തൊടുപുഴ:മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വരുമെന്ന പ്രതീക്ഷയിൽ കേരളം ഒരുക്കം തുടങ്ങി. ഡാം തുറന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടി വരിക 3,220 പേരെ. പീരുമേട് താലൂക്കിലെ വില്ലേജുകളായ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല, ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ, ഉടുമ്പൻചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ഇവിടെ നിന്നാകും ഒഴുപ്പിക്കൽ. മുൻകരുതലുകൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ സ്‌പെഷൽ ഓഫിസർമാരായി 2 ഡപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ, ഉപ്പുതറ കേന്ദ്രീകരിച്ചാണ് ഇവർ ക്യാംപ് ചെയ്യുന്നത്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കൂടുന്നതിന്റെ ഭാഗമായി സ്വീകരിച്ച സുരക്ഷാ നടപടികൾ അവലോകനം ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: പിണറായി സ്റ്റാലിൻ ചർച്ച ഡിസംബറിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാംപുകൾ സജ്ജീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കി.

മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുകൊണ്ടു തന്നെ ഡാം തുറക്കേണ്ടി വരുമെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നത് ഇടുക്കിയിലാണ്. അതുകൊണ്ടു പെരിയാറിന്റെ കരയിലുള്ളവരെല്ലാം വരും ദിവസങഅങളിൽ ജാഗ്രത പാലിക്കേണ്ടി വരും. ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാമും തുറക്കും. അത് എറണാകുളം ഇടുക്കി ജില്ലകളെ പ്രളയ ഭീതിയിലാക്കും. ഈ സാഹചര്യത്തിൽ എല്ലാ മുന്നൊരുക്കവും കേരളം എടുക്കുന്നുണ്ട്.

എല്ലാ ക്യാംപിലും ചാർജ് ഓഫിസർമാരുണ്ടാകും. ആരോഗ്യ സുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജീകരിച്ചു. കൺട്രോൾ റൂമുകൾ തുറന്നു. ക്യാംപിലേക്ക് മാറുന്നവരുടെ വീടുകളിൽ പൊലീസ് നൈറ്റ് പട്രോളിങ് ഏർപ്പെടുത്തും. വനം വകുപ്പിന്റെ 2 കൺട്രോൾ റൂം വണ്ടിപ്പെരിയാറിലും വള്ളക്കടവിലും പ്രവർത്തനം ആരംഭിച്ചു. സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും പ്രശ്‌നസാധ്യതാ പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ കെഎസ്ഇബി താൽക്കാലിക സംവിധാനം ഒരുക്കും. വൈദ്യുതി മുടങ്ങിയാലും വാർത്താവിനിമയ സംവിധാനം പ്രവർത്തിക്കുന്നതിന് ബിഎസ്എൻഎലും സംവിധാനം ഒരുക്കും.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.55 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാൽ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതിനാൽ ജലനിരപ്പ് കുറഞ്ഞില്ല. ജലനിരപ്പ് ഉയരുന്നതിനിടെ തിരുവനന്തപുരത്തും ഇടുക്കിയിലും ഇന്ന് പ്രധാന യോഗങ്ങൾ നടക്കും. കേരള -തമിഴ്‌നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും. 142 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ 138 അടിയിലേക്ക് അടുക്കുകയാണ്.

തമിഴ്‌നാട് കൊണ്ടു പോകുന്നതിനേക്കാളാണ് ഡാമിലേക്കുള്ള നീരൊഴുക്കിന്റെ തോത്. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തി. ഈ നില തുടർന്നാൽ വളരെ വേഗത്തിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും. അതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെടും.

ഇടുക്കി വണ്ടിപ്പെരിയാറിൽ കലക്ടറുടെ അധ്യക്ഷതയിൽ 11 അണ് യോഗം. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പൊലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.