പൂനൈ: വിദേശയാത്രയ്ക്കൊരുങ്ങുന്നവർക്ക് ആശ്വാസവാർത്തയുമായി കോവിൻ ആപ്പ്. രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച ആളുകളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതി ചേർക്കും. നിലവിൽ സർട്ടിഫിക്കറ്റിൽ ജനനവർഷമാണ് രേഖപ്പെടുത്തുന്നത്.കോവിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഇന്ത്യ യുകെയുമായി നടത്തിയ സാങ്കേതിക ചർച്ചയ്ക്ക് ശേഷമാണ് ഈ മാറ്റം.

പുതിയ ഫീച്ചർ വരുന്നതോടെ വിദേശയാത്രയ്ക്കൊരുങ്ങുന്നവർക്ക് പാസ്പോർ്ട്ടിൽ രേഖപ്പെടുത്തിയ ജനനതീയതി കോവിൻ സർട്ടിഫിക്കറ്റിലും ചേർക്കാനുള്ള സൗകര്യം ലഭിക്കും.ഇത് അടുത്ത ആഴ്ചയോടെ പ്രാബല്യത്തിൽ വരും.

വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന ആളുകളുടെ കൈവശം പേര്, ജനനതീയതി, സ്വീകരിച്ച് വാക്സിന്റെ പേര്,വാക്സിൻ നിർമ്മാതാവിന്റെ പേര്, വാക്സിൻ ഡോസുകൾ സ്വീകരിച്ച തീയതികൾ,വാക്സിൻ സ്വീകരിച്ച രാജ്യത്തിന്റെ പേര് തുടങ്ങിയവ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന് കർശന നിയമമുണ്ട്.യുകെ അടുത്തിടെ പുതുക്കിയ യാത്രനിയമങ്ങളിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കുന്നു.

അതിനിടെ ലോക ആരോഗ്യ സംഘടന അടുത്തിടെ അന്താരാഷ്ട്രയാത്രക്കാർക്കാർക്കായി പുറത്തിറക്കിയ യാത്രാമാനദണ്ഡത്തിലും ഡിഡി-എംഎം-വൈ വൈ ഫോർമാറ്റിൽ ജനനതീയതി രേഖപ്പടുത്തണമെന്ന് നിർദേശിച്ചിരുന്നു.

കോവിൻ ആപ്പ് വഴി ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതി പോലെ കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വിദേശയാത്രക്കൊരുങ്ങുന്നവർക്ക് ഏറെ സഹായകരമാകും.

നിലവിൽ കോവിൻ വഴി ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റിൽ ഉപഭോക്താവിന്റെ പേര്, വാക്സിൻ ഡോസുകൾ സ്വീകരിച്ച തീയതികൾ, വാക്സിന്റെ പേര് സ്വീകരിച്ച സെന്ററിന്റെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തുന്നുണ്ട്.