ഗ്ലാസ്‌ഗോ (സ്‌കോട്ലൻഡ്): യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന് സാക്ഷിയായ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക്. ഇരട്ട ഗോളുമായി തിളങ്ങിയ പാട്രിക് ഷിക്കാണ് ചെക്ക് ഹീറോ. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്‌കോട്ട്‌ലൻഡിനെ തകർത്തത്. ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതാണ് സ്‌കോട്ട്‌ലൻഡിന് തിരിച്ചടിയായത്.

ആദ്യം ഹെഡർ, പിന്നെ മൈതാനമധ്യത്തുനിന്നു തകർപ്പൻ ഇടം കാലൻ ലോങ് റേഞ്ചർ... ജർമൻ ബുന്ദസ്ലിഗ ക്ലബ് ബെയർ ലെവർക്യൂസൻ സ്‌ട്രൈക്കർ പാട്രിക് ഷിക്കിന്റെ ഇരട്ട ഗോളുകളാണ് (42', 52') ചെക് റിപ്പബ്ലിക്കിന് ജയം സമ്മാനിച്ചത്. നാട്ടിലെ മത്സരത്തിൽ വീറോടെ പൊരുതിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണു സ്‌കോട്ലൻഡിനെ തോൽവിയിലേക്ക് നയിച്ചത്.

ലിവർപൂൾ പ്രതിരോധനിര താരം ആന്റി റോബർട്‌സൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം സ്‌കോട് മക്ടോമിനെ എന്നിവരുടെ തിളക്കത്തിൽ ഇറങ്ങിയ സ്‌കോട്ലൻഡാണു പന്തടക്കത്തിലും മുന്നേറ്റത്തിലും മികച്ചു നിന്നത്. ആദ്യ പകുതിയിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് സ്‌കോട്ട്‌ലൻഡായിരുന്നുവെങ്കിലും പലപ്പോഴും ഫിനിഷിങ്ങിൽ അവർക്ക് പിഴച്ചു. 32-ാം മിനിറ്റിൽ റോബർട്ട്സന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ചെക്ക് ഗോളി തോമസ് വാസ്ലിക്കും തിളങ്ങി. 48-ാം മിനിറ്റിൽ സ്‌കോട്ട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയുടെ ഷോട്ട് ബാറിൽ തട്ടി തെറിക്കുകയും ചെയ്തു.

ഇതിനിടെ കോർണർ കിക്കിൽനിന്നുള്ള നീക്കത്തിനൊടുവിൽ ബോക്‌സിലേക്ക് ഉയർന്നുവന്ന പന്തിൽ തലവച്ചു ഷിക്ക് ചെക് ടീമിനു ലീഡ് നൽകി. 42-ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോൾ. വ്ളാഡിമിർ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ഷിക്ക് വലയിലെത്തിച്ചു. ആദ്യ പകുതി ചെക്ക് ടീമിന്റെ ലീഡിൽ അവസാനിച്ച ശേഷം 52-ാം മിനിറ്റിലായിരുന്നു കാണികളെ അമ്പരപ്പിച്ച ഷിക്കിന്റെ ത്രില്ലിങ് ഗോൾ.

ഗോൾ വീണതോടെ ഉണർന്നു കളിച്ച സ്‌കോട്ലൻഡ് ചെക് പ്രതിരോധത്തെ പരീക്ഷിക്കുന്നതിനിടെ രണ്ടാം പകുതിയിൽ ഗോൾകീപ്പർ ഡേവിഡ് മാർഷലിന്റെ പിഴവു മുതലെടുത്തു ഷിക്ക് രണ്ടാം ഗോളും നേടി. ചെക് ബോക്‌സിലേക്കുള്ള സ്‌കോട്ലൻഡ് മുന്നേറ്റത്തിനിടെ മാർഷൽ പെനൽറ്റി ബോക്‌സ് വിട്ടു പുറത്തേക്കിറങ്ങി. ഇതിനിടെ ചെക്ക് പകുതിയിൽവച്ചു മറിഞ്ഞു കിട്ടിയ പന്ത് മൈതാനമധ്യത്തുനിന്ന് സ്‌കോട്ലൻഡ് പോസ്റ്റിലേക്കു ഷിക്ക് ഞൊടിയിടയിൽ തൊടുത്തുവിട്ടു. പിന്നോട്ടോടി ബോക്‌സിലെത്തിയ മാർഷലിനു പിടികൊടുക്കാതെ പോസ്റ്റിലേക്കു പന്ത് വളഞ്ഞിറങ്ങി (2 - 0).

ചെക്ക് ടീമിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. സോസെക് നൽകിയ പാസ് സ്വീകരിച്ച് സ്‌കോട്ട്ലൻഡ് ഹാഫിലേക്ക് കയറിയ ഷിക്ക് ഗോൾകീപ്പർ മാർഷൽ സ്ഥാനം തെറ്റിനിൽക്കുന്നത് ശ്രദ്ധിച്ചു. ഈ അവസരം മുതലെടുത്ത് താരത്തിന്റെ ഇടംകാലനടി മാർഷലിന് യാതൊരു അവസരവും നൽകാത വലയിലെത്തി. ഏകദേശം 45 മീറ്റർ അകലെ നിന്നായിരുന്നു ഷിക്കിന്റെ ഈ ഷോട്ട്. ഷിക്ക് നേടിയ ഗോൾ യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി.

ജയത്തോടെ ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിനെ മറികടന്ന് ചെക് റിപ്പബ്ലിക് ഒന്നാം സ്ഥാനത്തെത്തി. ആദ്യ കളിയിൽ ക്രൊയേഷ്യയെ കീഴടക്കിയ (10) ഇംഗ്ലണ്ടിനും 3 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിലാണു ചെക് ടീം മുന്നിലെത്തിയത്.