ എന്ന പേരാണ് നൽകിയിരിക്കുന്നത്. മ്യാന്മാർ നിർദ്ദേശിച്ച ടൗട്ടെ എന്ന പേരിന്റെ അർഥം പല്ലി എന്നാണ്.


ശക്തമായ കാറ്റ്, കടലേറ്റം, പേമാരി മുന്നറിയിപ്പുകൾ

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല എന്നത് ആശ്വാസകരമാണ്.എങ്കിലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരക്കടൽ പ്രക്ഷുബ്ധമാവും. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അഥോറിറ്റി പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.ന്യൂനമർദത്തിന്റെ തുടക്കത്തിൽ തന്നെ കേരളത്തിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മഴ കണക്കിലെടുത്ത് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റും പേരുകളും

ചുഴലിക്കാറ്റുകൾക്ക് പേര്് നൽകിത്തുടങ്ങിയതിന് അത്ര പഴക്കമില്ലാത്ത ഒരു കഥയുണ്ട്.2000ൽ ആണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. അന്ന് മുതലാണ് നമ്മൾ കേട്ട് പരിചയിച്ച ഓഖിയും,കത്രീനയും ബുറേവിയുമൊക്കെ ഉണ്ടായത്. അ കഥ ഇങ്ങനെ..

1999 ൽ അതിശക്തമായ ചുഴലിക്കാറ്റ് ഒഡിഷയിൽ ആഞ്ഞടിച്ചു. വൻ ദുരന്തമുണ്ടായി. അതു പക്ഷേ, പലരുടേയും ഓർമയിലില്ല. കാരണം ഒന്നേയുള്ളൂ, അതിന് പേരുണ്ടായിരുന്നില്ല. പേരുകളാണ് ഈ ചുഴലിക്കാറ്റുകളെ ഓർമയിൽ നിർത്തുന്നത്. മുന്നറിയിപ്പുകൾ നൽകാനും വിവരങ്ങൾ അറിയിക്കാനും പിന്നീടുള്ള റഫറൻസിനും മറ്റും പേരുകൾ കൂടിയേ തീരൂ. ഇങ്ങനെയാണ് ചുഴലിക്കാറ്റിന് പേര് നൽകാനും അതിനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനും തീരുമാനിച്ചത്.

ഈ സാഹചര്യം പരിഗണിച്ച് ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള ബംഗ്ളാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്മർ, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലാൻഡ് എന്നീ എട്ട് രാജ്യങ്ങളാണ് ആദ്യം രൂപീകരിച്ച കൂട്ടായ്മകളിൽ ഉണ്ടായിരുന്നത്. 2018ൽ അഞ്ച് രാജ്യങ്ങളെ കൂടി ചേർത്ത് പട്ടിക വിപുലീകരിച്ചു. ഇറാൻ, ഖത്തർ, സൗദി അറേബിയ, യുഎഇ, യെമൻ എന്നിവയാണ് ആ രാജ്യങ്ങൾ. 13 രാജ്യങ്ങളിൽ നിന്നും 13 നിർദ്ദേശങ്ങൾ വീതം സ്വീകരിച്ച് 2020 ലാണ് 169 പേരുകളടങ്ങിയ പട്ടിക പുറത്തിറക്കിയത്.

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയിൽ രാജ്യങ്ങൾ. സ്ഥാനക്രമത്തിലാണ് ഓരോ രാജ്യത്തിന്റെയും ഊഴം. പേരുതീരുമ്പോൾ പുതിയ പട്ടിക അവതരിപ്പിക്കുന്നതാണ് രീതി. ഇപ്പോൾ വരാനിരിക്കുന്ന ചുഴലിക്കാറ്റിന് മ്യാന്മാർ ആണല്ലോ പേര് നൽകിയത്. പട്ടിക പ്രകാരം ഇറാൻ, ഒമാൻ, പാക്കിസ്ഥാൻ,ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നിർദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേരു നൽകിത്തുടങ്ങിയത് 2004 സെപ്റ്റംബർ മുതലാണ്. ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്, നിരീക്ഷണത്തിനും പഠനത്തിനുമായി ന്യൂഡൽഹിയിൽ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിച്ച കാലാവസ്ഥാകേന്ദ്രമാണ്.

എന്തുകൊണ്ട് ചുഴലിക്കാറ്റ്?

ഉഷ്ണമേഖലാപ്രദേശത്തുള്ള സമുദ്രഭാഗങ്ങളിലാണ് ചുഴലിക്കാറ്റുകൾ രൂപംകൊള്ളുന്നത്. സമുദ്രോപരിതലത്തിനു മേലെയുള്ള അന്തരീക്ഷത്തിലുണ്ടാകുന്ന മർദപതനമാണ് ഇതിനു കാരണം. വേഗം 55 കിലോമീറ്ററിൽ കൂടിയാലേ ചുഴലിക്കാറ്റ് എന്നതിൽ ഉൾപെടുത്തുകയുള്ളൂ. കാലാവസ്ഥാമാറ്റം, കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റം തുടങ്ങി മറ്റു കാരണങ്ങളും ചുഴലിക്കാറ്റിന് കാരണമാവാറുണ്ട്.

പ്രതിവർഷം ശരാശരി 4 ചുഴലിക്കാറ്റുകളാണ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഉണ്ടാകുന്നത്. എങ്കിലും 2020ൽ അഞ്ച് ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ഇതിൽ മൂന്ന് എണ്ണം ബംഗാൾ ഉൾക്കടലിലും രണ്ടെണ്ണം അറബിക്കടലിലുമാണ് രൂപം കൊണ്ടത്. അംഫാൻ, നിസർഗ, ഗതി, നിവാർ, ബുറെവി എന്നിവയായിരുന്നു കഴിഞ്ഞ വർഷത്തെ ചുഴലിക്കാറ്റുകൾ.

2019ൽ എട്ട് ചുഴലിക്കാറ്റുകളാണുണ്ടായത്. ഇതിൽ പവൻ, മഹാ,ക്യാർ, ഹിക്ക,വായു എന്നിവ അറബിക്കടലിലും ഫാനി, ബുൾബുൾ എന്നിവ ബംഗാൾ ഉൾക്കടലിലും പാബുക്ക് ചുഴലിക്കാറ്റ് ആൻഡമാനിലുമാണ് രൂപം കൊണ്ടത്.

നിലവിലെ ടൗട്ടെ കേരളത്തിന് പുറമേ ഗോവയേയും മഹാരാഷ്ട്രയേയും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.