മൈസൂർ: ഉദ്യാനനഗരി നവരാത്രി ദസ്‌റ ആഘോഷ നിറവിൽ ആണ്. വിവിധ ദേശക്കാരുടെ സംഗമഭൂമിയായ ബാംഗ്ലൂരിൽ ഒത്തൊരുമയുടെ ആഘോഷം നവരാത്രിയും, ദസ്‌റയാഘോഷവും ഒന്നിച്ചെത്തിയതിന്റെ ആരവത്തിലാണ്.കർണാടകത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാൻസൗധയുടെ മാതൃകയിൽ ഒരുലക്ഷം പുഷ്പങ്ങൾകൊണ്ട് മൈസൂരിൽ തീർത്ത മോഡൽ വിധാൻസൗധ ദസ്‌റാ ആഘോഷ്ത്തിൽ ശ്രദ്ധേയമാകുകയാണ്,

നഗരമധ്യത്തിലെ കുപ്പണ്ണ പാർക്കിലാണ് ഈ പുഷ്പ വിസ്മയ മൊരുക്കിയിരിക്കുന്നത്. മോഡൽ വിധാൻസൗധയും പുഷ്പമേളയും കാണാനായി നിരവധി പേരാണ് ദിവസവും കുപ്പണ്ണ പാർക്കിലെത്തുന്നത്. വിധാൻസൗധയ്‌ക്കൊപ്പം പുഷ്പങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിർമ്മിച്ച മറ്റ് മാതൃകാരൂപങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

30 അടിയോളം ഉയരമുള്ള ഇതിന് 13 ലക്ഷം രൂപയാണ് ചെലവായത്. പുഷ്പങ്ങളിൽ ഏറിയപങ്കും റോസാപുഷ്പങ്ങളാണെന്നതാണ് ഇതിന്റെ പ്രത്യേകത.നവരാത്രിയുടെ ഭാഗമായി ബാംഗ്ലൂരിലെ ബംഗാളി സമൂഹം ദൂർഗാപൂജയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ബംഗാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചിടങ്ങളിലാണ് ദുർഗാഷ്ടമി പന്തലൊരുക്കിയിരിക്കുന്നത്.

തമിഴ്, കന്നഡ ബ്രാഹ്മണ കുടുംബങ്ങൾ ബൊമക്കൊലു ഒരുക്കിയാണ് നവമി ആഘോഷത്തെ വരവേൽക്കുന്നത്. വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള ബൊമക്കൊലു വിൽപനയും സജീവമാണ്.മലയാളി ക്ഷേത്രങ്ങളിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.